ADVERTISEMENT

ഹിമാലയൻ മലനിരകൾക്കു മുകളിൽ ജീവനും മരണത്തിനുമിടയിൽ നിന്ന നിമിഷം മേജർ അജിത് സിങ് തന്റെ തോക്കിലേക്കു നോക്കി. ബാക്കിയുള്ളത് 6 ബുള്ളറ്റ്. ഒപ്പമുള്ള ഇന്ത്യൻ സേനാ സംഘത്തെ പല വശങ്ങളിൽ നിന്നായി പാക്കിസ്ഥാൻ പട്ടാളം വളഞ്ഞു കഴിഞ്ഞിരുന്നു. ഇന്ത്യൻ സേനാംഗങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രം. ആറെണ്ണത്തിൽ 4 ബുള്ളറ്റ് തോക്കിൽ വച്ച അജിത് രണ്ടെണ്ണം പോക്കറ്റിലേക്കിട്ടു. കമാൻഡിങ് ഓഫിസർ എന്താണു ചെയ്യുന്നതെന്ന് ചോദിച്ച സേനാംഗങ്ങളോട് ആംഗ്യഭാഷയിലൂടെ അജിത് മനസ്സിലുള്ളത് പറഞ്ഞു – ‘പാക്ക് സൈന്യത്തിന്റെ വെടിയേറ്റ് ഞാൻ മരിക്കില്ല. മരിക്കുന്നെങ്കിൽ സ്വയം വെടി വച്ച്. അതിനുള്ള ബുള്ളറ്റാണ് പോക്കറ്റിൽ’. 

സൈന്യത്തിൽ കമാൻഡിങ് ഓഫിസർ മറ്റു സേനാംഗങ്ങൾക്കു സഹോദരതുല്യനോ പിതൃതുല്യനോ ആണ്. അങ്ങനെയുള്ളൊരാളുടെ മനസ്സു വായിച്ച സേനാംഗങ്ങൾ വർധിതവീര്യരായി. പാക്ക് സൈന്യത്തിനു നേരെ അവരുടെ പോർവിളി കനത്തു. ശത്രു സൈനികരെ ഒന്നൊന്നായി വധിച്ച് അവർ മുന്നേറി. പോക്കറ്റിലുണ്ടായിരുന്ന 2 ബുള്ളറ്റ് മേജർ അജിത് ഉപയോഗിച്ചു – സ്വന്തം ശരീരത്തിലേക്കല്ല; ശത്രു സൈനികരുടെ നെഞ്ചിലേക്ക്. 

മരണത്തെ വെല്ലുവിളിച്ചുള്ള തീപാറും പോരാട്ടങ്ങളിലൂടെ ഇന്ത്യൻ സൈന്യം നേടിയ ത്രസിപ്പിക്കുന്ന യുദ്ധ വിജയത്തിന് ഈ മാസം 26ന് 25 വർഷം തികയുകയാണ്. ചോര നൽകി ഇന്ത്യൻ സൈനികർ വെട്ടിപ്പിടിച്ച കാർഗിൽ വിജയം.! 

അവധി റദ്ദാക്കുന്നു; നാട്ടിലേക്കില്ല 

1999 മേയ് മൂന്നിനാരംഭിച്ച് 26 ജൂലൈ വരെ നീണ്ട കാർഗിൽ യുദ്ധം നേരിൽക്കണ്ട് സേനയ്ക്കു വേണ്ടി ‘റിപ്പോർട്ട്’ ചെയ്ത സൈനികനുണ്ട് – കേണൽ (റിട്ട) എസ്.സി.ത്യാഗി. ഭീകര

വിരുദ്ധ സേനാ നടപടികൾക്കു പരിശീലനം നൽകാൻ കശ്മീരിൽ സൈന്യം ആരംഭിച്ച കോർ ബാറ്റിൽ സ്കൂളിന്റെ സ്ഥാപക കമാൻഡർ. പാക്ക് സൈന്യം ഇന്ത്യയിലേക്കു നുഴഞ്ഞുകയറി കാർഗിലിൽ താവളമുറപ്പിച്ച വാർത്തയറിയുമ്പോൾ അവധിക്കു നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ത്യാഗി. ശ്രീനഗറിൽ നിന്ന് ത്യാഗി ഭാര്യയെ ഫോണിൽ വിളിച്ചു; ‘ഞാൻ നാട്ടിലേക്കു വരുന്നില്ല. അവധി റദ്ദാക്കുന്നു’. 

