ചുവപ്പിച്ച വഴികൾ; ഛത്തീസ്ഗഡിലെ ബസ്തർ റീജനിലെ മനോഹരവും കൗതുകം ജനിപ്പിക്കുന്നതുമായ കാഴ്ചകൾ
Mail This Article
തന്റെ മകൾ അരജയെ ശിഷ്യൻ ദണ്ഡൻ ശാരീരികമായി ഉപദ്രവിച്ചുവെന്നറിഞ്ഞ ശുക്രാചാര്യർ ശപിച്ചു: ദണ്ഡന്റെ സാമ്രാജ്യം നശിച്ചു പോകട്ടെ എന്ന്. പൊടി പിടിച്ച അവിടെ പിന്നെ കാടു പടർന്നു. ശ്രീരാമലക്ഷ്മണൻമാരും സീതയും വനവാസത്തിനു പോകുന്നത് ഈ ദണ്ഡകാരണ്യത്തിലാണ്. ഖരദൂഷണന്മാരുമായുള്ള രാമലക്ഷ്മണ യുദ്ധം നടക്കുന്നതും ശൂർപ്പണഖയുടെ അംഗഛേദം നടത്തുന്നതും സീതാപഹരണം നടക്കുന്നതും എല്ലാം ഇവിടെ വച്ചാണ്.
ഇത് രാമായണത്തിലെ കഥ. ദണ്ഡകാരണ്യം ഉൾപ്പെടുന്ന ഛത്തീസ്ഗഡിലെ ഈ ബസ്തർ മേഖലയ്ക്കു ചുവന്ന ഇടനാഴി എന്നാണ് രാഷ്ട്രീയത്തിൽ വിളിപ്പേര്. മാവോയിസ്റ്റുകളുടെ ഒളിപ്പോരും ഏറ്റുമുട്ടലുകളും ബസ്തറിനെ വാർത്തകളിൽ സജീവമാക്കുന്നു. പുരാണം കൊണ്ടും ചരിത്രം കൊണ്ടും പരിചിതമായ ബസ്തർ മേഖലയിലൂടെ ഒരു യാത്ര.....
ആഴ്ചപ്പോര്
ബസ്തറിൽ റോഡരികിൽ വിജനമായ പ്രദേശങ്ങൾക്കിടെ ഒഴിഞ്ഞ വിശാലമായ പറമ്പുകൾ ഇടയ്ക്കിടെ കാണാം. നാരായൺപുർ ജില്ലയിൽ ഒരിടത്ത് അതു പോലൊരു പറമ്പിൽ ആകെ തിരക്ക്. ആഴ്ചച്ചന്തയാണ് അതെന്ന് ഡ്രൈവർ ഗോവിന്ദ് പറഞ്ഞു. ഓരോ പറമ്പിലും ആഴ്ചയിൽ ഓരോ ദിവസമാണ് ചന്ത. ചിലയിടങ്ങളിൽ രണ്ടു ദിവസം ഉണ്ടാകും. കടകൾ തമ്മിൽ അതിർത്തിയില്ല.
പറമ്പിന്റെ ഒഴിഞ്ഞ മൂലയിലാണ് ഏറ്റവും തിരക്ക്. കമ്പുകൾ കൊണ്ട് വേർതിരിച്ചിരിക്കുന്ന ഒരു കെട്ടിനകത്ത് കോഴിപ്പോരിനുള്ള ഒരുക്കമാണ്. പോരിനുള്ള രണ്ടു കോഴികൾ മുഖാമുഖം നിൽക്കുന്നു. അവയുടെ കാലിലെ കയറിൽ പിടിച്ച് രണ്ടു പേരും. ചുറ്റിലും കൂടിനിൽക്കുന്ന മനുഷ്യരാണ് യഥാർഥ പോരുകാർ. അവർ ആവേശത്തോടെ ‘‘കറുത്ത കോഴി’’, ‘‘ചുവന്ന കോഴി’’ എന്നൊക്കെ ആർത്തു വിളിക്കുന്നുണ്ട്. ബസ്തറിലെ നാടൻ മഹുവയുടെ മണം ആ ആവേശത്തിനൊപ്പം വായുവിൽ നിറയുന്നു.
