ADVERTISEMENT

കുന്നംകുളത്തെ ഒരു കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരന്റെ മുഖം എന്റെ ഉറക്കംകെടുത്തിക്കൊണ്ടേയിരുന്നു. ഊരും പേരുമറിയാത്ത ഒരു തമിഴ് പയ്യൻ. 1989 മാർച്ചിലാണ് ഞാൻ കുന്നംകുളം എഎസ്പിയായി ചുമതലയേൽക്കുന്നത്. അതിനും 6 മാസം മുൻപു നടന്ന കൊലപാതകമാണ്. ചുമതലയേൽക്കുന്നതിനു മുൻ‍പ് അന്നത്തെ എറണാകുളം ഡിഐജി ഹോർമിസ് തരകനെ സന്ദർശിച്ചപ്പോൾ അദ്ദേഹം ഈ കേസിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ‘ അവിടെ തെളിയിക്കപ്പെടാത്ത 2 കേസുകളുണ്ട്. അതിലൊന്നിൽ മരിച്ച പയ്യനെ തിരിച്ചറിഞ്ഞിട്ടു പോലുമില്ല. പേരും നാടും ഒന്നുമറിയാത്ത ഒരു തമിഴ് പയ്യൻ.’’ അങ്ങനെ കുന്നംകുളത്ത് എത്തുംമുൻപേ ആ പയ്യൻ എന്റെ മനസ്സിൽ കുടിയേറി. 

ചുമതലയേറ്റ ശേഷമുള്ള ആദ്യയോഗത്തിൽ ഞാൻ ഉദ്യോഗസ്ഥരോടു ചോദിച്ചത് ഈ കേസിനെക്കുറിച്ചാണ്. സർക്കിൾ ഇൻസ്പെക്ടർ മറുപടി നൽകി. ‘ആറു മാസം മുൻപു നടന്ന കേസാണ്. ഒരു തമിഴ് പയ്യൻ. തലയ്ക്ക് അടിയേറ്റാണ് മരണം. കുറെ അന്വേഷിച്ചെങ്കിലും മരിച്ചയാൾ ആരാണെന്നു പോലും കണ്ടെത്താൻ കഴിഞ്ഞില്ല. നഗരത്തിൽ ആക്രി പെറുക്കി ജീവിക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ.’’സ്റ്റേഷനിലെ വലിയ കേസുകൾക്കിടയിൽ ആ കൊലപാതകം ഒരു വിഷയമായിരുന്നില്ലെന്ന് എനിക്കു മനസ്സിലായി. കേസ് എന്തായെന്നു ബന്ധുക്കളുടെ അന്വേഷണമില്ല. കേസ് അന്വേഷണത്തിലെ വീഴ്ച ആരോപിച്ചു സമരങ്ങളില്ല. മാധ്യമവാർത്തകളില്ല. അങ്ങനെ പതിയെ ആ അന്വേഷണം തണുത്തു. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പക്ഷേ എനിക്കെന്തോ ആ കേസ് വിട്ടുകളയാൻ തോന്നിയില്ല. ആരാണെന്നു പോലുമറിയാത്ത ആ പയ്യന്റെ മുഖമായിരുന്നു മനസ്സിൽ. കേസിന്റെ ജിസിആർ (ഗ്രേവ് ക്രൈം റിപ്പോർട്ട്) എടുക്കാൻ ഞാൻ നിർദേശിച്ചു. കൊലപാതകം പോലുള്ള വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചു സാക്ഷികളെ ചോദ്യം ചെയ്തും വിവരങ്ങൾ ശേഖരിച്ചും തയാറാക്കുന്ന റിപ്പോർട്ട് ആണത്. അതു വായിച്ചപ്പോൾ സംഭവത്തിന്റെ വ്യക്തമായ ചിത്രം കിട്ടി. 

കുന്നംകുളം നഗരത്തിൽ നിന്ന് 200 മീറ്റർ അകലെ ഒരു കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ചെറുതും വലുതുമായ പരുക്കുകൾ. ചുമലിൽ കടിയേറ്റ പാട്. മൃതദേഹത്തിനു ചുറ്റും കുറെ കല്ലും ഇഷ്ടികയുമെല്ലാം ഉണ്ടായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അത് ഈ കല്ലോ ഇഷ്ടികയോ ഉപയോഗിച്ചുള്ള അടിയേറ്റാകാം. 