സേനാംഗങ്ങൾക്കു പ്രചോദനം നൽകാനും യുദ്ധമേഖലയിലുടനീളം സഞ്ചരിച്ച് സ്ഥിതിഗതികൾ സേനാ നേതൃത്വത്തെ അറിയിക്കാനുമുള്ള ദൗത്യം ത്യാഗി സ്വയം ഏറ്റെടുത്തു. സ്വയം സന്നദ്ധനായി രംഗത്തിറങ്ങാൻ അദ്ദേഹം പറഞ്ഞ കാരണമിതാണ് – ‘ബാറ്റിൽ സ്കൂളിൽ ഞാൻ പഠിപ്പിച്ചു വിട്ട പിള്ളേരാണ് യുദ്ധമുഖത്തുള്ളത്; മൈ ബോയ്സ്. അവർക്കൊപ്പം ഞാനുണ്ടാവണം’. 

ദ് കാർഗിൽ വിക്ടറി 

യുദ്ധമേഖലയിലുടനീളം സഞ്ചരിച്ച ത്യാഗി ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യത്തിനു നേർസാക്ഷിയായി. പാക്ക് ഷെല്ലുകളെയും ബുള്ളറ്റുകളെയും അതിജീവിച്ച്, ജീവൻ പണയം വച്ച് ഒരു കുന്നിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ച് യുദ്ധത്തിന്റെ പോരാട്ടകഥകൾ അദ്ദേഹം രേഖപ്പെടുത്തി. മരണമുനമ്പിൽ മേജർ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സേനാസംഘം നടത്തിയതടക്കമുള്ള പോരാട്ടങ്ങൾ കോർത്തിണക്കി, ‘ദ് കാർഗിൽ വിക്ടറി – ബാറ്റിൽസ് ഫ്രം പീക്ക് ടു പീക്ക്’ എന്ന പുസ്തകമായി പിന്നീട് പുറത്തിറക്കി. 

കാർഗിൽ യുദ്ധവിജയത്തിന് 25 വർഷം തികയുമ്പോൾ ഗ്രേറ്റർ നോയിഡയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണു കേണൽ ത്യാഗി. കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും ത്രസിപ്പിക്കുന്ന യുദ്ധസ്മരണകൾ അദ്ദേഹത്തിന്റെയുള്ളിൽ അണയാതെയുണ്ട്. അദ്ദേഹം കണ്ട കാർഗിൽ കാഴ്ചകളിലൂടെ.... 

ടോലോലിങ്ങിലേക്ക് ഒറ്റക്കെട്ടായി 

ദ്രാസ് മേഖലയിൽ പാക്ക് സൈന്യം ഏറ്റവുമധികം ഉള്ളിലേക്കു കടന്ന പ്രദേശമായിരുന്നു ടോലോലിങ്. 16,000 അടി ഉയരത്തിലുള്ള പർവതത്തിനു മുകളിൽ പാക്ക് സേന കോട്ടയൊരുക്കി. 1999 മേയ് 12ന് പാക്ക് സാന്നിധ്യം ഇന്ത്യൻ സേന കണ്ടെത്തും വരെ അവർ അവിടെ പതുങ്ങിയിരുന്നു. ആരുമറിയാതെ ആഴ്ചകളോളം അവിടെ തമ്പടിച്ച് പ്രദേശത്ത് പ്രതിരോധക്കോട്ട ഉറപ്പിച്ചു; ബങ്കറുകൾ സ്ഥാപിച്ചു. ആക്രമണങ്ങൾക്കു മറയൊരുക്കാൻ വലിയ പാറകൾ കൊണ്ട് കവചമൊരുക്കി. ടോലോലിങ് പിടിച്ചെടുക്കാനുള്ള ദൗത്യം രാജസ്ഥാൻ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയനായിരുന്നു (2 രാജസ്ഥാൻ റൈഫിൾസ്). സമീപ പ്രദേശങ്ങളിൽ നിന്നു പാക്ക് സൈനികരെ തുരത്താനുള്ള ചുമതല 18 ഗഡ്‌വാൾ റൈഫിൾസ് ഏറ്റെടുത്തു. 

