ADVERTISEMENT

ഗൾഫിൽ പോകുന്നവരെക്കുറിച്ച് കേരളത്തിന് ഉറപ്പുള്ളൊരു കാര്യമുണ്ട്, എത്ര കാലം കഴിഞ്ഞാലും ഒരിക്കൽ അവരൊക്കെ ഇങ്ങു തിരിച്ചു പോരുമെന്ന്. അവരുടെ മണ്ണും പറമ്പുമൊക്കെ ദാ ഇവിടല്ലേ, അവിടെയൊരു വലിയ വീടു വച്ചു കുട്ടികളെ പഠിപ്പിച്ചും കൊച്ചുമക്കളെ കളിപ്പിച്ചും ശിഷ്ടകാലം അവർ ഇവിടെ കൂടും. അതോർത്താണ് കവികൾ നാളികേരത്തിന്റെ നാട്ടിലെ നാഴി ഇടങ്ങഴി മണ്ണിനെക്കുറിച്ചും, തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നുമൊക്കെ പാടിയത്.

പ്രവാസികളെ കുറിച്ചുള്ള ഈ പൊതു തത്വത്തെ പൊളിച്ചെഴുതുകയാണ് ഗൾഫിന്റെ പറുദീസയായ ദുബായ്. അമേരിക്കയിലും കാനഡയിലും യുകെയിലുമൊക്കെ കുടിയേറും പോലെ മലയാളികൾ പതുക്കെ ഈ മണ്ണിൽ അവരുടെ ആധാരം എഴുതി തുടങ്ങിയിരിക്കുന്നു. 

വീടും വിലാസവും 

ഗൾഫിലൊരിത്തിരി മണ്ണ്, അതു പ്രവാസികൾക്ക് ഒരു കാലം വരെ നിഷിദ്ധമായിരുന്നു. എത്ര നാൾ ജോലി ചെയ്താലും ഈ മണൽപ്പരപ്പിലെ ഒരു തുണ്ട് ഭൂമിക്കു പോലും പ്രവാസികൾക്ക് അവകാശമില്ലായിരുന്നു. കാലം അങ്ങനെയാണ്, മാറാൻ തുടങ്ങിയാൽ പിന്നെ വല്ലാതെ മാറും. വീടുകളും സ്ഥലവും സ്വന്തമാക്കാൻ ദുബായ് ഫ്രീ ഹോൾഡുകൾ (വിദേശികൾക്ക് സ്ഥലം വാങ്ങാവുന്ന മേഖല) തുറന്നതോടെയാണ് ചിത്രം മാറി തുടങ്ങിയത്.

ഇന്നു ദുബായിൽ സ്വന്തമായി ഒരു വീടെന്നു പറയുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യ സ്വപ്നമൊന്നുമല്ല. നാട്ടിൽ വീടു വയ്ക്കുന്ന പണമുണ്ടെങ്കിൽ ഒരു മിഡിൽ ക്ലാസ് കുടുംബത്തിനു പോലും ദുബായിൽ സ്വന്തമായൊരു വീട് സാധ്യമാണ്. നാട്ടിലെ ഭവന വായ്പയുടെ പലിശയുമായി തട്ടിച്ചു നോക്കിയാൽ തുച്ഛമാണ് തിരിച്ചടവ്. ഒരിക്കലും തിരിച്ചു കിട്ടാത്ത വാടകയേക്കാൾ എന്തു കൊണ്ടും ലാഭം ഇഎംഐകളാണെന്നു മലയാളികൾ തിരിച്ചറിഞ്ഞതോടെ ദുബായിലെ ഒട്ടുമിക്ക ഫ്രീ ഹോൾഡുകളിലും ഇന്നു മലയാളി ഉടമകളെ കാണാം. 

പാം ജുമൈറ, ബുർജ് ഖലീഫ, ബിസിനസ് ബേ, ദുബായ് മറീന, എമിറേറ്റ്സ് ഹിൽസ്, ജുമൈറ ലേക്ക് ടവേഴ്സ്, ജുമൈറ ബീച്ച് റസിഡൻസ്, മിർദിഫ്, ഫാൽക്കൺ സിറ്റി, ദുബായ് സ്പോർട്സ് സിറ്റി, ദുബായ് മോട്ടർ സിറ്റി – നാലു പേരോടു പറയുമ്പോൾ അന്തസ്സുള്ള പേരുകൾ തന്നെയാണ് എല്ലാം. ഇവിടെയൊക്കെയാണ് പ്രവാസികൾക്കായി ദുബായ് ഫ്രീ ഹോൾഡുകൾ ഒരുക്കിയിരിക്കുന്നത്. ഷാർജയിലും അജ്മാനിലും ഫ്രീ ഹോൾഡുകളുണ്ട്. അവിടെയും വീടുകൾ സ്വന്തമാക്കാം. 