കോഴിയുടെ കാലിൽ കത്തി കെട്ടിവച്ചതിന്റെ മുറുക്കം ഇടയ്ക്കിടെ ഓരോരുത്തർ വന്നു നോക്കുന്നുണ്ട്. ഓരോ കോഴിയുടെ പേരിലും പന്തയം വയ്ക്കാം. നൂറു വച്ചാൽ ഇരുനൂറ്. അഞ്ഞൂറ് വച്ചാൽ ആയിരം..!! പക്ഷേ പന്തയക്കോഴി കഴുത്തൊടിഞ്ഞു വീണാൽ, വാതു വച്ചതു പോകും.
പോര് തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ പിരിവു തുടങ്ങും. ചന്തയിൽ സാധനം കൊടുത്തു കിട്ടിയ പണത്തിന്റെ പകുതിയും ചിലർ ആദ്യമേ പന്തയത്തിനിറക്കും. അഞ്ഞൂറിന്റെ ഒറ്റനോട്ട് ഒക്കെ ഒറ്റയടിക്ക് വീശും. മുഷിഞ്ഞ ഷർട്ടും പാന്റ്സും ധരിച്ചെത്തിയവരിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഇല്ലായ്മ വാതുവയ്പ്പിൽ കാണാനില്ല.
‘‘ചന്തയിൽ നിന്നു കിട്ടിയ പൈസ വീട്ടിൽ കൊണ്ടു പോകണ്ടേ?’’– ഒരാളോടു ചോദിച്ചു.
‘‘കിട്ടിയാൽ ഇരട്ടി കൊണ്ടു പോകാമല്ലോ?’’
‘‘കിട്ടിയില്ലെങ്കിലോ?’’
അതിന് ഉത്തരം പറയാതെ അയാൾ ആൾക്കൂട്ടത്തിലലിഞ്ഞു.
പോരിനുള്ള വിസിലടിക്കുന്നതോടെ കയറിലെ പിടി വിട്ടു. കോഴികൾ പറന്നു പൊങ്ങി വായുവിൽ ഏറ്റുമുട്ടുന്നു. ആളുകൾ കൈ വായുവിലെറിഞ്ഞ് പോരിൽ കൂടെക്കൂടുന്നു. അധികം കഴിയും മുൻപ് മണ്ണിൽ ചോര വീഴുന്നു; ഒരു കോഴിയും. കുറെപ്പേർ തുള്ളിച്ചാടി ജയം ആഘോഷിക്കുന്നു. തോറ്റവർക്കു വിഷമമില്ല. അവർ അടുത്ത പോരിനായി അടുത്ത നോട്ട് പുറത്തെടുക്കുകയാണ്. അതിലും ചിലപ്പോൾ പരാജയമായിരിക്കും.
ഒരാഴ്ചത്തെ അധ്വാനമാണ് കോഴികളുടെ കാൽപ്പിഴയിൽ പൊയ്പ്പോകുന്നത്. കണ്ടുനിൽക്കുന്ന നമുക്ക് വലിയ നിരാശ തോന്നിയേക്കാം. പക്ഷേ, അവർക്കു നിരാശയില്ല. അടുത്തയാഴ്ച വീണ്ടും ഇവിടെത്തന്നെ ചന്ത ഉണ്ടല്ലോ...