ഇന്ത്യ കണക്കുകൂട്ടിയതിലും കൂടുതലായിരുന്നു ടോലോലിങ്ങിലെ പാക്ക് സാന്നിധ്യം. ഒരേസമയം പല വശങ്ങളിൽ നിന്ന് ശത്രുസേനയെ ആക്രമിക്കാൻ സൈന്യം തീരുമാനിച്ചു. അതിനുള്ള പദ്ധതി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറും കർണാടക സ്വദേശിയുമായ കേണൽ എം.ബി.രവീന്ദ്രനാഥ് തയാറാക്കി. 

ആക്രമണത്തിനു മുന്നോടിയായി സേന മറ്റൊരു വെല്ലുവിളി നേരിട്ടു – സേനാസംഘത്തിനാവശ്യമായ ആയുധങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ മലമുകളിലെത്തിക്കണം. സേനയുടെ ഏതു നീക്കവും മുകളിലുള്ള പാക്ക് സൈന്യത്തിനു കാണാമെന്നതിനാൽ ദൗത്യം അതീവ ദുഷ്കരം. ഓരോ സൈനികനും ചുമക്കേണ്ടിയിരുന്നത് 20 – 30 കിലോ ആയുധം. പടക്കോപ്പുകളും സാധനസാമഗ്രികളും മുകളിലേക്കെത്തിക്കാൻ ജവാന്മാർക്കൊപ്പം ബേസ് ക്യാംപിൽ നിന്ന് സൈന്യത്തിലെ ക്ലാർക്ക്, ബാർബർ, അലക്കുകാർ എന്നിവർ പോലും മുന്നിട്ടിറങ്ങി. ടോലോലിങ് പിടിക്കാനായി ഒറ്റക്കെട്ടായി സൈന്യം കച്ചമുറുക്കി. 

രാഖി കെട്ടി, തിലകം ചാർത്തി പോരാട്ടത്തിലേക്ക് 

ആക്രമണത്തിനുള്ള ദിവസമായി ജൂൺ 12 തീരുമാനിച്ചു. സേനാംഗങ്ങളുടെ കയ്യിൽ ബറ്റാലിയനിലെ പൂജാരി രാഖി കെട്ടി; നെറ്റിയിൽ തിലകം ചാർത്തി; അവർ ഒന്നിച്ചിരുന്ന് ദേശസ്നേഹത്തിന്റെ ഗാനങ്ങൾ ഉറക്കെ പാടി. രാത്രി എല്ലാവരും വീടുകളിലേക്കു കത്തുകളെഴുതി. ഒരുപക്ഷേ, ഇനിയൊരവസരം ഉണ്ടാകില്ലെന്ന വേദനയോടെ. പോരാട്ടത്തിനിറങ്ങിത്തിരിക്കും മുൻപുള്ള അവസാന ഉത്തരവ് കേണൽ രവീന്ദ്രനാഥ് നൽകി – ‘ബോയ്സ്, ടോലോലിങ് നമ്മൾ പിടിച്ചെടുത്തിരിക്കണം!’ ‘ഞങ്ങൾക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ ടോലോലിങ്ങിലേക്കു വരൂ സർ’ എന്ന മറുപടിയിലൂടെ സേനാംഗങ്ങൾ ഉറപ്പിച്ചു പറഞ്ഞു – ടോലോലിങ് പിടിച്ചെടുത്തിരിക്കും! രാത്രിയുടെ മറവിൽ പലവഴിക്കായി സൈനികർ മുകളിലേക്കു നീങ്ങി. അവർക്കു മുന്നോട്ടുള്ള വഴിയൊരുക്കി 18 ഗ്രനഡിയേഴ്സ് സംഘം ശത്രുസേനയ്ക്കു നേരെ പീരങ്കിയാക്രമണം നടത്തി. 

