ADVERTISEMENT

ഫ്രഞ്ച് എഴുത്തുകാരൻ സോമർസെറ്റ് മോം കുമിഞ്ഞുകൂടുന്ന പ്രതിഫലം വാങ്ങാൻ ബാങ്കിൽ ചെന്നു. അന്ന് ഫ്രാൻസിലെ നിയമപ്രകാരം അത്രയും വലിയ തുക രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോവാനാവില്ല. എങ്ങനെയെങ്കിലും പണം അവിടെ ചെലവഴിക്കാമെന്നു കരുതി അവിടത്തെ ഏറ്റവും വലിയ നക്ഷത്രഹോട്ടലിൽ മാസങ്ങളോളം താമസം തുടങ്ങിയ മോം ഒടുവിൽ മുറിവാടക കൊടുക്കാൻ ചെന്നപ്പോൾ ഹോട്ടലുകാർ പറഞ്ഞു ‘മോം ഇവിടെ താമസിക്കുന്നത് ഹോട്ടലിനു വലിയ ബഹുമതിയാണെന്നും വാടക ഒരിക്കലും വാങ്ങരുതെന്നും ഉടമ പറഞ്ഞിട്ടുണ്ട്.’

ഒടുവിൽ ആ വൻതുക ബാങ്കിൽ ഉപേക്ഷിച്ച് മോമിനു മടങ്ങേണ്ടിവന്നു. മോം ഹോട്ടലിൽ നിന്നു മടങ്ങുകയായിരുന്നെങ്കിൽ കാലമേറെക്കഴിഞ്ഞ് ഒരു ദിവസം ആലപ്പുഴ പട്ടണത്തിലൂടെ പോവുന്ന സ്വകാര്യബസിൽ ഒരു കണ്ടക്ടർ ജോലി തുടങ്ങുകയായിരുന്നു. അയാൾ ആദ്യമായി ജോലിക്കെത്തിയ ദിവസം. ബസിൽ കയറിയ ഒരാളോട് കണ്ടക്ടർ ടിക്കറ്റെടുക്കാൻ പറ‍ഞ്ഞു. അദ്ദേഹം പൈസ കൊടുക്കാൻ തുടങ്ങിയതും ബസിലെ പതിവു യാത്രക്കാർ കണ്ടക്ടറോടു പറഞ്ഞു, അയ്യോ , അദ്ദേഹത്തോട് ആരും ടിക്കറ്റ് ചോദിക്കാറില്ല. അതൊന്നും തനിക്കറിയേണ്ടെന്നും പൈസ തരാതെ പറ്റില്ലെന്നും കണ്ടക്ടർ.

യാത്രക്കാരൻ ‘അതിനെന്താ കു‍ഞ്ഞേ, തരാമല്ലോ’ എന്നു പറഞ്ഞു പണം കൊടുത്തു. പിറ്റേന്നു രാവിലെ ബസ് ഉടമ പുതിയ കണ്ടക്ടറെ വിളിച്ചിപ്പിച്ചു.‘തകഴി ശിവശങ്കരപ്പിള്ളയെ കണ്ടാലറിയാത്തവന് എന്റെ ബസിൽ ജോലിയില്ല.’ പിന്നീട് ഇതറിഞ്ഞ തകഴി തന്റെ പേരിൽ ആരുടെയും ജോലി നഷ്ടമാവരുതെന്നു പറഞ്ഞ് ബസുടമയെക്കൊണ്ട് കണ്ടക്ടറെ ജോലിക്കു തിരിച്ചെടുപ്പിച്ചു എന്നാണു കഥ. തകഴി ആ ബസിൽ കയറുന്നത് ബസ് ഉടമ വലിയ അംഗീകാരമായെടുത്തു. ഇത് നടന്ന സംഭവമാണെങ്കിലും അല്ലെങ്കിലും ഒരെഴുത്തുകാരനെ നാട് എത്രത്തോളം ബഹുമാനിക്കുന്നു എന്നു മനസ്സിലാക്കാനാണ് ഇതു പറഞ്ഞത്.

