ട്രംപ് ജയിച്ചാൽ യുഎസിന് തെലുങ്കു സംസാരിക്കുന്ന ‘സെക്കൻഡ് ലേഡി’; ഉഷ ചിലുകുറിയിൽനിന്ന് ഉഷ വാൻസിലേക്കുള്ള യാത്ര
Mail This Article
ആ ചിരി കണ്ടാൽ, സാൻ ഡിയേഗോയിലെ സൂര്യന്റെ പ്രസരിപ്പ്!’ അറിവിലും അഴകിലും ക്യാംപസിനെ വിസ്മയിപ്പിച്ച ഇന്ത്യൻ വിദ്യാർഥിനിക്ക് യേൽ കോളജ് നൽകിയത് പ്രഭയേറിയ പ്രശംസ. ക്യാംപസിന്റെ ഹൃദയത്തുടിപ്പായ 50 വിദ്യാർഥികളിൽ ഒരാളായി ഉഷ ചിലുകുറി എന്ന ആന്ധ്രക്കാരിയെ കോളജ് ജേണലിൽ അവതരിപ്പിച്ചത് സാൻ ഡിയേഗോയിലെ സൂര്യനുമായി ഉപമിച്ചുകൊണ്ടാണെന്ന കൗതുകവും. ഉദയസൂര്യന്റെ പൊൻവെട്ടത്തിൽക്കുളിച്ച ഉഷ എന്ന പേരിന്റെ പൊരുൾ അമേരിക്കക്കാർക്ക് നന്നായി അറിയാമെന്ന പോലെ.
ആന്ധ്രയിലെ പ്രശസ്തമായ ചിലുകുറി കുടുംബത്തിലെ രാധാകൃഷ്ണ–ലക്ഷ്മി ദമ്പതികളുടെ മകൾ യുഎസിൽ പുതിയ ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിലാണ്. യേൽ ലോ സ്കൂളിൽ സഹപാഠിയായിരുന്ന ഉഷയെ പ്രണയിച്ചു സ്വന്തമാക്കിയ ജെ.ഡി.വാൻസ് എന്ന ഒഹായോക്കാരൻ ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. നവംബറിലെ തിരഞ്ഞെടുപ്പു ജയിച്ച് ഡോണൾഡ് ട്രംപ് പ്രസിഡന്റായാൽ വാൻസാണ് യുഎസ് വൈസ് പ്രസിഡന്റ്. പ്രസിഡന്റിന്റെ പങ്കാളിക്ക് ഫസ്റ്റ് ലേഡി, ഫസ്റ്റ് ജെന്റിൽമാൻ എന്നിങ്ങനെ പദവിപ്പേരുള്ളതു പോലെ, വൈസ് പ്രസിഡന്റിന്റെ പങ്കാളിയെ സെക്കൻഡ് ലേഡി അല്ലെങ്കിൽ സെക്കൻഡ് ജെന്റിൽമാൻ എന്നാണ് വിളിക്കുക. ഇന്ത്യൻ വംശജയായ ആദ്യത്തെ സെക്കൻഡ് ലേഡിയാകും അഭിഭാഷകയായ ഈ 38 വയസ്സുകാരി.
-
Also Read
കമലയ്ക്ക്, അൻപോടു തുളസീന്ദ്രപുരം
വാൻസിന്റെ ആത്മസഖി
ലോകപ്രശസ്തമായ യേൽ ലോ സ്കൂളിലായിരുന്നു ആ പ്രണയം മൊട്ടിട്ടത്. വാൻസും ഉഷയും 2010ൽ കണ്ടുമുട്ടിയത് അവിടെയാണ്. യേൽ മാഗസിൻ എഡിറ്ററായും ഡിബേറ്റ് ടീം നേതാവായും ഉഷ ഒരു പ്രതിഭാസം തന്നെയായിരുന്നു. ലഹരിമരുന്നിന് അടിമയായ അമ്മയെക്കുറിച്ചുള്ള സങ്കടവും ശിഥിലമായ കുടുംബബന്ധങ്ങളുമായി വാൻസിന്റെ ജീവിതം അന്ന് ദുരിതമയമായിരുന്നു. എങ്കിലും ക്യാംപസിലെ ബൗദ്ധികസംവാദങ്ങളിൽ സൂപ്പർസ്റ്റാർ. വാൻസിന്റെ പ്രത്യാശയായി ഉഷ ഉദിച്ചുയർന്നു.
കെന്റക്കിയിൽ 2014–ലായിരുന്നു വിവാഹം. മക്കൾ: യൂവാൻ (6), വിവേക് (4), മിറബെൽ (2). വാൻസിന്റെ ജീവിതസ്മരണകളായ ‘ഹിൽബിലി എലിജി’ ആധാരമാക്കിയുള്ള ഹോളിവുഡ് ചിത്രത്തിൽ ഉഷയെ അവതരിപ്പിച്ചത് ‘സ്ലംഡോഗ് മില്യെനർ’ താരം ഫ്രീഡ പിന്റോയാണ്.