ഇന്ത്യൻ സേനാംഗങ്ങളെ ലക്ഷ്യമിട്ട് മുകളിൽ നിന്ന് പാക്ക് സൈന്യം വെടിവച്ചു; താഴേക്കു വലിയ പാറക്കല്ലുകൾ ഉരുട്ടിയിട്ടു. ടോലോലിങ് യുദ്ധക്കളമായി. വെടിവയ്പും പാറക്കല്ലുകളും അതിജീവിച്ച് ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങിയ ഇന്ത്യൻ സേനാംഗങ്ങൾ ഒടുവിൽ പാക്ക് സൈനികർക്കു മേൽ അടിച്ചുകയറുന്ന സൂനാമിയായി. സേനാസംഘങ്ങളിലൊന്നിനെ നയിച്ച മേജർ വിവേക് ഗുപ്ത അടക്കം ഒട്ടേറെ സൈനികർ വീരമൃത്യു വരിച്ചു. പുലർച്ചെയോടെ ടോലോലിങ്ങും സമീപ പ്രദേശങ്ങളും ഇന്ത്യ തിരിച്ചുപിടിച്ചു. മേജർ വിവേകിന്റെ സഹചാരിയായ ജവാൻ തന്റെ ‘സാഹിബി’നെ കൊലപ്പെടുത്തിയ പാക്ക് സൈനികരിലൊരാളെ വെടിവച്ചു വീഴ്ത്തി. രോഷം തീരാതെ പലതവണ ബയണറ്റ് കൊണ്ടും കുത്തി. 

മലമുകളിലെ രണഘോഷം 

പാക്ക് സൈന്യം കയ്യടക്കി വച്ചിരുന്ന പോയിന്റ് 5287, പോയിന്റ് 4812 എന്നീ 2 പർവതങ്ങൾ തിരിച്ചുപിടിക്കാനുള്ള ദൗത്യം ഗ്രനേഡിയേഴ്സ് റെജിമെന്റിന്റെ 22–ാം ബറ്റാലിയനായിരുന്നു. ഉത്തരവ് ലഭിക്കുമ്പോൾ സേനാസംഘം മരുഭൂമിയിൽ പരിശീലനത്തിലായിരുന്നു. മരുഭൂമിയിൽ നിന്ന് ഹിമാലയൻ മലനിരകളിലേക്കു ജൂൺ മൂന്നാം വാരം അവരെത്തി. മേജർ അജിത് സിങ്ങായിരുന്നു കമാൻഡിങ് ഓഫിസർ. രാത്രി ഇരുട്ടു വീണ ശേഷം അജിത്തും സംഘവും മലമുകളിലേക്കുള്ള കയറ്റം ആരംഭിച്ചു. 

അവരുടെ നീക്കം മനസ്സിലാക്കിയ പാക്ക് സൈന്യം നിർത്താതെ വെടിയുതിർത്തു. അർധരാത്രിയും പിന്നിട്ട് പുലരുവോളം നീണ്ട വെടിവയ്പിൽ ഏതാനും ഇന്ത്യൻ സൈനികർ മരിച്ചു വീണു. സൂര്യനുദിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ ഇന്ത്യൻ സേന പർവതങ്ങൾക്കിടയിലുള്ള ഭാഗത്തിനു തൊട്ടുതാഴെ വരെയെത്തി. ബാക്കിയുള്ളത് കുത്തനെയുള്ള മലയാണ്. കയറിൽ പിടിച്ചു തൂങ്ങി വേണം കയറാൻ. അപ്പോഴേക്കും, പാക്കിസ്ഥാന്റെ തുടർച്ചയായുള്ള ആക്രമണത്തിൽ ഇന്ത്യൻ സേനാംഗങ്ങളുടെ വീര്യം കെട്ടു തുടങ്ങിയിരുന്നു. 

