ADVERTISEMENT

രാഷ്ട്രീയത്തിൽ വമിപ്പിച്ച ഉഷ്ണം അരങ്ങിൽ ഇളവെയിലായി നേർപ്പിച്ച കലയാണു തോപ്പിൽ ഭാസിയുടെ ജീവിതം. വള്ളികുന്നത്ത് ഉദിച്ചസ്തമിച്ചെങ്കിലും നാടാകെ ആ ചൂടും വെളിച്ചവും ബാക്കി നിൽക്കുന്നു. അദ്ദേഹത്തിനു നാളെ ജന്മശതാബ്ദിയാണ്. പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടിയുടെയും മകനായി 1924 ഏപ്രിൽ 8നു ജനിച്ച തോപ്പിൽ ഭാസി സംസ്കൃതവും ആയുർവേദവും മിടുക്കനായി പഠിച്ച ശേഷമാണു നാടിന്റെ പ്രശ്നങ്ങൾക്കുമേൽ വൈദ്യം തുടങ്ങിയത്. വിപ്ലവമായിരുന്നു ചികിത്സാവിധി.

തിരുവനന്തപുരം ആയുർവേദ കോളജിൽ‍ പഠിക്കുമ്പോൾ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരടിച്ചു. പരീക്ഷയ്ക്കു പഠിക്കുന്നതിലും ആ മിടുക്കുണ്ടായിരുന്നു. ഒന്നാമനായാണു വൈദ്യകലാനിധി ബിരുദം നേടിയത്. കോൺഗ്രസിലാണു രാഷ്ട്രീയം തുടങ്ങിയതെങ്കിലും കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചും പുന്നപ്ര – വയലാർ സമരത്തിൽനിന്ന് ആവേശംകൊണ്ടും കമ്യൂണിസ്റ്റായി. 1949 ഡിസംബർ 31നു മൂന്നിനു പൊലീസുകാർ ഉൾപ്പെടെ കൊല്ലപ്പെട്ട ശൂരനാട് സംഭവത്തിൽ‍ പ്രതിയായി ഭാസി ഒളിവിൽ പോയി. പുതുപ്പള്ളി രാഘവൻ, ശങ്കരനാരായണൻ തമ്പി തുടങ്ങി 26 കമ്യൂണിസ്റ്റ് പ്രവർത്തകർ കൂട്ടുപ്രതികൾ.

ആ അനുഭവങ്ങളിൽനിന്ന് ആദ്യമെഴുതിയത് ‘വെളിച്ചത്തിലേക്ക്’ എന്ന കഥയാണ്. സോമൻ എന്നു തൂലികാനാമം. ഓർമകൾ കുറെക്കൂടി ചുട്ടുപഴുത്തപ്പോൾ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകമുണ്ടായി. എഴുതിയതു ‘സോമൻ’ തന്നെ. അതിനു മുൻപു മുന്നേറ്റം എന്ന ഏകാങ്കനാടകം എഴുതിയിട്ടുണ്ട്. ഭാസിക്കും പരസ്പരം അളിയൻ എന്നു വിളിച്ച കാമ്പിശേരി കരുണാകരനും കുട്ടിക്കാലത്തേ നാടകമുണ്ടായിരുന്നു. വള്ളികുന്നത്തെ ആളൊഴിഞ്ഞ വീട് വേദിയാക്കി രാമായണം നാടകം കളിച്ച കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. രചന: ഭാസി, സംവിധാനം കാമ്പിശേരി.

കെപിഎസിക്കു രൂപം കൊടുക്കാൻ ഭാസിയുമുണ്ടായിരുന്നു. പിന്നെ നാടകമെഴുത്തെല്ലാം കെപിഎസിക്കു വേണ്ടിയായി. സർവേക്കല്ല്, മുടിയനായ പുത്രൻ, മൂലധനം, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം, കയ്യും തലയും പുറത്തിടരുത്, സൂക്ഷിക്കുക ഇടതുവശം ചേർന്നു പോകുക തുടങ്ങി ഉറക്കമിളയ്ക്കുന്ന കേരളത്തിനായി ഭാസി അരങ്ങുകൾ പലതൊരുക്കി. ദേശീയ പുരസ്കാരം വരെ നേടിയ അശ്വമേധത്തിന്റെ കഥയും ഭാസി നേരിട്ടറിഞ്ഞ ജീവിതങ്ങളിൽനിന്നാണ്. കുഷ്ഠരോഗം ബാധിച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനു നൂറനാട്ടെ ലെപ്രസി സാനറ്റോറിയത്തിൽ സഹായിയായി നിന്നപ്പോൾ കണ്ട കാഴ്ചകൾ.