മേക്കപ്പില്ലാതെ, മുഖാമുഖം
ലാളിത്യമാണ് ഉഷയുടെ മുഖമുദ്ര. വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവൻഷൻ വേദിയിൽ ഉഷയുടെ ലളിതമായ വസ്ത്രധാരണവും ചമയങ്ങളില്ലാത്ത മുഖവും ശ്രദ്ധ കവർന്നു. റിപ്പബ്ലിക്കൻ പാർട്ടി കുടുംബത്തിലെ വനിതകളുടെ ഫാഷനബിൾ രീതികളൊന്നും ഉഷയിൽ കണ്ടില്ല. മേക്കപ്പില്ലാതെ, നര വീണ മുടിനാരുകൾ പോലും കറുപ്പിക്കാതെ, സ്വാഭാവിക സൗന്ദര്യത്തിന്റെ തിളക്കവും അതിലേറെ ആത്മവിശ്വാസവുമായി അവർ മൈക്കിന് മുന്നിൽ നിന്നു.
അക്കാദമിക് കുടുംബം
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള സായിപുരത്താണ് ചിലുകുറി കുടുംബത്തിന്റെ വേരുകൾ. 1980കളിലാണ് രാധാകൃഷ്ണയും ലക്ഷ്മിയും യുഎസിലെത്തിയത്. മദ്രാസ് ഐഐടിയിൽ പഠിച്ച് യുഎസിൽ എയ്റോസ്പേസ് എൻജിനീയറായി ജോലി നേടിയ രാധാകൃഷ്ണ ചിലുകുറിയെ ക്രിഷ് എന്നാണ് എല്ലാവരും വിളിക്കുന്നത്. ലക്ഷ്മി അറിയപ്പെടുന്ന മറൈൻ ബയോളജിസ്റ്റാണ്. ഇപ്പോൾ യുണിവേഴ്സിറ്റി ഓഫ് കലിഫോർണിയയ്ക്കു കീഴിൽ സിക്സ്ത് കോളജ് പ്രിൻസിപ്പൽ.
ഉഷയും സഹോദരി ശ്രേയയും കുട്ടിക്കാലം തൊട്ടേ എല്ലാരംഗത്തും മികച്ചുനിന്നു. യേൽ കോളജും ലോ സ്കൂളും കടന്ന് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിജിൽനിന്ന് ഫിലോസഫിയിൽ ബിരുദാനന്തരബിരുദവുമെടുത്ത ഉഷ അഭിഭാഷകയായി മികച്ച കരിയർ തുടരുമ്പോഴാണ് ഒഹായോയിൽനിന്നുള്ള സെനറ്ററായ വാൻസിന്റെ രാഷ്ട്രീയജീവിതത്തിൽ കൂറ്റൻ വഴിത്തിരിവ്.
വിവേകിന്റെ കൂട്ടുകാർ
ഏഷ്യൻ അമേരിക്കക്കാരിൽ എണ്ണം കൊണ്ടും രാഷ്ട്രീയമായ ഇടപെടലാലും ഏറ്റവും സജീവം ഇന്ത്യൻ വംശജരാണ്. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറികളിൽ മത്സരിച്ച ബയോടെക് ഒൻട്രപ്രനർ വിവേക് രാമസ്വാമി തീപ്പൊരി പ്രസംഗങ്ങളുമായി ഏറെ ശ്രദ്ധ നേടിയിരുന്നു. ഒഹായോയിലേക്കു കുടിയേറിയ തൃപ്പൂണിത്തുറക്കാരി ഗീതയുടെയും പാലക്കാട് വടക്കഞ്ചേരി സ്വദേശി വി.ജി.രാമസ്വാമിയുടെയും മകനായ വിവേക് യേൽ ലോ സ്കൂളിൽ ജെ.ഡി. വാൻസിന്റെയും ഉഷയുടെയും സഹപാഠിയായിരുന്നു. ആ കൂട്ടുകെട്ട് ഇപ്പോഴും സുദൃഢം. വാൻസിന്റെയും ഉഷയുടെയും രണ്ടാമത്തെ മകന്റെ പേരും വിവേക് എന്നാണ്. ഫോബ്സ് യുവസമ്പന്നപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള വിവേക് രാമസ്വാമിക്കു ട്രംപ് പ്രസിഡന്റായാൽ സുപ്രധാന പദവിയും ലഭിച്ചേക്കാം. അങ്ങനെ ഭരണതലത്തിലും വാൻസ്–വിവേക് കൂട്ട് പ്രവചിക്കുന്നവരുണ്ട്.