അജിത് അടക്കം 25 സൈനികർ മാത്രമാണ് ഇന്ത്യൻ ഭാഗത്ത് അവശേഷിച്ചത്. നേരം വെളുത്താൽ ബാക്കിയുള്ളവരെയും പാക്ക് സൈന്യം വധിക്കുമെന്ന് അറിയാമായിരുന്ന അജിത് തന്റെ സേനാംഗങ്ങളെ ഉത്തേജിപ്പിക്കാൻ ബറ്റാലിയന്റെ പോർത്താരി (വാർ ക്രൈ); ‘നാരാ ഇ തക്ബീർ’ എന്ന് തൊണ്ടകീറി വിളിച്ചു; ഇതു കേട്ട സൈനികർ അതിനു മറുപടി ചൊല്ലി – ‘അല്ലാഹു അക്ബർ’. നെഞ്ചു വിരിച്ചു പോരാടാനുള്ള ആഹ്വാനമാണ് ഓരോ സൈനികനും സ്വന്തം ബറ്റാലിയന്റെ വാർ ക്രൈ. 

‘നാരാ ഇ തക്ബീർ; അല്ലാഹു അക്ബർ’ വിളികളോടെ സൈനികർ ഓരോരുത്തരായി കയറിൽ തൂങ്ങി മുകളിലേക്കു പിടിച്ചുകയറി. സ്വന്തം സൈനികരാണ് എത്തുന്നതെന്നു കരുതിയ പാക്ക് സൈനികർക്കു മുന്നിലേക്ക് ഇന്ത്യൻ സേന ഇരച്ചു ചെന്നു. 

രക്ഷയ്ക്കെത്തിയ നുണ 

ഇരു സേനകളും മുഖാമുഖം നിന്നുള്ള പോരാട്ടമായിരുന്നു പിന്നീട്. ദിവസങ്ങൾ നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ ഭാഗത്ത് ഒട്ടേറെ പേർ വീരമൃത്യു വരിച്ചെങ്കിലും സേന പിൻമാറിയില്ല. യന്ത്രത്തോക്ക് ഉപയോഗിച്ചിരുന്ന സേനാംഗം വെടിയേറ്റു വീണപ്പോൾ തോക്കിന്റെ നിയന്ത്രണം ആര് ഏറ്റെടുക്കുമെന്ന ചോദ്യമുയർന്നു; നായിക് സാക്കിർ ഹുസൈൻ സ്വയം സന്നദ്ധനായി മുന്നോട്ടു വന്നു. ബറ്റാലിയനിൽ സൈനികരുടെ ആധ്യാത്മിക കാര്യങ്ങൾക്കായി നിയോഗിച്ചിരുന്ന മൗലവി ആയിരുന്നു അദ്ദേഹം. മൗലവിയുടെ ചുമതല മാറ്റിവച്ച് അദ്ദേഹം യന്ത്രത്തോക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാതൃരാജ്യം കാക്കാൻ അതേ നിൽപിൽ സാക്കിർ ഹുസൈൻ ശത്രുസേനയെ നേരിട്ടത് 60 മണിക്കൂർ! കൊടുംതണുപ്പിൽ, ഒരു സെക്കൻഡ് പോലും വിശ്രമിക്കാതെ, ഭക്ഷണമില്ലാതെയുള്ള തീപാറും പോരാട്ടം! 

