ADVERTISEMENT

മൂന്നു ദുരന്തങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരേയൊരു വനിതയേ ഉണ്ടാവൂ: ടൈറ്റാനിക്‌ കപ്പലപകടത്തിൽനിന്നും (1912) അതിനുമുമ്പ്‌ ഒളിംപിക്‌ കപ്പൽച്ചേതത്തിൽനിന്നും (1911) ഏറ്റവുമൊടുവിൽ ബ്രിട്ടാനിക്‌ കപ്പൽ ദുരന്തത്തിൽനിന്നും (1916) രക്ഷപ്പെട്ട വയലറ്റ്‌ ജെസപ്. മുഴുവൻ പേര് വയലറ്റ്‌ കോൺസ്റ്റൻസ്‌ ജെസപ്.

കപ്പൽ ദുരന്തമെന്നു കേട്ടാൽ ആദ്യം ഓർമയിലെത്തുന്ന പേരാണ്‌ ടൈറ്റാനിക്‌. കന്നിയാത്രയിൽത്തന്നെ മുങ്ങിപ്പോയ ഈ ആഡംബരക്കപ്പലിനോടൊപ്പം 1503 യാത്രക്കാരും ഓർമയിലായി. ആകെ 2,224 യാത്രക്കാരും കപ്പൽജോലിക്കാരുമുണ്ടായിരുന്ന ടൈറ്റാനിക്, അന്നുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ആഡംബരയാത്രക്കപ്പലായിരുന്നു. അതിലൊരു ജോലിക്കാരിയായി 1912 ഏപ്രിൽ 10 ന്‌, ഇരുപത്തിനാലുവയസ്സുള്ള വയലറ്റ്‌ ജെസപ് പ്രവേശിച്ചു. നാലു ദിവസം കഴിഞ്ഞപ്പോഴാണ്‌ ലോകത്തെ നടുക്കിയ ആ ദുരന്തമുണ്ടായത്‌- മഞ്ഞുമലയുമായി കൂട്ടിയിടിച്ച്‌ ആ ഭീമൻ കപ്പൽ തകർന്നു.

കൂട്ടിയിടി കഴിഞ്ഞ്‌ രണ്ടു മണിക്കൂറും നാൽപതു മിനിറ്റും പിന്നിട്ടപ്പോൾ. കപ്പൽ അറ്റ്ലാന്റിക്‌ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയി. ഇംഗ്ലിഷ്‌ അറിയാത്ത യാത്രക്കാരെ സഹായിക്കാൻ, അവർക്കാവശ്യമായ നിർദേശങ്ങൾ നൽകാൻ ജെസപ്പിനെയാണ്‌ അധികൃതർ നിയോഗിച്ചിരുന്നത്‌. രക്ഷാബോട്ടുകൾ ഇറക്കുന്നത്‌ അവർ നോക്കി നിന്നു. പതിനാറാം നമ്പർ ബോട്ടിലേക്കു കയറാനുള്ള നിർദേശം അവർക്കു കിട്ടി. ആ ബോട്ട് മെല്ലെ കടലിലേക്കിറക്കിയപ്പോൾ.

ടൈറ്റാനിക്കിലെ ഒരു ഉദ്യോഗസ്ഥൻ, ഒരു കുഞ്ഞിനെ വയലറ്റ്‌ ജെസപ്പിന്റെ കൈയിലേൽപിച്ചു; ഒരു നിധിപോലെ. ആ പിഞ്ചുകുഞ്ഞിനെ മാറോടു ചേർത്ത ജെസപ്‌, രക്ഷാദൗത്യമായി കാർപാത്യയെന്ന കപ്പൽ വന്നപ്പോൾ അതിൽ കയറി; ഒപ്പം, രക്ഷപ്പെട്ട മറ്റു യാത്രക്കാരും. ഏപ്രിൽ 19 ന്‌ കാർപാത്യ ന്യൂയോർക്ക്‌ തുറമുഖമണഞ്ഞു. കാർപാത്യയിൽ വച്ച്‌ ഒരു സ്ത്രീ പരിഭ്രാന്തയായി വയലറ്റിന്റെയടുക്കലേക്കു വന്ന്‌ ഒരു വാക്കും പറയാതെ, ആ കുഞ്ഞിനെയും വലിച്ചെടുത്ത്‌ കരഞ്ഞുകൊണ്ട്‌ ഓടിയകന്നു.

