ADVERTISEMENT

ബഹിരാകാശ യാത്രയ്ക്കു റിച്ചഡ് ബ്രാൻസണിന്റെ വെർജിൻ ഗാലക്ടിക് കമ്പനിയുമായി കരാർ ഏർപ്പെട്ട് പരിശീലനം നടക്കുന്ന കാലഘട്ടത്തിലെല്ലാം വർഷത്തിൽ രണ്ടു തവണ അമേരിക്കയിൽ ഒത്തു ചേരുമായിരുന്നു. ഫ്യൂച്ചർ ആസ്ട്രോനോട്സ് എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ യാത്രക്കു പോകാൻ കരാർ ഒപ്പിട്ട ഏതാണ്ട് എല്ലാവരും തന്നെ പരിപാടിയിൽ പങ്കെടുക്കും. ഒരിക്കൽ കലിഫോർണിയയുടെ കിഴക്കൻ ഭാഗത്തുള്ള മൊഹാവി മരുഭൂമിയിലായിരുന്നു ക്യാംപ്. കടുത്ത തണുപ്പുകാലമാണ്. നാസ ശാസ്ത്രജ്ഞനായ ബർട്ട് റൂത്തന്റെ സ്കെയിൽഡ് കോംപസിറ്റ്സ് എന്ന കമ്പനിയും ചേർന്നാണ് ഈ ക്യാംപ് നടത്തുന്നത്. അമേരിക്കയിലെ പല സ്റ്റേറ്റിലെയും ഗവർണർമാർ ഉൾപ്പെടെ ഈ ക്യാംപിൽ പങ്കെടുക്കും.

ന്യൂമെക്സിക്കോ ഗവർണർ വിൽ റിച്ചാർഡ്സൺ, കലിഫോർണിയ ഗവർണർ അർനോൾഡ് ഷ്വാസ്നഗർ (നടൻ) എന്നിവരെല്ലാം എത്തിയിരുന്നു. അവരുമായി അത്താഴം കഴിക്കാനും സാധിച്ചു. ഈ ക്യാംപുകളിലെ വിരുന്നു സൽക്കാരം പുലർച്ചെ വരെ കാണും. പ്രസംഗങ്ങളും തമാശകളും ഒക്കെയായി അതു നീളും. മൊഹാവി മരുഭൂമിയിൽ ധാരാളം ഫാക്ടറികളും കണ്ടു. അവിടെയാണ് സ്പെയ്സ് ക്രാഫ്റ്റുകളുടെ പരിശീലന പറക്കൽ ഉൾപ്പെടെ നടത്തുന്നത്. അവിടെ സർക്കാർ എല്ലാറ്റിനും പ്രോത്സാഹനം നൽകുകയാണ്, ആദരിക്കുകയാണ്. ഇവിടെ ഒരു വ്യക്തി വിമാനം നിർമിക്കാൻ ശ്രമിച്ചാലോ റോക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചാലോ അവനെ ദേശദ്രോഹിയാക്കും. ഒരു ഡ്രോൺ അൽപം ഉയർത്തി പറത്തിയാൽ അകത്താകും. ചില കാര്യങ്ങളെല്ലാം സർക്കാർ തന്നെ ചെയ്യണമെന്നാണു നമ്മൾ കരുതുന്നത്. അതേസമയം പല കാര്യങ്ങളും സ്വകാര്യ സംരംഭകർക്കു നന്നായി ചെയ്യാൻ സാധിക്കും.

അമേരിക്കയിൽ നിയമങ്ങൾ സംരംഭകനെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതു കൊണ്ടാണ് അമേരിക്ക ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായത്. അത് അമേരിക്കൻ സർക്കാരിന്റെ സമ്പത്തല്ല. വ്യവസായികളുടെ സമ്പത്താണത്. ആപ്പിൾ കമ്പനി ഒരു മൊബൈൽ ഫോൺ ലോകത്തെവിടെ വിറ്റാലും അമേരിക്കൻ സർക്കാരിന് ഒരു വിഹിതം നികുതിയായി ചെല്ലും. കേരളത്തിൽ അമേരിക്കയെ എതിർക്കുന്നവർ പോലും ഐ ഫോൺ വാങ്ങിയാൽ അവർ അമേരിക്കയ്ക്കു സംഭാവന ചെയ്യുകയാണ് എന്നർഥം. അമേരിക്കയെ എതിർത്തോ ഉപരോധിച്ചോ ജീവിക്കാൻ പറ്റില്ല. ഇന്റർനെറ്റ്, ഗൂഗിൾ, യൂട്യൂബ്, അങ്ങനെ ജീവിതത്തെ ബാധിക്കുന്ന ഏതിനും അമേരിക്കയ്ക്കു പണം ചെല്ലും. നമ്മൾ വൈദ്യുതി ഉപയോഗിക്കുമ്പോൾ പോലും തോമസ് ആൽവ എഡിസണിന്റെ കമ്പനിക്ക് റോയൽറ്റി പോകുന്നുണ്ട്. അതിലൂടെ അമേരിക്കയ്ക്കു പണം ലഭിക്കുകയാണ്. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