ഇന്ത്യൻ സൈനികരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നു മനസ്സിലാക്കിയ പാക്ക് കമാൻഡർ ഏതാനും അടി മാത്രം അകലെ മറഞ്ഞിരുന്ന മേജർ അജിത്തിനോടു വിളിച്ചുപറഞ്ഞു – ‘ഇനി കീഴടങ്ങുക; ഞങ്ങൾ ഉപദ്രവിക്കില്ല’. ദിവസങ്ങൾ നീണ്ട പോരാട്ടത്തിൽ തളർന്ന സേനാംഗങ്ങളിലൊരാളെങ്കിലും കീഴടങ്ങാൻ മുന്നോട്ടുനീങ്ങിയാൽ, കാര്യങ്ങൾ കൈവിടുമെന്നു മനസ്സിലാക്കിയ അജിത് അതു തടയാനൊരു തന്ത്രമിറക്കി. പാക്ക് കമാൻഡറോട് അജിത് വിളിച്ചു പറഞ്ഞു – ‘കീഴടങ്ങാൻ പോകുന്നത് ഞങ്ങളല്ല; നിങ്ങളാണ്. ഞങ്ങളുടെ 150 സൈനികർ പിന്നാലെ വരുന്നുണ്ട്. അവർ ഏതു നിമിഷവുമെത്തും’. അതൊരു നുണയായിരുന്നു; ആരുമുണ്ടായിരുന്നില്ല സഹായത്തിന്. പക്ഷേ, നുണ ഗുണം ചെയ്തു. സഹായത്തിനായി കൂടുതൽ സൈനികരെത്തുന്നുവെന്ന് േകട്ട് അജിത്തിനൊപ്പമുള്ള മറ്റു സൈനികർ പ്രചോദിതരായി. അവരുടെ വീര്യമുയർന്നു. 

‘എസ്ഒഎസ്; ഞങ്ങളുടെ നേർക്ക് ഷെല്ലിടുക!’ 

സൈനികരുടെ ആവേശം അധികനേരം നിലനിർത്തുക ദുഷ്കരമായിരിക്കുമെന്നു വിലയിരുത്തിയ അജിത് ജീവൻ കൈവിട്ടുള്ള അവസാന പോരാട്ടത്തിനു തയാറെടുത്തു. താഴെ നിലയുറപ്പിച്ചിരിക്കുന്ന പീരങ്കിപ്പടയിലേക്ക് സാറ്റലൈറ്റ് ഫോണിലൂടെ അജിത്തിന്റെ സന്ദേശമെത്തി. ‘എസ്ഒഎസ് ഫയർ’. തങ്ങൾ നിൽക്കുന്നയിടത്തേക്ക് ഷെല്ലാക്രമണം നടത്തുക എന്നാണ് ഇതിനർഥം. അപകടമാണെന്ന് പീരങ്കിപ്പട അറിയിച്ചെങ്കിലും അജിത് നിർബന്ധം പിടിച്ചു. താനും സൈനികരും നിൽക്കുന്ന സ്ഥാനത്തിന്റെ വിശദാംശങ്ങൾ അറിയിച്ച അജിത് ആ ഭാഗത്തേക്കു തന്നെ ഷെല്ലുകൾ അയയ്ക്കാൻ ഉത്തരവിട്ടു. ഇന്ത്യയുടെ ഷെല്ലുകൾ അവിടേക്കു തീ തുപ്പിയിറങ്ങി. ഷെല്ലുകളുടെ വരവിനെക്കുറിച്ച് സ്വന്തം സേനാംഗങ്ങളെ മുൻകൂട്ടി അറിയിച്ച അജിത്, ഓടിമാറാനും നിർദേശിച്ചു. എസ്ഒഎസ് തന്ത്രം ഫലിച്ചു. പാക്ക് സൈനികർ മലമുകളിൽ മരിച്ചുവീണു. 