ഓർമക്കല്ലുകൾ
ദന്തേവാഡയിൽ കാട്ടുപൂവുകൾ വിരിഞ്ഞു നിൽക്കുന്നതിനിടയിൽ പലക കുത്തിനിർത്തിയിരിക്കുന്നത് പലയിടത്തു കണ്ടു. ആറോ ഏഴോ അടി നീളത്തിൽ ഒരു മീറ്റർ വീതിയിലുള്ള പലകകൾ. വാഹനത്തിൽ നിന്നു നോക്കിയപ്പോൾ അതിലെല്ലാം കുട്ടികൾ കുത്തിവരച്ചിരിക്കുന്നതായി തോന്നി. ഒരെണ്ണത്തിന്റെ അടുത്തു ചെന്നു നോക്കിയപ്പോൾ മനസ്സിലായി, പലകയിൽ കുത്തിക്കോറിയിട്ടിരിക്കുകയല്ല, അതെല്ലാം വരകളാണ്. ഒരു സ്ത്രീയുടെ മുഖം, വീട്ടുജോലികൾ എന്നു തോന്നിക്കുന്നതും കൃഷിപ്പണിയുടേത് എന്നു തോന്നിക്കുന്നതുമായ പലപല വരകൾ.
മരിച്ച ഒരു സ്ത്രീയുടെ ചിത്രങ്ങളാണു വരച്ചിരിക്കുന്നത് എന്ന്, ക്യാമറ കണ്ട് ഞങ്ങൾക്കടുത്തു വന്ന ആൾ പറഞ്ഞുതന്നു. മൃതദേഹം കുഴിച്ചിട്ടിരിക്കുന്നിടത്ത് തലയുടെ ഭാഗം വരുന്നിടത്താണത്രെ പലക കുത്തി നിർത്തിയിരിക്കുന്നത്. മരിച്ച സ്ത്രീക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിട്ടല്ല, ആദിവാസികളുടെ രീതിയാണിത്. മരിച്ച ആളെ അനുസ്മരിപ്പിക്കുന്ന വരകൾ ചേർത്ത് മെമ്മറി പില്ലറുകൾ സ്ഥാപിക്കും.
പ്രത്യേക സിദ്ധി ഉള്ളവരെയാണ് ഇതിൽ ചിത്രം വരയ്ക്കാൻ ഏൽപിക്കുക. മരിച്ച ആളുടെ പ്രത്യേകതകളെല്ലാം ബന്ധുക്കളിൽ നിന്ന് മനസ്സിലാക്കി വരയ്ക്കാൻ വന്ന ആൾ ഒന്നോ രണ്ടോ ദിവസം ധ്യാനമിരിക്കും. അപ്പോൾ, തന്നെക്കുറിച്ച് എന്തൊക്കെ രേഖപ്പെടുത്തണമെന്ന് പ്രേതം വന്നു പറഞ്ഞുകൊടുക്കുമത്രെ.
അതോടെ വര തുടങ്ങും. വലിയ പണച്ചെലവ് ഉള്ള ഏർപ്പാടാണ് മെമ്മറി പില്ലർ. അവിടെ നിന്ന് പോകെപ്പോകെ കല്ലുകൊണ്ടുള്ള പില്ലറുകളും കണ്ടു. അതിലും വരകളുണ്ട്. ചിലതിൽ എഴുത്തുമുണ്ട്. അതും മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ്. ചിലതിൽ രതിചിത്രങ്ങളെ ഓർമിപ്പിക്കുന്ന വരകൾ കണ്ടു. അത് എന്തുകൊണ്ടെന്ന് ആരും വിശദീകരിച്ചു തന്നില്ല.