തന്റെ നാടിന്റെ സ്പന്ദനങ്ങൾ നന്നായി തകഴി മനസ്സിലാക്കി. അതുകൊണ്ടാണു നാലുദിക്കിലേക്കും നോക്കിയപ്പോൾ അദ്ദേഹം കഥകൾ മാത്രം കണ്ടത്. തകഴി എന്ന ഗ്രാമത്തിന്റെ അൽപം കിഴക്കോട്ടു പോയാൽ രണ്ടിടങ്ങഴി, പടിഞ്ഞാറോട്ട് പോയാൽ ചെമ്മീൻ, തെക്കോട്ടു പോയാൽ ഏണിപ്പടികൾ, വടക്കോട്ട് പോയാൽ തോട്ടിയുടെ മകൻ എന്നു പറഞ്ഞാൽ തെറ്റില്ല. തകഴി നോക്കിയപ്പോൾ നാലു ചുറ്റിലും കഥകൾ. അമ്പലപ്പുഴ താലൂക്കിന്റെ ഇത്തിരി കിഴക്കുമാറിയാണു രണ്ടിടങ്ങഴിക്കു പശ്ചാത്തലമായ കുട്ടനാട്.

പടിഞ്ഞാറായുള്ള ആറാട്ടുപുഴ, നീർക്കുന്നം കടപ്പുറത്തെ കഥയാണു ചെമ്മീൻ, അഭിഭാഷകനാവാൻ തിരുവനന്തപുരത്ത് പഠിക്കുമ്പോഴും തിരുവനന്തപുരത്ത് കേസരി ബാലകൃഷ്ണപിള്ളയോടൊപ്പം സഹകരിച്ച നാളുകളിലും സെക്രട്ടേറിയറ്റിനെ രചനാഭൂമികയാക്കി എഴുതിയതാണ് ഏണിപ്പടികൾ, അമ്പലപ്പുഴയ്ക്ക് വടക്കാണ് തോട്ടിയുടെ മകന്റെ കഥ നടക്കുന്ന കിടങ്ങാംപറമ്പും മുല്ലയ്ക്കലും ഉൾപ്പെടുന്ന ആലപ്പുഴ പട്ടണം. അവിടത്തെ തോട്ടിത്തൊഴിലാളികളിൽ നിന്നാണ് അദ്ദേഹം ഇശുക്കുമുത്തുവിനെയും മകൻ ചുടലമുത്തുവിനെയും ചുടലമുത്തുവിന്റെ മകൻ മോഹനനെയും കണ്ടെടുത്തത്.

പാവങ്ങളും പാവങ്ങളുടെ വിശപ്പും തകഴിയുടെ കൃതികളിൽ എന്നും മുന്നിട്ടുനിന്നു. തകഴി എപ്പോഴും മണ്ണിനെക്കുറിച്ചും മണ്ണിലിറങ്ങി കഷ്ടപ്പെട്ടിട്ടും വയർ നിറയാനുള്ളത് കിട്ടാത്തവരെക്കുറിച്ചും ചിന്തിച്ചു. കുട്ടനാട് കേരളത്തിന്റെ നെല്ലറ എന്നു കുട്ടികൾ പഠിച്ചു വയ്ക്കുമ്പോൾ തകഴി ചിന്തിച്ചത് അവിടെ നെല്ലില്ലാത്ത അറകൾ എവിടെയെല്ലാമാണുള്ളത് എന്നാണ്. ജന്മമിമാർ ഉണ്ണുമ്പോൾ കർഷകത്തൊഴിലാളിക്ക് മുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന നെന്മണി പോലും എടുക്കാൻ അവകാശമില്ലാത്തതിന്റെ നേർചിത്രമാണ് ‘രണ്ടിടങ്ങഴി’.