ഇഗ്ലുവിലെ താമസം 

കാർഗിലിൽ വിവിധയിടങ്ങളിൽ മലമുകളിലേക്കുള്ള കയറ്റങ്ങൾ അതീവ ദുഷ്കരമായിരുന്നു. ശത്രുസേനയുടെ വെടിവയ്പ് നേരിട്ട്, ശ്വാസം പോലും കിട്ടാത്ത ഉയരങ്ങളിലേക്കാണു സേനാംഗങ്ങൾ പിടിച്ചുകയറിയത്. പലപ്പോഴും യാത്ര ദിവസങ്ങളോളം നിർത്തിവയ്ക്കേണ്ടി വന്നു. ഈ ദിവസങ്ങളിൽ കഴിയാൻ മലയുടെ ചെരിവുകളിൽ അവർ ഇഗ്ലു (മഞ്ഞുവീട്) ഉണ്ടാക്കി. പുറത്തു പോലുമിറങ്ങാനാവാതെ 8 – 10 ദിവസം വരെ അവിടെ കഴിഞ്ഞവരുണ്ട്. 

ഉയരങ്ങൾ കീഴടക്കി എസ്ഡി

യുദ്ധമേഖലയിൽ പലയിടങ്ങളിലും സേനാംഗങ്ങൾക്കു ഭക്ഷണം, ആയുധങ്ങൾ എന്നിവയെത്തിക്കാൻ പരിശീലനം ലഭിച്ച കോവർ കഴുതകളെയാണ് സൈന്യം ആശ്രയിച്ചിരുന്നത്. പക്ഷേ, അതിനൊരു പ്രശ്നമുണ്ടായിരുന്നു. 16,000 അടിക്കു മുകളിലേക്കു കയറാൻ അവയ്ക്കാവില്ല. പോരാട്ടങ്ങൾ പലതും നടക്കുന്നത് 18,000 അടി വരെ ഉയരത്തിലും. അവിടേക്കു ഭക്ഷണവും മറ്റുമെത്തിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. പരിഹാരവഴി ലഡാക്കിൽ നിന്നു വന്നു. അവിടെ പ്രത്യേകതരം കഴുതകളുണ്ട്; പൊക്കം കുറഞ്ഞവ. സ്മോൾ ഡോങ്കീസ് എന്നു വിളിപ്പേരുള്ള അവയ്ക്ക് 18,000 അടി വരെ ചെന്നെത്താനുള്ള കെൽപുണ്ടെന്നറിഞ്ഞ സൈന്യം ലഡാക്കുമായി ബന്ധപ്പെട്ടു. 

കഴുതകളുമായി ഉടമകൾ കൂട്ടമായി യുദ്ധമേഖലയിലേക്കെത്തി. രാജ്യത്തിനു വേണ്ടി എന്തും ചെയ്യാൻ തയാറായി എത്തിയ അവർ കഴുതകളുടെ പുറത്ത് ഭക്ഷണവും ആയുധങ്ങളും വച്ചുകെട്ടി ഉയരങ്ങളിലേക്കു നടന്നു കയറി. സാധനസാമഗ്രികൾ ചുമന്നു കയറ്റാൻ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷനിലെ അംഗങ്ങളും മുന്നിട്ടിറങ്ങി. ശത്രു സൈന്യത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ രാത്രിയുടെ ഇരുട്ടിൽ, നേർത്ത പാതകളിലൂടെ കഴുതകൾ സാവധാനം മുകളിലേക്കു കയറി. മലനിരകൾക്കു മുകളിലെ സൈനികരുടെ ജീവൻ നിലനിർത്തുന്നതിൽ അവ നിർണായകമായി. സ്മോൾ ഡോങ്കീസ് എന്ന പേരിനെ സൈന്യം ഇങ്ങനെ ചുരുക്കി വിളിച്ചു – എസ്ഡി. കാർഗിൽ യുദ്ധത്തിൽ ഈ ചുരുക്കപ്പേരിന് 18,000 അടിയുടെ തലയെടുപ്പുണ്ട്. 

English Summary:

Remembering Kargil: 25 Years of Indian Army's Historic Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com