തോക്കിൻ മുനയിൽ
ബസ്തർ വനമേഖലയിൽപ്പെട്ട സുക്മ, ബിജാപുർ ജില്ലകളുടെ അതിർത്തി ഗ്രാമമാണ് സിലിഗേർ. ജഗദൽപുരിൽ നിന്ന് ബിജാപുരിൽ ചെന്ന് സിലിഗേറിലേക്കു പോകുമ്പോൾ റോഡിന്റെ വശങ്ങളിൽ നിരനിരയായി സ്പെഷൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് സേനാംഗങ്ങളെ കാണാം. കയ്യിൽ മെറ്റൽ ഡിറ്റക്ടറും ഉണ്ട്. കൈവീശി കാണിച്ചാലും ചിരിച്ചാലും അവർക്ക് പ്രതികരണമില്ല. ശ്രദ്ധ റോഡരികിൽ മാത്രം; അവിടെ മാവോയിസ്റ്റുകൾ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ? എപ്പോൾ വേണമെങ്കിലും ഒരു സ്ഫോടനം– അത് അവർ കണക്കാക്കുന്നുണ്ട്.
മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന സിലിഗേർ ഗ്രാമത്തിലേക്ക് ബിജാപുരിൽ നിന്നു തന്നെ 70 കിലോമീറ്റർ ദൂരമുണ്ട്. ഇതിൽ അവസാനത്തെ 22 കിലോമീറ്റർ സിആർപിഎഫും പൊലീസും ചേർന്ന് നിർമിച്ച റോഡാണ്. ഇരുവശവും കാട്. ഈ റോഡിൽ ഓരോ രണ്ടു കിലോമീറ്ററിലും ഇരുവശത്തുമുള്ള മണൽച്ചാക്ക് കാബിനുകൾ പുറത്തു നിന്നു വരുന്നവർക്ക് ഒരു കാഴ്ച തന്നെ.
ഓരോ മണൽച്ചാക്ക് കുടിലിലും കാട്ടിലേക്ക് തോക്കുമായി ഉന്നം പിടിച്ചു നിൽക്കുന്ന ഒരു സേനാംഗവും വാഹനം പരിശോധിക്കാൻ മറ്റൊരാളും കാണും . മണൽച്ചാക്കുകൾ ഒരാൾ ഉയരത്തിൽ നാലുപാടും അടുക്കി വച്ച് അതിനു മധ്യത്തിലാണ് തോക്കുമായി സൈനികൻ നിൽക്കുക. തോക്കും തൊപ്പിയും മാത്രമേ പുറത്തു നിന്നു നോക്കുമ്പോൾ കാണാനാകൂ. വേണ്ടിവന്നാൽ വെടിയുണ്ട പായേണ്ടതും ഇതിലൂടെ തന്നെ.
ബസ്തറിന്റെ മനസ്സ്
ജഗദൽപുരിൽ നിന്ന് സുക്മയിലേക്കുള്ള പ്രധാന പാതയിൽ 35 കിലോമീറ്റർ മാറിയുള്ള കാംഗേർവാലി ദേശീയോദ്യാനത്തിലെ ചുണ്ണാമ്പുക്കല്ല് ഗുഹ കണ്ടു തിരിച്ചെത്തുമ്പോൾ ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിൽ ചന്തയോടു ചേർന്ന് ആദിവാസി സംഘം നൃത്തം അവതരിപ്പിക്കാൻ തയാറായി നിൽക്കുന്നു. വേട്ടയാടലാണ് മിക്കതിന്റെയും പ്രമേയം.
നൃത്തം കഴിഞ്ഞിട്ടേ പണം വാങ്ങൂ. എത്ര കൊടുത്താലും പരാതിയില്ല. 20 കൊടുക്കുന്നവർക്കു മുൻപിലും 200 കൊടുക്കുന്നവർക്കു മുൻപിലും അവതരിപ്പിക്കുന്നത് ഒന്നുതന്നെ. കിട്ടുന്നത് വീതിച്ചെടുത്ത് അവർ മടങ്ങും. ബസ്തറിന്റെ മനസ്സ് ഇങ്ങനെയൊക്കെയാണെന്നു തോന്നുന്നു. കുറഞ്ഞുപോയി എന്ന പരിഭവമില്ല; നഷ്ടപ്പെട്ടതിനെപ്പറ്റി ആവലാതിയും.