ADVERTISEMENT

1924ൽ പാരിസിൽ ആധുനിക ഒളിംപിക്സിന്റെ എട്ടാം പതിപ്പിൽ ഒരു മലയാളിയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. കണ്ണൂർ പയ്യാമ്പലം തോട്ടത്തിൽ ചെറുവാരി കൊറ്റ്യത്ത് ലക്ഷ്‌മണൻ എന്ന ഡോ.സി.കെ.ലക്ഷ്മണൻ ബ്രിട്ടിഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് മൽസരത്തിനിറങ്ങിയത് 110 മീ. ഹർഡിൽസിലാണ്. ജൂലൈ 8ന് പാരിസിലെ സ്താദ് ഒളിംപിക് വിസ് ദു മനോർ എന്ന കൊളംബസ് സ്റ്റേഡിയത്തിൽ അരങ്ങേറിയ 110 മീറ്റർ ഹർഡിൽസിന്റെ അഞ്ചാം ഹീറ്റ്സിലാണു ലക്ഷ്മണൻ ട്രാക്കിലിറങ്ങിയത്.

അഞ്ചു പേർ പങ്കെടുത്ത ഹീറ്റ്സിൽ അവസാന സ്ഥാനത്താണു ലക്ഷ്മണൻ ഫിനിഷ് ചെയ്തതെങ്കിലും കായിക കേരളം അന്നു ലോക കായിക ചരിത്രത്തിൽ മുദ്ര ചാർത്തി; ഒളിംപിക് ഭൂമിയിൽ മലയാളിയുടെ ആദ്യ സ്പർശം. ഒന്നാമനുമായി വെറും ഒരു സെക്കൻഡിന്റെ സമയ വ്യത്യാസം മാത്രം. 15.4 സെക്കൻഡിലാണ് യുഎസിന്റെ ഡാനിയൽ കിൻസെ ഒന്നാമതെത്തിയതെങ്കിൽ ലക്ഷ്മണൻ 16.4 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി. ‘പറക്കും ഫിൻ’ പാവോ നുർമിയും നീന്തൽ ഇതിഹാസം ജോണി വിസ്മുള്ളറുമൊക്കെ അരങ്ങുവാണ അതേ മേളയിലായിരുന്നു മലയാളിയുടെയും അരങ്ങേറ്റം.

ലക്ഷ്മണൻ ഒളിംപ്യനായ കഥ

1896ലാണ് ആധുനിക ഒളിംപിക്സിന്റെ തുടക്കം. ഗ്രീസിലെ ആതൻസ് പ്രഥമ ഒളിംപിക്സിനു വേദിയൊരുക്കി. ഇന്ത്യൻ പ്രാതിനിധ്യം ആദ്യമായി ഒളിംപിക് മണ്ണിൽ പതിഞ്ഞത് തൊട്ടടുത്ത പാരിസ് മേളയിൽ (1900). അന്ന് ബ്രിട്ടിഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസിലെത്തിയ കൊൽക്കത്തക്കാരൻ നോർമൻ പ്രിച്ചഡ് േനടിയത് രണ്ടു വെള്ളി മെഡലുകൾ. (200 മീറ്റർ, 200 മീറ്റർ ഹർഡിൽസ്).

1908 ഒളിംപിക്സ് മുതലാണു കായികതാരങ്ങൾ അവരവരുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സംവിധാനത്തിനു തുടക്കമായത്. അതുവരെ വ്യക്‌തികൾക്കോ സംഘടനകൾക്കോ സ്വന്തം നിലയ്ക്ക് ഒളിംപിക്‌സ് മൽസരങ്ങളിൽ പങ്കെടുക്കാമായിരുന്നു.

ഇന്ത്യയുടെ ഒളിംപിക് പങ്കാളിത്തത്തിനു രാജ്യം കടപ്പെട്ടിരിക്കുന്നത് ദൊറാബ്‌ജി ജെ. ടാറ്റ എന്ന വ്യവസായിയോടാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി 1920ൽ മൂന്നംഗ അത്‌ലറ്റിക് സംഘത്തെയും രണ്ടംഗ ഗുസ്‌തി ടീമിനെയും ആന്റ്‌വെർപ്പിലെ ഒളിംപിക്‌സിൽ നയിച്ചു. അവിടെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിൽ (ഐഒസി) ഇന്ത്യയുടെ ആദ്യ പ്രതിനിധിയായി ടാറ്റ തിരഞ്ഞെടുക്കപ്പെട്ടു. തിരികെ നാട്ടിലെത്തിയ ടാറ്റ ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ ഔദ്യോഗിക സംഘത്തെ അടുത്ത ഒളിംപിക്‌സിന് അയയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

