കമലയ്ക്ക്, അൻപോടു തുളസീന്ദ്രപുരം
Mail This Article
തുളസീന്ദ്രപുരം വീണ്ടും ആകാംക്ഷയിലാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഓരോ സംഭവവികാസവും ഓരോ ചെറിയ വിവരവും തമിഴ്നാട്ടിലെ ഈ കൊച്ചുഗ്രാമം പിന്തുടരുന്നു. 2020 ലേക്കാൾ തീവ്രത അതിനിപ്പോഴുണ്ട്.
ചെന്നൈയിൽനിന്ന് ഏതാണ്ട് 330 കിലോമീറ്ററോളം അകലെ; തിരുവാരൂർ ജില്ലയിലാണ് മന്നാർഗുഡി തുളസീന്ദ്രപുരം. ആകാംക്ഷ വെറുതേയല്ല; ഈ നാടിന്റെ പേരക്കുട്ടിയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. യുഎസ് രാഷ്ട്രീയത്തിൽ കമലയുടെ ഓരോ ഉയർച്ചയ്ക്കു പിന്നിലും ഗ്രാമത്തിലെ കുലദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ഗ്രാമവാസികൾ. 2020ൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോഴും ഗ്രാമം പ്രാർഥനയോടെ കമലയുടെ പിന്നിലുണ്ടായിരുന്നു.
ഒരു നൂറ്റാണ്ട് മുൻപ് ഇവിടെ
നൂറോളം അഗ്രഹാരങ്ങളുണ്ടായിരുന്ന ഈ ഗ്രാമത്തിൽ 1911ലാണു പൈങ്ങനാട് വെങ്കിട്ടരാമൻ ഗോപാലൻ അയ്യർ എന്ന പി.വി.ഗോപാലന്റെ ജനനം; കമലയുടെ മുത്തച്ഛൻ. കാലം കടന്നു പോകവേ ഏറ്റവും പുരോഗമനവാദിയായി അദ്ദേഹം മാറി.
സ്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിലേക്കു വരണമെങ്കിൽ അവർക്കു വേണ്ട വിദ്യാഭ്യാസം നൽകണമെന്ന നിർബന്ധമുണ്ടായിരുന്ന ഗോപാലൻ തന്റെ പെൺമക്കൾക്കും മികച്ച പഠന സാഹചര്യം ഉറപ്പാക്കി. അവരിൽ ഒരാളാണു ശ്യാമള ഗോപാലൻ; കമലയുടെ അമ്മ. ബ്രിട്ടിഷ് ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ ജോലിക്കായി താമസം ആദ്യം ചെന്നൈയിലേക്കും പിന്നീട് ഡൽഹിയിലേക്കും മാറ്റി.
ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സിംബാബ്‌വെയുടെ ആദ്യ നാമമായ റൊഡേഷ്യയിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സാംബിയയെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ നിയോഗിച്ചത് പി.വി.ഗോപാലനെയായിരുന്നു. പിന്നീട് സാംബിയയുടെ ആദ്യ പ്രസിഡന്റ് കെന്നത്ത് കൗണ്ടയുടെ ഉപദേശകനായും മാറി. അക്കാലത്ത്, 19 വയസ്സുള്ള ശ്യാമള ഗോപാലൻ ബെർക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ ബയോമെഡിക്കൽ സയൻസ് വിദ്യാർഥിയായി യുഎസിലെത്തി. എൻഡോക്രൈനോളജിയിൽ പിഎച്ച്ഡി നേടി. സ്തനാർബുദ രോഗത്തിൽ ഗവേഷകയായിരുന്നു അവർ.
ജമൈക്കയിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോണൾഡ് ജെ.ഹാരിസിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്ത ശ്യാമള യുഎസിൽ സ്ഥിരതാമസമാക്കി. ചെന്നൈയിൽ ഡോക്ടറായിരുന്ന സഹോദരി സരള അവിവാഹിതയാണ്.