മുണ്ടിൽ പറ്റിപ്പിടിച്ച നെല്ല് താഴെയിടാൻ ജന്മി പറയുമ്പോൾ നെഞ്ച് താഴെയിടാൻ പറയുന്നതുപോലെയാണ് അവർക്കു തോന്നിയത്. തകഴിയുടെ കർഷക കഥാപാത്രങ്ങൾ നെഞ്ചൂക്ക് കൊണ്ടല്ല നെല്ലൂക്ക് കൊണ്ടാണ് ശക്തി തെളിയിക്കുന്നത് എന്ന് രണ്ടിടങ്ങഴിയിലെത്തുമ്പോൾ നാം കാണുന്നു. ഉയരങ്ങളിലേക്കു പോകുന്തോറും തകഴി മണ്ണിനോടു കൂടുതലടുത്തു. മണ്ണിനോടുള്ള മമത കൊണ്ടാണ് നെഹ്റുവിൽ നിന്നു കൈപ്പറ്റിയ, ചെമ്മീനിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് തുക കൊണ്ട് തകഴി കൊല്ലത്തടിപ്പാടത്ത് അറുപത് പറ നിലം വാങ്ങിയത്.

room-of-thakashy-sivasankara-pillai
തകഴിയുടെ കട്ടിൽ ,ടൈപ്പ് റൈറ്റർ, ഊന്നുവടി, അദ്ദേഹത്തിനു കിട്ടിയ പുരസ്കാരങ്ങൾ എന്നിവ തകഴി സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്നു ചിത്രം:വിഘ്നേഷ് കൃഷ്ണമൂർത്തി/മനോരമ

തകഴിയുടെ ചെമ്മീനിനു വിത്തു പാതിയ ആറാട്ടുപുഴയുടെയും തൃക്കുന്നപ്പുഴയുടെയും സമീപ പ്രദേശങ്ങളിൽ ഇന്നു ഖനനം നടക്കുന്നുണ്ട്. എന്നാൽ അതിലും വലിയ ഖനനം അവിടെ എത്രയോ മുൻപേ തകഴി നടത്തി. മനുഷ്യജീവിതത്തിന്റെ ചുഴിമലരികളിൽ തകഴി ഖനനം ചെയ്തു. അതാണ് ചെമ്മീനായത്. തകഴിയുടെ ശങ്കരമംഗലം തറവാട് ഇന്ന് തകഴി സ്മാരകമാണ്. അവിടെ അദ്ദേഹത്തിന്റെ കട്ടിൽ, ടൈപ്പ് റൈറ്റർ, കണ്ണട, പാസ്പോർട്ട്, ഊന്നുവടി, മുണ്ട്, ഷർട്ട് എന്നിങ്ങനെ പലതിനുമൊപ്പം വെറ്റിലച്ചെല്ലവും സൂക്ഷിച്ചിരിക്കുന്നതു കണ്ടു. അപ്പോൾ ഓർത്തുപോയത് ആ ചിരിയാണ് .

പിന്നെ ആ ചിരിയെക്കുറിച്ച് കെ.പി.അപ്പൻ എഴുതിയത് ഓർത്തു, തകഴിച്ചേട്ടന്റെ താംബൂലാർദ്രമായ ചിരി എന്ന്. പിന്നെ തകഴിയുടെയും കാത്തയുടെയും ചിത്രങ്ങൾ, തകഴിക്ക് കിട്ടിയ ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ തുടങ്ങിയവ അവിടെ സൂക്ഷിച്ചിരിക്കുന്നു. അവിടെ തകഴിയുടെ സ്മൃതിമണ്ഡപത്തിന് സമീപം തന്നെ കാത്തയും അന്ത്യവിശ്രമം കൊള്ളുന്നു.

അച്ഛന്റെ കല്ലുവച്ച കടുക്കൻ തകഴി ചെപ്പിലിട്ടു സൂക്ഷിച്ചിരുന്നു. തകഴി ഉപയോഗിച്ച ഓരോന്നും ശങ്കരമംഗലത്തെ തകഴി സ്മാരകത്തിൽ ചെപ്പിലിട്ടെന്നതുപോലെ സൂക്ഷിക്കുന്നു. തകഴിയെക്കുറിച്ചുളള ഓർമകൾക്കൊപ്പം അദ്ദേഹം നമുക്കു തന്നിട്ടുപോയ പുസ്തകങ്ങളും മലയാളികൾ മനസ്സിന്റെ ചെപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്നു. 

English Summary:

Sunday Special about Thakazhi Sivasankara Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com