സ്നേഹക്കൂട്
Mail This Article
അമ്മച്ചൂടേൽക്കാത്ത, പാൽരുചിയറിയാത്ത പത്തു കുഞ്ഞുങ്ങൾ. ബുദ്ധിവികാസമില്ലെന്നറിഞ്ഞു മാതാപിതാക്കൾ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു പോയവർ. അവർക്ക് അച്ഛനായും അമ്മയായും തണലായും മാറുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ടി.കെ.മുഹമ്മദ് യൂനസ്. നെസ്റ്റ് കെയർ ഹോം എന്ന സ്നേഹവീട് യൂനസും സഹപ്രവർത്തകരും ഒരുക്കിയത് ഈ കുഞ്ഞുങ്ങൾക്കായാണ്.
കാഴ്ചശക്തിയും കേൾവിശക്തിയുമില്ലാത്ത, സ്പർശനം പോലും തിരിച്ചറിയാത്ത ഒരു കുഞ്ഞ്. ഹൈപ്പർ ആക്റ്റീവ് ആയ മറ്റൊരു കുഞ്ഞ്. ജന്മനാ ശരീരമുറയ്ക്കാതെ കിടപ്പിലായ നാലു കുഞ്ഞുങ്ങൾ. അതിലൊരാൾക്ക് ഇത്രയും കാലമായി ഭക്ഷണം നൽകുന്നത് മൂക്കിലൂടെ ട്യൂബിട്ടാണ്. ഇങ്ങനെ ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന പത്തു കുഞ്ഞുങ്ങളാണ് നെസ്റ്റ് കെയർ ഹോമിലുള്ളത്.
സ്നേഹവഴിയിലേക്ക്
2005ൽ കോഴിക്കോട് ഫാറൂഖ് കോളജിലെ പഠനകാലത്ത് യൂണിയൻ ചെയർമാനായിരുന്നു മുഹമ്മദ് യൂനസ്. സ്വത്തുതർക്കത്തെ തുടർന്ന് മക്കൾ വീട്ടിൽ നിന്നു പുറത്താക്കിയ കൊയിലാണ്ടിയിലെ ഒരു വയോധികയുടെ ദയനീയാവസ്‌ഥ അറിഞ്ഞ് അവരെ ആശുപത്രിയിൽ എത്തിച്ചതു യൂനസും സുഹൃത്തുക്കളായ സമദും സലാമും സാലുവും പ്രമോദും ചേർന്നാണ്. ആ അമ്മയുടെ വേദനകളിൽ നിന്നാണ് നെസ്റ്റ് എന്ന പേരിൽ പാലിയേറ്റീവ് കെയർ സ്ഥാപനം തുടങ്ങാം എന്ന ആശയത്തിലേക്ക് അവരെത്തിയത്. ഇന്നു കൊയിലാണ്ടി നഗരസഭയും അഞ്ച് പഞ്ചായത്തുകളുമടങ്ങുന്ന പ്രദേശത്ത് 24 മണിക്കൂറും പാലിയേറ്റീവ് സേവനങ്ങളുമായി ഓടിയെത്തുന്ന സംവിധാനമായി നെസ്റ്റ് വളർന്നു.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ പരിശീലനം, പുനരധിവാസം, തുടർ ചികിത്സ തുടങ്ങിയവ ലക്ഷ്യമിട്ടാണ് നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് (നിയാർക്ക്) കൊയിലാണ്ടി പെരുവട്ടൂരിൽ തുടക്കമിട്ടത്. വിദേശ സർവകലാശാലകളിലെ വിദഗ്ധരുടെ മാർഗനിർദേശത്തോടെയാണ് പ്രവർത്തനങ്ങൾ.
യാത്ര
സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് നെസ്റ്റ് കെയർ ഹോമിനു തുടക്കമിട്ടത്. ഡൗൺ സിൻഡ്രോം, ഓട്ടിസം തുടങ്ങി വിവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിൽ ലഭിക്കുമ്പോൾ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് പരിമിതി ഉള്ളതിനെ തുടർന്നായിരുന്നു ഇത്. 2021ൽ 17 കുട്ടികളുമായാണ് കെയർഹോം തുടങ്ങിയത്. അവരിൽ ഏഴു പേരെ വിവിധയിടങ്ങളിൽ നിന്നുള്ള ദമ്പതിമാർ സർക്കാർ സംവിധാനങ്ങളിലൂടെ ദത്തെടുത്തു. ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിനെ ദത്തെടുക്കാൻ എത്തിയത് യുഎസിലെ വ്യോമസേനാ ഉദ്യോഗസ്ഥൻ മാത്യു ഹോഗനും ഭാര്യ മിന്റയുമാണ്. കോഴിക്കോട് കുടുംബക്കോടതി വഴി നിയമനടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം കുഞ്ഞുമായി അവർ അമേരിക്കയിലേക്കു മടങ്ങി.
12 വർഷമായി തുടരുന്ന സാമൂഹിക സേവനത്തിന് നെസ്റ്റിനെയും ടി.കെ.യൂനസിനെയും തേടി സംസ്ഥാന സർക്കാരിന്റേതടക്കമുള്ള പുരസ്കാരങ്ങളും എത്തി. ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം കഴിഞ്ഞ വർഷമാണ് നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്ററിനു ലഭിച്ചത്.
കെയർഹോം തുടങ്ങിയ ശേഷമുള്ള ആദ്യദിവസം യൂനസിന് ഒരിക്കലും മറക്കാൻ പറ്റില്ല. ആദ്യമായി കെയർഹോമിൽ എത്തിയ കുഞ്ഞിന് രാത്രി അപസ്മാരബാധയുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയുടെ വരാന്തയിൽ എന്തു ചെയ്യുമെന്നറിയാതെ ഒരു രാത്രി മുഴുവൻ യൂനസ് ഇരുന്നു. പിന്നീട് പലതവണയായി കുഞ്ഞിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇത്തരം പ്രതിസന്ധികൾ ഇപ്പോൾ യൂനസിന്റെയും സഹപ്രവർത്തകരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആരോഗ്യവും ചിന്താശേഷിയുമടക്കം ദൈവം തന്ന അനുഗ്രഹങ്ങൾ സമൂഹത്തിന് തിരിച്ചു നൽകുക എന്ന സന്ദേശവുമായി അവർ യാത്ര തുടരുന്നു.