വായനയിലും അരങ്ങിലും ആഘോഷിക്കപ്പെട്ട ‘ഒളിവിലെ ഓർമകൾ’ എന്ന ആത്മകഥയിൽ വെറും 5 വർഷത്തെ ജീവിതമേയുള്ളൂ. അതും യൗവനകാലത്തേത്. എന്നിട്ടും അതെങ്ങനെ ലക്ഷണമൊത്ത ആത്മകഥയായി ഇത്രയേറെ വായിക്കപ്പെട്ടു എന്നതു വിസ്മയമാണ്. 1948 മുതൽ 1952 വരെയുള്ള ഓർമകളാണ് ആ പുസ്തകം. ഭാസിയുടെ 24 വയസ്സു മുതൽ 29 വയസ്സു വരെയുള്ള കാലം. എഴുതിയതു 34ാം വയസ്സിൽ. ഇത്രയും ചെറുപ്പമായ ആത്മകഥ മലയാളത്തിൽ അതിനു മുൻപുണ്ടോ എന്നു സംശയം. രണ്ടാം ഭാഗം, ‘ഒളിവിലെ ഓർമകൾക്കു ശേഷം’ എഴുതിയത് 65ാം വയസ്സിൽ. ആത്മകഥ നാടകമായതും അപൂർവതയാണ്.

ചുറ്റുമുള്ള പാവങ്ങൾക്കായുള്ള പോരാട്ടമാണു ഭാസിയെ ഒളിപ്പോരാളിയാക്കിയത്. പുസ്തകത്തിന്റെ സമർപ്പണം അവർക്കു കൂടിയാണ്: ‘തിരുവഞ്ചൻ പുലയൻ, എന്റെ അച്ഛൻ, മങ്ങാടൻ എന്ന കടത്തുവള്ളക്കാരൻ, എണ്ണയ്ക്കാട്ടു കൊട്ടാരത്തിലെ രാമവർമ വലിയരാജ, കളയ്ക്കാട്ടുതറ മൂപ്പിൽ, എന്റെ അമ്മ, ഗോപാലൻ അപ്പു, ഞാൻ വിവാഹം കഴിക്കേണ്ടിയിരുന്ന പെണ്ണ്, എന്നെ സ്നേഹിച്ച പെണ്ണ്, എന്റെ പെണ്ണ്.’നാടകത്തിൽനിന്നു സിനിമയുടെ കൂടുതൽ വിശാലമായ അരങ്ങിലെത്തിയപ്പോഴും ഭാസി പുതുതായി. സ്വന്തം നാടകങ്ങൾ മിക്കതും സിനിമയാക്കിയപ്പോഴും നാടകമല്ല സിനിമയെന്നു കണ്ടു പൊളിച്ചെഴുതി. അപ്പോഴും കാര്യം നേരേ പറയുകയെന്ന സങ്കേതത്തിൽ തന്നെ തമ്പടിച്ചു.

ഭാസിയുടെ ഏകാങ്കങ്ങൾ, പ്രേമവും ത്യാഗവും (ചെറുകഥ) എന്നിവയാണു മറ്റു പ്രധാന കൃതികൾ. പ്രമേഹമൂർഛയിൽ കാൽ മുറിച്ചെങ്കിലും നാടകമെഴുത്തിൽനിന്നു കയ്യെടുത്തില്ല ആ പ്രതിഭ. 1992 ഡിസംബർ 8നു ജീവിതത്തിൽനിന്നു ഭരതവാക്യം ചൊല്ലിപ്പിരിഞ്ഞു. തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദി വർഷം കെപിഎസിയുടെ പ്ലാറ്റിനം ജൂബിലിയുമാണ്. രണ്ടും ഒന്നിച്ചു കെപിഎസി ആഘോഷിക്കുന്നുണ്ട്. ‘ഒളിവിലെ ഓർമകൾ’ വീണ്ടും അരങ്ങേറ്റാനുള്ള റിഹേഴ്സൽ നടക്കുന്നുണ്ട്. മേയിൽ അതു തട്ടിൽ കയറും. 

English Summary:

Sunday Special about Thoppil Bhasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com