മിടുക്കരായ അത്‌ലീറ്റുകളെ കണ്ടെത്താനും ഒളിംപിക്‌സിലേക്ക് അയയ്‌ക്കാനും അദ്ദേഹം 1924 ഫെബ്രുവരിയിൽ ഡൽഹിയിൽ ഒരു കായികമേളയും സംഘടിപ്പിച്ചു. ആ മേളയുടെ കണ്ടെത്തലായിരുന്നു സി.കെ.ലക്ഷ്മണൻ. പ്രഥമ ദേശീയ അത്‌ലറ്റിക് മീറ്റായിരുന്നു അത്. അന്ന് ഓൾ ഇന്ത്യ ഒളിംപിക് ഗെയിംസ് എന്നാണു പേര്. 120 വാര ഹർഡിൽസിൽ ഒന്നാമനായതു ലക്ഷ്മണനാണ്. ഈ വിജയമാണു ലക്ഷ്മണനെ പാരിസ് ഒളിംപിക്സിലെത്തിച്ചത്; അതുവഴി ആദ്യ മലയാളി ഒളിംപ്യനാക്കിയതും.

അന്നു പാരിസിലേക്കു കപ്പൽ കയറിയ ഇന്ത്യൻ ഒളിംപിക് സംഘത്തിൽ ആകെ ഏഴ് അത്‌ലീറ്റുകളാണ് ഉണ്ടായിരുന്നത്. മൂന്നു പേർ ബ്രിട്ടിഷുകാർ, ബാക്കി നാലു പേർ തദ്ദേശീയരും. ഇവരിലെ ഏക മലയാളിയാണു ലക്ഷ്മണൻ. ദലീപ് സിങ്, പലാ സിങ്, മഹാദേവ് സിങ്  (പഞ്ചാബ്) എന്നിവരാണു പാരിസിലേക്കു പോയ മറ്റ് ഇന്ത്യക്കാർ. ഇവരെക്കൂടാതെ ഏഴ് ടെന്നിസ് താരങ്ങളും ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നു. 

ലക്ഷ്മണൻ: ബഹുമുഖപ്രതിഭ

കൊറ്റ്യത്ത് ചോയി ബട്‌ലറുടെയും ചെറുവാരി കല്യാണി അമ്മയുടെയും മകനായി 1898 ഏപ്രിൽ അഞ്ചിനാണു ലക്ഷ്‌മണന്റെ ജനനം. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് മെഡിക്കൽ കോളജിൽ വൈദ്യപഠനം. പിന്നീട് ലണ്ടനിൽനിന്ന് ഉന്നത മെഡിക്കൽ ബിരുദങ്ങൾ നേടി. ഡൽഹി ആയിരുന്നു പിന്നീടുള്ള തട്ടകം.

ടെന്നിസും ക്രിക്കറ്റും നന്നായി വഴങ്ങിയിരുന്ന ലക്ഷ്മണൻ 1925–31 കാലത്ത് മദ്രാസിനെ പ്രതിനിധീകരിച്ച് എട്ട് ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നേടിയത് 118 റൺസും 19 വിക്കറ്റുകളും. ഇംഗ്ലിഷ് ഇതിഹാസതാരം ജാക്ക് ഹോബ്സ് അടക്കമുള്ള കളിക്കാർക്കെതിരെ അദ്ദേഹം ബോൾ ചെയ്തിട്ടുണ്ട്. റൺസ് വിട്ടുകൊടുക്കാതെ മുന്ന് ഓവറുകളാണ് ഹോബ്സിനെതിരെ പന്തെറിഞ്ഞത്. 1927ൽ ആർതർ ഗില്ലിന്റെ എംസിസി ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ ദക്ഷിണേന്ത്യൻ ഇലവനെ പ്രതിനിധീകരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഒളിംപിക്സിലും പങ്കെടുത്ത ഒരു പിടി താരങ്ങളുടെ കൂട്ടത്തിലാണ് ലക്ഷ്മണന്റെ സ്ഥാനം. ഇന്ത്യൻ സൈന്യത്തിൽ മേജർ ജനറൽ പദവിയിൽവരെയെത്തി.

ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്‌റ്റ് ഏഷ്യാ ഡയറക്‌ടർ ജനറൽ, ഇന്ത്യയുടെ പൊതുജനാരോഗ്യ സർവീസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ഡയറക്‌ടർ ജനറൽ എന്നീ സ്‌ഥാനങ്ങളും വഹിച്ചു. ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് ഓണററി സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 ഒക്ടോബർ മൂന്നിന് 72–ാം വയസ്സിൽ മരണം. 2008ൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമ കണ്ണൂർ ജവാഹർ സ്‌റ്റേഡിയത്തോടുചേർന്ന് സ്ഥാപിച്ചതുമാത്രമാണ് കായികകേരളം നൽകിയ കാര്യമായ ആദരം.