മലയാളി വീടുകൾ 

ഗൾഫ് രാജ്യങ്ങളിലെ മലയാളത്തിന്റെ ബ്രാൻഡ് അംബാസഡർ എം.എ.യൂസഫലി മുതൽ ബിസിനസുകാർ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, ഐടി പ്രഫഷനലുകൾ, ഇൻഫ്ലുവൻസർമാർ, റേഡിയോ ജോക്കികൾ ഉൾപ്പെടെ ഈന്തപ്പനകളുടെ നാട്ടിൽ ഇടങ്ങഴി മണ്ണുള്ളവർ എത്രയോ പേർ. മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരങ്ങളിൽ ഈ നാട്ടിൽ വില്ലകളോ ഫ്ലാറ്റുകളോ ഇല്ലാത്തവർ ചുരുക്കം.

ദുബായ് ഡൗൺ ടൗണിന്റെ ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള ദൃശ്യം.
ദുബായ് ഡൗൺ ടൗണിന്റെ ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള ദൃശ്യം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ 21 ഫ്ലാറ്റുകൾ ഒരിക്കൽ സ്വന്തമാക്കിയത് തൃശൂരിൽ നിന്നുള്ള പ്രമുഖ കരാറുകാരനാണ്. അന്നു സച്ചിൻ തെൻഡുൽക്കർക്കു പോലും ബുർജ് ഖലീഫയിൽ ഒരു ഫ്ലാറ്റ് മാത്രമായിരുന്നു സ്വന്തമായുണ്ടായിരുന്നത്. 

ചില മലയാളി വീടുകളുടെ അയൽപക്കങ്ങളിൽ ആരെന്നതു കൗതുകം നിറഞ്ഞ കാഴ്ചകളാണ്. വീട്ടിലിത്തിരി പായസം ഉണ്ടാക്കിയതിന്റെ വീതം അടുത്ത വീട്ടിൽ കൊടുക്കാൻ പോയാൽ അതു വാങ്ങാൻ പുറത്തു വരുന്നത് ചിലപ്പോൾ മുൻ പ്രധാനമന്ത്രിമാരോ കേന്ദ്രമന്ത്രിമാരോ ക്രിക്കറ്റ് ഇതിഹാസങ്ങളോ ആയിരിക്കും. 

ഗൃഹാതുരത കുറഞ്ഞിട്ടല്ല... 

നാടിനോടു വെറുപ്പോ പരാതിയോ ഇല്ല. പക്ഷേ, ഇവിടെ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാണ് മലയാളിക്ക്. പ്രിയപ്പെട്ടതെല്ലാം കയ്യെത്തും ദൂരത്തുണ്ട്. ഓണവും വിഷവും ഞാറ്റുവേലയും തിരുവാതിരയും വരെ. മാസങ്ങൾ നീളുന്ന ഓണാഘോഷവും വിഷുവും ക്രിസ്മസും ദീപാവലിയുമൊക്കെ ലോകത്ത് വേറെ എവിടെയുണ്ട്?. ഉച്ചയ്ക്ക് നല്ലൊരു ഊണ് വേണമെന്നു വിചാരിച്ചാൽ തരാതരത്തിനു മലയാളി റസ്റ്ററന്റുകൾ. നല്ല തൂശനിലയിൽ തുമ്പപ്പൂ ചോറുണ്ണാം.

പത്താം ക്ലാസിനു ശേഷമുള്ള കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു മറ്റൊരു വെല്ലുവിളി. ഇപ്പോൾ അതിനും പരിഹാരമായി. ഹയർ സെക്കൻഡറി സ്കൂളുകളും ലോകോത്തര യൂണിവേഴ്സിറ്റികളും ഇവിടെ തയാർ. അമേരിക്കയിലും കാനഡയിലും യുകെയിലും പോയി പഠിക്കേണ്ട. അവരുടെ ക്യാംപസുകൾ ഇവിടെ തന്നെയുണ്ട്. 

കൊളുത്തി വലിക്കുന്ന മണ്ണ് 

ഗൾഫിലെ ചൂടിന് ദുബായിലും കുറവൊന്നുമില്ല. പണമുണ്ടാക്കണമെങ്കിൽ നന്നായി പണിയെടുക്കണം. വരുമാനം പോലെ തന്നെ നല്ല ചെലവുണ്ട്. എന്നിരുന്നാലും മലയാളികളെ കൊളുത്തി വലിക്കുന്നൊരു സ്നേഹച്ചങ്ങല ഈ മണ്ണിലുണ്ട്. മുപ്പതും നാൽപ്പതും വർഷം കഴിഞ്ഞും ഈ മണ്ണിനെ നെഞ്ചോടു ചേർത്ത് നിർത്തുന്ന പ്രവാസികളെ കാണുമ്പോൾ നമുക്കു തോന്നും ഇത് അവരുടെ ജന്മദേശമാണെന്ന്. നാട്ടിലേക്കു തിരികെ കുടിയേറുന്ന പ്രവാസികൾക്ക് കരയ്ക്കു പിടിച്ചിടുന്ന മീനിന്റെ പിടച്ചിലുണ്ടാകും ഉള്ളിൽ. 