കുഞ്ഞിന്റെ അമ്മയാകാമതെന്ന്‌ വയലറ്റ്‌ ജെസപ്‌ കരുതുന്നു. ന്യൂയോർക്കിലെത്തിയ വയലറ്റ്‌ പിന്നീടു സതാംപ്ടണിലേക്കുതന്നെ മടങ്ങി. ജെസപ്‌ അതിജീവിച്ച രണ്ടാമത്തെ ദുരന്തമായിരുന്നു ടൈറ്റാനിക്‌. വയലറ്റ്‌ ജെസപ്‌ ആദ്യം രക്ഷപ്പെട്ടത്‌ ആർഎംഎസ് ഒളിംപിക്‌ എന്ന യാത്രക്കപ്പലിന്റെ തകർച്ചയിൽനിന്നാണ്. ടൈറ്റാനിക് കപ്പലിന്റെ ഉടമസ്ഥരായ വൈറ്റ് സ്റ്റാർ ലൈനർ തന്നെയായിരുന്നു ഒളിംപിക്കിന്റെയും ഉടമകൾ.

വയലറ്റ്‌ ജെസപ്‌, ഒളിംപിക്കിൽ ജോലിക്കു കയറിയത് 1911, സെപ്റ്റംബർ 20 നാണ്. അന്നത്തെ ഏറ്റവും ആഡംബരപൂർണമായ കപ്പലായിരുന്നു ഒളിംപിക്‌. സതാംപ്ടണിൽനിന്ന്‌ ന്യൂയോർക്കിലേക്കായിരുന്നു ഒളിംപിക്കിന്റെയും കന്നിയാത്ര, ടൈറ്റാനിക്കിനെപ്പോലെ. കപ്പിത്താനാകട്ടെ, എഡ്വേഡ്‌ ജെ. സ്മിത്ത്‌- പിൽക്കാലത്ത്‌ ടൈറ്റാനിക്കിന്റെ ക്യാപ്റ്റനായി വന്നയാൾതന്നെ! സതാംപ്ടൺ വിട്ട ഒളിംപിക്‌, തെക്കേ ഇംഗ്ലണ്ടിന്റെ ഭാഗമായ വൈറ്റ്‌ ദ്വീപിനു (Isle of Wight) സമീപത്തുവച്ച്‌ എച്ച്എംഎസ് ഹോക് എന്ന കപ്പലുമായി കൂട്ടിയിടിച്ചു.

രണ്ടു കപ്പലുകൾക്കും സാരമായ തകരാറുകളുണ്ടായെങ്കിലും, മുങ്ങിപ്പോകാതെ തുറമുഖത്തേക്കു മടങ്ങാൻ ഒളിംപിക്കിനു കഴിഞ്ഞു. ജീവിതത്തിലാദ്യമായുണ്ടായ ഈ കപ്പലപകടത്തെപ്പറ്റി യാതൊന്നും തന്നെ പറയാതിരിക്കാൻ പിൽക്കാലം വയലറ്റ്‌ ജെസപ്‌ ശ്രദ്ധ ചെലുത്തിയിരുന്നു. തകരാറുകൾ പരിഹരിച്ച്‌ വീണ്ടും നീറ്റിലിറക്കിയ ഒളിംപിക്കിൽ 1912 ഏപ്രിൽവരെ ജെസപ് ജോലിയിൽ തുടരുകയും ചെയ്തു. ടൈറ്റാനിക്കിലേക്കുള്ള മാറ്റം അതേ വർഷം, അതേ മാസത്തിലായിരുന്നു. ഏറ്റവും വലിയ ഒരു കൂട്ടമുങ്ങിമരണത്തിനു സാക്ഷ്യം വഹിക്കാനുള്ള നിയോഗംപോലെ!