ജിസിആറിൽ നിന്ന് പ്രതിയുടെ പ്രൊഫൈൽ 

സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇല്ലാത്ത കേസിൽ ജിസിആറിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചു ഞാൻ പ്രതിയുടെ പ്രൊഫൈൽ തയാറാക്കാൻ ശ്രമിച്ചു. രാത്രി കടത്തിണ്ണയിലും മറ്റും ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്ന ചില സ്ഥിരം കുറ്റവാളികളുടെ പട്ടിക പൊലീസിന്റെ കയ്യിലുണ്ട്. എന്നാൽ ആ പട്ടിക പരിശോധിക്കേണ്ട കാര്യം ഈ കേസിലില്ല. ഉറങ്ങിക്കിടക്കുന്ന ആളെ ആക്രമിക്കുമ്പോൾ പ്രതികരിക്കാൻ സമയമുണ്ടാകില്ല. പക്ഷേ ഇവിടെ ഒരു പിടിവലി നടന്നിട്ടുണ്ട്. മൃതദേഹത്തിലെ പരുക്കുകൾ അതിന്റെ സൂചനയാണ്.

ആക്രമണത്തിനിടെ ശരീരത്തിൽ കടിക്കുന്നത് സ്വയരക്ഷയ്ക്കുള്ള ഒരായുധമാണ്. സാധാരണ, അക്രമിയുടെ ശരീരത്തിലാണ് അതു കാണുക. ഇവിടെ അതു പക്ഷേ മൃതദേഹത്തിലാണ്. പ്രതി സ്വയംരക്ഷയ്ക്കുവേണ്ടി കൊല്ലപ്പെട്ടയാളെ കടിച്ചെങ്കിൽ അതിനർഥം അങ്ങോട്ടുമിങ്ങോട്ടും ആക്രമണം ഉണ്ടായെന്നും ഇരുവരും ഏതാണ്ടു തുല്യ ആരോഗ്യസ്ഥിതിയിലുള്ള ആളുകളാണ് എന്നുമാണ്. അവസാനത്തേത്, ഇത് ആസൂത്രിത കൊലപാതകമല്ല. പരിസരത്തു തന്നെയുണ്ടായിരുന്ന കല്ലും ഇഷ്ടികയും ഉപയോഗിച്ചുള്ള ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാകാണു സാധ്യത. കൊലപ്പെട്ടയാളുടെ സംഘത്തിൽ തന്നെയുള്ള ആരെങ്കിലുമാകാം പ്രതി. 

അങ്ങനെ ആ സംഘത്തെ കണ്ടുപിടിക്കാനുള്ള അന്വേഷണമായി. പക്ഷേ എന്തെങ്കിലും ഒരു സൂചന വേണ്ടേ. അപ്പോഴാണു മൃതദേഹത്തിൽ കണ്ട ആ കടിയുടെ പാട് വീണ്ടും മനസ്സിലേക്കെത്തിയത്. 

കടിപ്പാടുകളിൽ തെളിഞ്ഞ ചിത്രം 

ശരീരത്തിലെ കടിയുടെ പാട് വിശകലനം ചെയ്തു കടിച്ചയാളിലേക്ക് എത്താൻ സഹായിക്കുന്ന ഫൊറൻസിക് ഒഡന്റോളജിയെക്കുറിച്ച് ഐപിഎസ് ട്രെയിനിങ്ങിൽ പഠിച്ചിച്ചിട്ടുണ്ട്. കേരളത്തിൽ അന്നു പക്ഷേ ഈ മേഖലയിൽ വിദഗ്ധരൊന്നുമില്ല. ട്രെയിനിങ്ങിൽ പഠിച്ച അറിവു വച്ച് ആ മുറിവ് വിശകലനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷേ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഈ മുറിവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മ‍ൃതദേഹത്തിന്റെ ഫോട്ടോയിലും അളവു വ്യക്തമല്ല. ഒടുവിൽ ലഭ്യമായ ചിത്രങ്ങളിൽനിന്ന് ആ കടിയുടെ പാടു വിശകലനം ചെയ്തപ്പോൾ ഒരു കാര്യം വ്യക്തമായി. പ്രതിയുടെ മുകളിലെ നിരയിലെ പല്ലുകൾ ഉന്തിയതാണ്. താഴത്തെ നിരയിൽ പല്ലുകൾ ക്രമരഹിതവും. 

നാട്ടിൽ അലഞ്ഞുതിരിഞ്ഞ് ആക്രിപെറുക്കുന്നവരുടെ സംഘത്തിൽ നിന്ന് ഉന്തിയ പല്ലുള്ള ചെറുപ്പക്കാരനെ കണ്ടെത്താനായി അടുത്ത ശ്രമം. 