ഒരു യൂറോപ്യൻ രാജ്യത്ത് എത്തിയതു പോലെയാണ് ദുബായിയുടെ മട്ടും ഭാവവും. കണ്ണുകെട്ടി ഒരാളെ ഏതെങ്കിലും ഒരു കോണിൽ ഇറക്കി വിട്ടാൽ ഇതൊരു മരുഭൂമിയാണെന്നു പോലും തിരിച്ചറിയുക അസാധ്യം. ചൂടു മാത്രമാണൊരു തിരിച്ചറിയൽ രേഖ !. 

അടിസ്ഥാന സൗകര്യങ്ങൾ കൊണ്ട് ഒരു നാടിന് എങ്ങനെ വികസിക്കാമെന്നു കാണിച്ചു തരികയാണ് ദുബായ്. ഒപ്പം, വിശിഷ്ടമായ മാനവ വിഭവ ശേഷിയെ എങ്ങനെയും ഈ രാജ്യത്തു തന്നെ പിടിച്ചു നിർത്താനുള്ള വൈഭവവും അവർ കാട്ടുന്നു. ഈ നാടിന് ഉപകരിക്കുന്നവർ ഏതു രാജ്യക്കാരാണെങ്കിലും അവരെ എല്ലാ സൗകര്യങ്ങളും നൽകി ഇവിടെ പിടിച്ചു നിർത്തും.

10 വർഷത്തെ ഗോൾഡൻ വീസ മുതൽ തൊഴിൽ അന്വേഷിച്ചു വരാനുള്ള ഫ്രീലാൻസ് വീസ വരെ എന്തെല്ലാം സാഹചര്യങ്ങളാണ് പ്രവാസികളെ പിടിച്ചു നിർത്താൻ ഈ രാജ്യം ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലയിലെ പ്രതിഭകൾക്കും നിക്ഷേപകർക്കുമാണ് രാജ്യം ഗോൾഡൻ വീസ നൽകുന്നത്.  ജോലി തേടി സന്ദർശക വീസയിൽ വന്ന് തൊഴി‍ൽ തട്ടിപ്പുകാരുടെ പിടിയിൽ വീഴാതിരിക്കാൻ തൊഴിൽ അന്വേഷകർക്കായി ഒരു വർഷത്തെ ഫ്രീലാൻസ് വീസ, വർക്ക് ഫ്രം ഹോം വീസ, എന്തിനേറെ നന്നായി വിഡിയോ ഗെയിം കളിക്കുമെങ്കിൽ അതിനും പ്രത്യേക വീസ. നിങ്ങളിൽ പ്രതിഭയുണ്ടോ? എങ്കിൽ ഇവർ നിങ്ങളെ എവിടേക്കും വിടില്ല. 

പരീക്ഷിച്ച് പഠിക്കും

ലോകത്തിലെ ഏതു ശാസ്ത്ര സാങ്കേതിക നേട്ടവും ആദ്യം ഇവിടെ പരീക്ഷിക്കണമെന്ന നിർബന്ധ ബുദ്ധിയുണ്ട് ദുബായിക്ക്. പറക്കും ടാക്സിയും ഡ്രൈവറില്ലാ കാറും മുതൽ റോബട് ഡെലിവറി ബോയ് വരെ എന്തിനും ഈ മണ്ണിന്റെ കവാടം തുറന്നിരിക്കും. സാങ്കേതിക വിദ്യയെ മനുഷ്യനുമായി ചേർത്തു നിർത്തുന്ന ദുബായിയുടെ വൈഭവം ഒരു നോട്ടം കൊണ്ടു പോലും തുറന്നു കിട്ടുന്ന വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഗേറ്റുകൾ മുതൽ നമ്മൾ അറിഞ്ഞു തുടങ്ങും.

പെട്രോളിയം ഉൽപന്നങ്ങൾ ലോകമെമ്പാടും കയറ്റി അയയ്ക്കുന്ന രാജ്യത്ത് ടാക്സികളായി ഓടുന്ന ടെസ്‌ല ഇലക്ട്രിക് കാറുകൾ. എണ്ണയിതര സമ്പദ് ഘടന രൂപപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും റോബട്ടിക്സിനെയും കോഡിങ്ങിനെയും വരെ വരുമാന സ്രോതസ്സുകളായി മാറ്റിയെടുക്കുന്ന സർക്കാർ നയം.

ഈ സൗകര്യങ്ങളത്രയും പ്രവാസികളുമായി പങ്കുവയ്ക്കുന്നതാണ് യുഎഇയുടെ സംസ്കാരം. ആകെ 94 ലക്ഷം വരുന്ന ജനസംഖ്യയിൽ 11 ലക്ഷം മാത്രമാണ് പൗരന്മാർ. അതിലും എത്രയോ ഇരട്ടിയാണ് പ്രവാസികൾ. ഇന്ത്യക്കാർ മാത്രം 35 ലക്ഷമുണ്ടെന്നാണ് കണക്ക്.

English Summary:

Malayali houses in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com