വിസ്‌കോൻസെൻ-മാഡിസൺ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയ വിദ്യാഭ്യാസ വിദഗ്ധനായ സഹോദരൻ ബാലചന്ദ്രനും ഏറ്റവും ഇളയ സഹോദരിയും കാനഡയിൽ ഇൻഫർമേഷൻ സയന്റിസ്റ്റായ മഹാലക്ഷ്മിയും പിതാവിന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ചവരാണ്.
ഒരു നൂറ്റാണ്ടിനു ശേഷം ഇവിടെ
കഷ്ടിച്ച് രണ്ടോ മൂന്നോ അഗ്രഹാരങ്ങളാണ് ഇപ്പോൾ തുളസീന്ദ്രപുരത്തുള്ളത്. ശ്രീധർമശാസ്താ ക്ഷേത്രമാണ് ഗ്രാമത്തിന്റെ ഇപ്പോഴത്തെ ‘ആസ്ഥാനം’. കമലയുടെ പടുകൂറ്റൻ ഫ്ലെക്സ് ബോർഡാണ് ഇവിടെയെത്തുന്നവരെ സ്വീകരിക്കുക. പി.വി.ഗോപാലന്റെ വീടിരുന്ന സ്ഥലം ഇതിനകം പലതവണ കൈമറിഞ്ഞ് തരിശ് ഭൂമിയായെങ്കിലും കമലയുടെ കഥ തേടിയെത്തുന്നവർ ഇപ്പോഴും ഇവിടം കാണാനെത്തും. ഉയർന്ന ജോലി ലഭിച്ച് ഗ്രാമം വിട്ടു പോകുന്നവരെല്ലാം കുലദൈവത്തെ മറക്കുമ്പോൾ അതിൽ നിന്നു തീർത്തും വ്യത്യസ്തരാണു പി.വി.ഗോപാലന്റെ കുടുംബം. അവരുടെ കൂടി സഹായത്തോടെ നിർമിച്ചതാണു ക്ഷേത്രം. 5 വയസ്സുള്ളപ്പോൾ കമല തുളസീന്ദ്രപുരത്ത് വന്നിട്ടുണ്ട്.
ജോലിയിൽനിന്നു വിരമിച്ച ശേഷം ഗോപാലനും കുടുംബവും താമസിച്ചിരുന്നതു ചെന്നൈയിലെ ബസന്റ് നഗറിലായിരുന്നു. മുത്തച്ഛന്റെ 80–ാം പിറന്നാളിനോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തതു ‘ദ് ട്രൂത്‌സ് വി ഹോൾഡ്’ എന്ന ആത്മകഥയിൽ കമല പറയുന്നുണ്ട്. 1998 ൽ ഗോപാലൻ മരിക്കുന്നതു വരെ, അമ്മ ശ്യാമളയ്ക്കൊപ്പം ഇടയ്ക്കിടെ കമല ചെന്നൈയിലെത്തി. 2009ൽ അമ്മ മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാനാണ് കമല അവസാനം തമിഴ്നാട്ടിലെത്തിയത്.