വയലറ്റ്‌ ജെസപ്പിന്റെ തൊഴിൽജീവിതത്തിലെ ഒടുവിലത്തേത്‌ ബ്രിട്ടാനിക്‌ കപ്പൽച്ചേതമായിരുന്നു. ബ്രിട്ടിഷ്‌ റെഡ്ക്രോസിൽ നഴ്‌സായി ഒന്നാം ലോകയുദ്ധ സമയത്തു ജോലി ചെയ്യുകയായിരുന്നു അവർ. ഒളിംപിക്‌, ടൈറ്റാനിക്‌ എന്നീ കപ്പലുകളുടെ സഹോദരയാനമായ ബ്രിട്ടാനിക്കിൽ ജെസപ് ഉണ്ടായിരുന്നു. ബ്രിട്ടാനിക്കിനെ യുദ്ധാവശ്യത്തിനുള്ള ഒരു ആശുപ്രതിയാക്കി അന്നു മാറ്റിയിരുന്നു. 1916 നവംബർ 21ന് ഈജിയൻ കടലിൽവച്ച്‌ ഒരു ജർമൻ മൈൻ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന്‌ ബ്രിട്ടാനിക്‌ മുങ്ങി. 1066 പേരിൽ 30 പേർ ആ അപകടത്തിൽ മരിച്ചു. അവിടെയും വയലറ്റ്‌ ജെസപ്‌ ജീവനോടെയുണ്ടായിരുന്നു.

എന്നാൽ, ബ്രിട്ടാനിക്‌ മുങ്ങിക്കൊണ്ടിരിക്കവേ, വയലറ്റിന്‌ ഒരാപത്തു പിണഞ്ഞു. വയലറ്റും മറ്റുള്ളവരും രക്ഷപ്പെടാൻ കയറിയ ബോട്ടുകൾ മുങ്ങിക്കൊണ്ടിരുന്ന ബ്രിട്ടാനിക്കിന്റെ പ്രൊപ്പലറുകളുമായി കൂട്ടിമുട്ടി. ബോട്ടുകളെ കീറിമുറിച്ചു കൊണ്ടാണ്‌ അവ പോയത്‌. ലൈഫ്‌ ബോട്ടിൽനിന്ന്‌ ജെസപ്പിനു ചാടേണ്ടിവന്നു. തലയ്ക്കു കാര്യമായ ക്ഷതമേറ്റെങ്കിലും, അവർ രക്ഷപ്പെട്ടു.

ഒളിംപിക്കിനെക്കുറിച്ചു മൗനമവലംബിച്ച വയലറ്റ്‌ ജെസപ്്‌, ബ്രിട്ടാനിക്‌ മുങ്ങുന്നതിനെപ്പറ്റി ഓർക്കുന്നത്‌ ഇങ്ങനെയാണ്‌. “സമുദ്രത്തിലെ മെഡിക്കൽ ലോകത്തിന്റെ വെളുത്ത അഭിമാനം, അവളുടെ ശിരസ്‌ അൽപമൊന്നു മുക്കി, പിന്നെ അൽപാൽപമായി താഴേക്ക്‌, പിന്നെയും താഴേക്ക്‌. ഡെക്കിലുള്ള യന്ത്രസാമ്രഗികളെല്ലാം കളിപ്പാട്ടങ്ങൾപ്പോലെ കടലിലേക്കു പതിച്ചു. പിന്നെ അവൾ ഭയങ്കരമായി ഊളിയിട്ടു. അവളുടെ അമരം നൂറുകണക്കിന്‌ അടി ആകാശത്തേക്കുയർന്നിട്ട്‌ ഒടുവിൽ ഒരിരമ്പലോടെ ആഴങ്ങളിലേക്ക്‌ അപ്രത്യക്ഷമായി. ടൈറ്റാനിക്കിൽനിന്നു രക്ഷപ്പെട്ട ആർതർ ജോൺ പീസ്റ്റ്‌, ആർച്ചി ജൂവൽ എന്നിവരും ബ്രിട്ടാനിക്‌ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരിൽ ഉണ്ടായിരുന്നുവെന്നതു മറ്റൊരു കൗതുകം.