അമേരിക്ക ലോക ശക്തിയായത് എങ്ങനെ എന്നു തിരിച്ചറിയണം. കേരളത്തിൽ സംരംഭകരെ ചൂഷകരായിട്ടാണ് കണ്ടിട്ടുള്ളത്. അവർ മനുഷ്യരെ, പ്രകൃതിയെ എല്ലാം ചൂഷണം ചെയ്യുന്നു എന്ന രീതിയിലാണ് കാണുന്നത്. ഈ രീതി മാറണം. വികസിത രാജ്യങ്ങളെല്ലാം സംരംഭകരെ ഉപയോഗിച്ച് വികസനം നടപ്പാക്കുകയാണ്. അവരെ ഉപയോഗിച്ച് സാധാരണക്കാരുടെ ജീവിതത്തെ മാറ്റുകയാണ്. കേരളത്തിൽ ഇനിയെങ്കിലും സംരംഭകരെ ആദരിച്ചു തുടങ്ങണം. നമ്മുടെ ലളിതകലാ അക്കാദമിയിലൂടെ എത്രയോ പേരെ ആദരിക്കുന്നു. ഒരിക്കലും കേട്ടിട്ടില്ലാത്തവർ വരെ ആദരം നേടുന്നു. എന്നാൽ കേരളത്തിൽ ആയിരം പേർക്കെങ്കിലും ജോലി കൊടുക്കുന്ന വ്യവസായിയെ ആദരിക്കുന്നുണ്ടോ?. എന്തു കൊണ്ട് ഇതുവരെ അതിനു സാധിച്ചിട്ടില്ല എന്നു ചിന്തിച്ചിട്ടുണ്ടോ. കേരളത്തിൽ ഒരു വർഷം എത്ര പേർക്ക് തൊഴിൽ കൊടുക്കുന്നു, എത്ര നികുതി കൊടുക്കുന്നു എന്നൊക്കെ മാനദണ്ഡമാക്കി ആദരിക്കാമല്ലോ. ചലച്ചിത്ര അവാർഡ് കൊടുക്കുന്നതു പോലെ ഗംഭീര വേദിയിൽ വേണം സംരംഭകരെയും ആദരിക്കേണ്ടത്.

ഇങ്ങനെയാണു സംരംഭകത്വം വളർത്തേണ്ടത്. ഇതു കാണുമ്പോൾ പൊതുജനത്തിന്റെയും മനോഭാവം മാറും. സംരംഭകത്വം കൊള്ളാവുന്ന പണിയാണെന്നു തോന്നും. മനുഷ്യന്റെ മനസ്സിൽ രാഷ്ട്രീയക്കാർ പറഞ്ഞു പരത്തിയ കുറെ കാര്യങ്ങളുണ്ട്. അതെല്ലാം മാറാൻ ഇതുപകരിക്കും. ലോകത്തിൽ വിജയിച്ച എല്ലാ രാജ്യങ്ങളുംംസെരംഭകരെ കൊണ്ടാണ് വിജയിച്ചത്. അല്ലാതെയുള്ള രാജ്യങ്ങൾ പൊട്ടിപ്പൊളിഞ്ഞു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയൻ തന്നെ ഉദാഹരണം. എങ്ങനെയാണു ചൈന മാറിയതെന്നു മനസ്സിലാക്കണം. കാന്റൻ ഫെയറിലേക്ക് പോയി നോക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംരംഭകരുമായി സംവദിക്കാൻ ചൈന അവിടത്തെ സംരംഭകർക്ക് അവസരം ഒരുക്കുകയാണ്. പതിനായിരക്കണക്കിന് സംരംഭകരാണു ചൈനയുടെ നട്ടെല്ല്. ചൈനീസെന്ന് പറഞ്ഞു നമ്മൾ മേടിക്കുന്നതെല്ലാം ചൈനയിലെ സ്വകാര്യ സംരംഭകരുടേതാണ്, സർക്കാരിന്റേതല്ല. കാന്റൺ ഫെയർ നടക്കുന്ന ഗോൺചോ പട്ടണം പല തവണ സന്ദർശിച്ചിട്ടുണ്ട്. ഒരിക്കൽ ബാഗിന്റെ കച്ചവടം തുടങ്ങാൻ പദ്ധതിയിട്ടു. ലേബർ ഇന്ത്യയ്ക്കൊപ്പം കുട്ടികൾക്കു ബാഗ് നൽകാനായിരുന്നു പദ്ധതി.

നാലു ദിവസം ഗോൺചോയിൽ പല ബാഗ് ഫാക്ടറികളിലും പോയി. ഫാക്ടറിയിലെ ഒരു ഭാഗത്ത് ബാഗുകൾ ഡിസ്പ്ലേ ചെയ്യുന്ന രീതി പോലും കാണേണ്ടതാണ്. എയർഹോസ്റ്റസിനെ പോലെ ഒരു സ്ത്രീ വന്നു എല്ലാം വിശദമാക്കി തരും. നമ്മുടെ ആവശ്യങ്ങളും വരുത്തേണ്ട മാറ്റങ്ങളും പറഞ്ഞു കൊടുക്കണം. രണ്ടു മൂന്നു ദിവസം അവിടെ താമസിക്കുന്നുണ്ടെങ്കിൽ നമ്മൾ പോരുമ്പോഴേക്കും നമ്മൾ ആവശ്യപ്പെട്ട മാറ്റങ്ങളെല്ലാം വരുത്തിയ ബാഗ് നമ്മളെ കാണിച്ചു തരും. അതു സമ്മതിച്ച് പണം ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ കണ്ടെയ്നറിൽ ബാഗ് നാട്ടിലെത്തും. സർക്കാരിന്റെ ചുമതലതയിൽ എല്ലാം വച്ചു കൊടുത്താൽ തകർച്ചയായിരിക്കും ഫലം. ക്യൂബ ഉൾപ്പെടെ നൽകുന്ന പാഠം അതാണ്. 

English Summary:

Sunday Special about journey of Santhosh George Kulangara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com