പ്രാർഥനകളിൽ ഈ നാട്
‘2020-ൽ കമല വൈസ് പ്രസിഡന്റ് പദവിയിലേക്കു നാമനിർദേശം ചെയ്യപ്പെട്ടപ്പോൾ മുതൽ പ്രാർഥനകളോടെ ഞങ്ങൾ ഒപ്പമുണ്ട്. വിജയിച്ചപ്പോൾ ഗ്രാമത്തിലെ വീടുകൾക്കു മുന്നിൽ കോലം വരച്ചും വിളക്കുകൾ തെളിയിച്ചും ആഘോഷമൊരുക്കിയിരുന്നു. ഇത്തവണ പ്രസിഡന്റായാൽ അതിലും വലിയ ആഘോഷത്തിനാണു തയാറെടുക്കുന്നത്..’ – ധർമശാസ്താ ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ എൻ.നടരാജൻ പറയുന്നു. കമല വൈസ് പ്രസിഡന്റായതിനു പിന്നാലെ, ലോകമാധ്യമങ്ങളിൽ തന്നെ ഈ ചെറുഗ്രാമം വാർത്തയായിരുന്നു. യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി സ്കൂളുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചു. ക്ഷേത്രത്തിനു സമീപത്തെ വലിയ വാട്ടർടാങ്കിനു മുന്നിലുള്ള ഫ്ലെക്സ് ബോർഡ് പ്രദേശത്തെ ഡിഎംകെ കൗൺസിലറായ അരുൾമൊഴി സുധാകറാണു സ്ഥാപിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കമലയും ചേർന്നുള്ള ചിത്രമാണു ക്ഷേത്രത്തിനു മുന്നിൽ ജനറൽ സ്റ്റോർ നടത്തുന്ന മണികണ്ഠൻ കടയ്ക്കുള്ളിലെ കൗണ്ടറിനു മുകളിൽ വച്ചിരിക്കുന്നത്. കാരണം ചോദിച്ചാൽ ‘ഇതു നമ്മ പൊണ്ണു താനേ..’ എന്നു ചിരിച്ചു കൊണ്ടു മറുപടി പറയും. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിയോഗിതയായതോടെ വീണ്ടും ഈ ഗ്രാമത്തെ ലോകരാജ്യങ്ങൾ ആകാംക്ഷയോടെ അന്വേഷിച്ചു തുടങ്ങി. വിദേശരാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഇവിടെയെത്തുന്നുണ്ട്.
കമല വരുമോ ഇനിയും..?
2010 ൽ കലിഫോർണിയ അറ്റോണി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുമ്പോൾ കമലയുടെ ആഗ്രഹപ്രകാരം അമ്മയുടെ ഇളയ സഹോദരി സരള ചെന്നൈയിൽ 108 നാളികേരമുടച്ചു പ്രാർഥിച്ചു. ഫലം വന്നപ്പോൾ കമലയുടെ വിളിയെത്തി. ‘ചിത്തി, ഓരോ നാളികേരത്തിനും എനിക്ക് 1000 വോട്ടു വീതം ലഭിച്ചു’.
വൈസ് പ്രസിഡന്റാകാൻ നാമനിർദേശം ലഭിച്ചതിനു പിന്നാലെ കമല നടത്തിയ പ്രസംഗത്തിലും തമിഴ് പൈതൃകം ചേർത്തു പിടിച്ചിരുന്നു. കുടുംബമെന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഭർത്താവും മക്കളും അമ്മാവന്മാരും ചിത്തിമാരും (അമ്മയുടെ സഹോദരിമാർ) ആണെന്നാണു കമല പറഞ്ഞത്. ‘ചിത്തി’ എന്ന തമിഴ് വാക്ക് ഉപയോഗിച്ചതു ലോകമെങ്ങും തമിഴ് സമൂഹം ആഘോഷിച്ചു. യുഎസിൽ അന്നു കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വാക്കും ‘ചിത്തി’ തന്നെ.
12 വർഷത്തെ ഇടവേളകളിലാണ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കുക. ഗ്രാമം വിട്ടു പോയവരെല്ലാം അന്നു തിരിച്ചെത്തി ചടങ്ങിൽ പങ്കെടുക്കണമെന്നാണ് ആചാരം. ഇനി അടുത്ത വർഷമാണു കുംഭാഭിഷേകം. അതിനു മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം വരും. വൻ സുരക്ഷാ സന്നാഹത്തോടെ മുത്തച്ഛന്റെ ഗ്രാമത്തിൽ കുലദൈവത്തെ തൊഴാനും അനുഗ്രഹം വാങ്ങാനും കമല എത്തുമ്പോൾ ആരതി ഉഴിഞ്ഞു സ്വീകരിക്കാൻ കാത്തിരിക്കുകയാണു തുളസീന്ദ്രപുരം. ഇവിടെയുള്ള ഓരോ മനസ്സും പറഞ്ഞു കൊണ്ടേയിരിക്കുന്നു.. ‘കമല ജയിക്കപ്പോറെ.. കണ്ടിപ്പാ ജയിക്കപ്പോറെ..!’