സി. കെ.ലക്ഷ്മണന്റെ പാത പിൻപറ്റി മലയാളികളുടെ ഒരു നിര തന്നെ പിന്നീട് ഒളിംപിക് വേദികളിൽ പോരാട്ടത്തിനിറങ്ങി. പി.ടി.ഉഷയും ഷൈനി വിൽസനും പി. ആർ. ശ്രീജേഷും അഞ്ജു ബോബി ജോർജും കെ.എം. ബീനമോളുമൊക്കെ ആ പട്ടികയിലുണ്ട്.

തിരുവല്ല പാപ്പൻ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മലയാളി ഒളിംപ്യൻ

സ്വാതന്ത്ര്യാനന്തരം ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിംപിക് മേള 1948ലെ ലണ്ടൻ ഒളിംപിക്സാണ്. അന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു: തോമസ് മത്തായി വർഗീസ് എന്ന തിരുവല്ല പാപ്പൻ. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മലയാളി ഒളിംപ്യൻ എന്ന ബഹുമതി തിരുവല്ല പാപ്പന്റെ പേരിലായി. 1942 മുതൽ 1952 വരെ ഇന്ത്യൻ ടീമിലെ സാന്നിധ്യമായിരുന്നു അദ്ദേഹം.

‘പൊന്നുമലയാളി’

ഒളിംപിക്സിലെ ‘മലയാളിത്ത’ത്തിന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടെങ്കിലും മലയാളി മെഡൽ ജേതാക്കളുടെ എണ്ണം രണ്ടു മാത്രം. 1972ൽ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ സംഘത്തിൽ ഒരു മലയാളിയുണ്ടായിരുന്നു: മാനുവൽ ഫ്രെഡറിക്. കണ്ണൂരാണ് അദ്ദേഹത്തിന്റെയും സ്വദേശം. കഴിഞ്ഞ തവണ ടോക്കിയോയിൽ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ഗോൾ വലയം കാത്തത് എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശി പി.ആർ. ശ്രീജേഷ്. ഇതുകൂടാതെ 1980ൽ മോസ്കോയിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലും ഒരു പാതി മലയാളിയുണ്ടായിരുന്നു അലൻ സ്കോഫീൽഡ്. മൂന്നാറിൽ ജനിച്ച അദ്ദേഹത്തിന്റെ അമ്മ കോട്ടയം സ്വദേശിനിയാണ്. മെഡൽ കഴുത്തിലണിഞ്ഞ മൂന്നു പേരും ഗോൾ കീപ്പർമാരായിരുന്നു എന്നത് മറ്റൊരു പ്രത്യേകത.

മുന്നിൽ ഉഷയും ഷൈനിയും

കൂടുതൽ തവണ ഒളിംപിക്സിൽ പങ്കെടുത്ത മലയാളികൾ എന്ന ബഹുമതി പി.ടി. ഉഷയ്ക്കും ഷൈനി വിൽസനും സ്വന്തം. ഇരുവരും നാലു തവണ വീതം പങ്കെടുത്തു. ഇതിൽ ഉഷ 1996 അറ്റ്ലാന്റ മേളയിൽ മൽസരിക്കാനിറങ്ങിയില്ല. മുൻ ഹോക്കി ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ് ഇത്തവണ പാരിസിൽ ഇന്ത്യൻ ജഴ്സിയണിയുന്നതോടെ അദ്ദേഹത്തിന്റെ പേരിലുള്ള ഒളിംപിക്സുകളുടെ എണ്ണവും നാലിലെത്തും

സഹോദര ജോഡി

ഒളിംപിക്സിൽ പങ്കെടുത്ത മലയാളി സഹോദരങ്ങൾ എന്ന ബഹുമതി കെ. എം. ബീനാമോൾക്കും (1996, 2000, 2004) െക.എം. ബിനുവിനും (2004) സ്വന്തം. 2000 സിഡ്നി മേളയിൽ ഇന്ത്യയ്ക്കായി അത്‌ലറ്റിക് ട്രാക്കിലിറങ്ങിയ പി.രാമചന്ദ്രനും ജിൻസി ഫിലിപ്പും 2003ൽ വിവാഹിതരായി ‘ഒളിംപ്യൻ കുടുംബ’മായി മാറി.

English Summary:

100 years since Malayali CK Lakshmanan made Olympic debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com