മൂന്നു കപ്പൽച്ചേതങ്ങളിൽനിന്ന്‌ അത്ഭുതകരമായി രക്ഷപെട്ട വയലറ്റ്‌ കോൺസ്റ്റൻസ്‌ ജെസപ്‌, ഐറിഷ്‌ പൈതൃകമുള്ള അർജന്റീനിയൻ വനിതയായിരുന്നു. മാതാപിതാക്കൾ അയർലൻഡിൽനിന്ന്‌ അർജന്റീനയിലേക്കു കുടിയേറിയവരായിരുന്നു. മുന്ന്‌ അപകടങ്ങളും ഒരേ കമ്പനിയുടെ കപ്പലുകളിലാണു നടന്നതെന്നതു മറ്റൊരു വൈചിത്ര്യം. എന്നിട്ടും, വൈറ്റ്‌ സ്റ്റാർ ലൈനർ എന്ന ആ കമ്പനിയിൽത്തന്നെ അവർ ജോലിയിൽ തുടർന്നു. രാശിയില്ലാത്തതാണെന്നു കണ്ട്‌ വേറെ കമ്പനിയിൽ ചേർന്നില്ല. എന്നാൽ, പിന്നീട്‌ അവർ റെഡ്‌ സ്റ്റാർ ലൈൻ, റോയൽ മെയിൽ എന്നീ സ്ഥാപനങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു.

റെഡ്‌ സ്റ്റാർ കമ്പനിയുടെ ബെൽഗെൻലാൻഡ്‌ എന്ന ഏറ്റവും വലിയ കപ്പലിൽ രണ്ടു തവണ ലോകംചുറ്റി. സഹപ്രവർത്തകനായ ജോൺ ജയിംസ്‌ ലൂയിസിനെ വിവാഹം ചെയ്തു; ഒരു വർഷമേ ആ ദാമ്പത്യ ജീവിതം നീണ്ടുനിന്നുള്ളു. 1952ൽ, ഉദ്യോഗത്തിൽനിന്നു വിരമിച്ച വയലറ്റ്‌ ജെസപ്പിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം ഇനിയാണുണ്ടാകുന്നത്‌. റിട്ടയർമെന്റിനുശേഷം വർഷങ്ങൾ കഴിഞ്ഞു. വയലറ്റിന്‌ ഒരു ഫോൺ കോൾ, കാറ്റും പിശറും നിറഞ്ഞ രാത്രിയിൽ. അങ്ങേവശത്തുനിന്ന്‌ ഒരു സ്രതീശബ്ദം: “ടൈറ്റാനിക്‌ മുങ്ങിയ രാത്രിയിൽ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നില്ലേ?” “അതേ” - വയലറ്റ്‌ മറുപടി നൽകി. ആ ശബ്ദം വീണ്ടും: “ഞാനായിരുന്നു ആ കുഞ്ഞ്‌”. ചിരിച്ചു കൊണ്ട്‌ അവർ ഫോൺ വച്ചു.

ടൈറ്റാനിക്‌ അപകടത്തിന്റെ രേഖകൾ ചൂണ്ടിക്കാട്ടുന്നത്‌ 16 ാം നമ്പർ രക്ഷാബോട്ടിലെ ഒരേയൊരു കുഞ്ഞ്‌ അസദ് തോമസ്‌ ആയിരുന്നു എന്നാണ്‌. ആ കുഞ്ഞിനെ അഡ്വിനാ ട്രൗറ്റ് എന്ന സ്രതീക്കു കൈമാറി; പിന്നീട്‌ കാർപാത്യയിൽവച്ച്‌ അമ്മയോടൊപ്പം ചേർന്ന അസദ്‌ തോമസ്‌, 1931 ജൂൺ 12ന്‌ മരണമടയുകയായിരുന്നു. 1971 ൽ, എൺപത്തിമുന്നാമത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം വയലറ്റ്‌ ജെസപ്‌ മരിക്കുന്നതുവരെ, ആ ഫോൺ വിളിച്ച വ‍്യക്തി ആരാണെന്നറിഞ്ഞിട്ടില്ല!

English Summary:

Sunday Special about miraculous story of Violet Jessop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com