അതു പക്ഷേ ഇന്നത്തേതു പോലെ എളുപ്പമല്ല. മൊബൈൽ ഫോണും സിസിടിവി ക്യാമറകളും ഒന്നുമില്ല. ഓരോ സ്ഥലത്തുമെത്തി പൊലീസുകാർ നാട്ടുകാർക്കിടയിൽ അന്വേഷിക്കും. അലഞ്ഞുതിരിയുന്ന തമിഴ് യുവാക്കളെ കണ്ടെത്തി ചോദ്യം ചെയ്യും. ഈ ചെറുപ്പക്കാർ ഒരിടത്തും സ്ഥിരമായി തങ്ങുന്നവരല്ല. രണ്ടാഴ്ച കൂടുമ്പോൾ താവളം മാറും. പൊലീസ് അങ്ങനെ തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രധാന ടൗണുകളിലെല്ലാം എത്തി. ഏഴെട്ടു മാസം നീണ്ട അന്വേഷണം. ഒടുവിൽ കൊല്ലപ്പെട്ടയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന 3 ചെറുപ്പക്കാരെ കണ്ടെത്തി.

പൊലീസ് അന്വേഷിക്കുന്ന ‘ഉന്തിയ പല്ലുകാരനെ’ കുറിച്ചുള്ള സൂചന അവരിൽ നിന്നു കിട്ടി. ദിവസങ്ങൾക്കുള്ളിൽ ചാലക്കുടിക്കു സമീപത്തു വച്ച് തമിഴ്നാട് സ്വദേശി രവി പൊലീസിന്റെ കസ്റ്റഡിയിലായി. കടിയുടെ അടയാളത്തിൽ നിന്നു ഊഹിച്ചെടുത്ത അതേ പല്ലുകൾ. പ്രതിയെ കുന്നംകുളം സ്റ്റേഷനിലെത്തിച്ചപ്പോൾ പൊലീസുകാർ ഞെട്ടി. കൊലപാതകം നടന്നു കുറെനാൾ കഴിഞ്ഞ് ഒരു മാസത്തോളം രവി സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. സ്റ്റേഷൻ വൃത്തിയാക്കിയും പൊലീസുകാർക്കു ചായവാങ്ങിക്കൊടുത്തും അവിടെയുണ്ടായിരുന്നത് തങ്ങൾ അന്വേഷിച്ചിരുന്ന ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്നുവെന്ന് അവരറിഞ്ഞില്ല. 

ചോദ്യം ചെയ്യലിൽ രവി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട പയ്യൻ തന്റെ പണം മോഷ്ടിക്കുന്നുണ്ടോ എന്നു രവിക്കു സംശയം. ഇതേക്കുറിച്ചു ചോദ്യം ചെയ്തതു തർക്കമായി. അടിപിടിയായി. അതിനിടയിൽ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചതോടെ പയ്യൻ നിലത്തുവീണു. മരിച്ചെന്നുറപ്പിച്ചതോടെ രവി സ്ഥലം വിട്ടു. സംഘത്തിലെ മറ്റുള്ളവർ എത്തിയപ്പോൾ കണ്ടത് പയ്യന്റെ മൃതദേഹം. എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ലെങ്കിലും പേടിച്ചുപോയ അവരും അന്നു തന്നെ സ്ഥലം വിട്ടു. 

പ്രതിയെ തിരിച്ചറിഞ്ഞു, കൊലപ്പെട്ടതാര്? 

മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണു പ്രതിയെ പിടികൂടിയത്. പക്ഷേ മരിച്ചയാളുടെ പേരോ വിലാസമോ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഒരു തമിഴ് പയ്യൻ എന്നതിനപ്പുറം മറ്റു വിവരങ്ങളൊന്നുമില്ല. കേസ് കോടതിയിൽ തെളിയിക്കാൻ അതിന്റെ ആവശ്യമില്ല. പക്ഷേ മരിച്ചത് ആരാണെന്നു കണ്ടെത്തണമെന്നു ഞങ്ങൾ തീരുമാനിച്ചു. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. പ്രതിയിലേക്കു വിരൽ ചൂണ്ടിയ ആ 3 ചെറുപ്പക്കാരെ വീണ്ടും ചോദ്യം ചെയ്തു. 3 പേരും തമിഴ്നാട്ടുകാരാണ്. മുരുകൻ എന്ന വിളിപ്പേരല്ലാതെ അവർക്കും കൂടുതൽ ഒന്നുമറിയില്ല. പക്ഷേ അതിൽ ഒരാൾ ഒരു സംശയം പറഞ്ഞു. ‘അവൻ തമിഴനാണോ എന്നു സംശയമുണ്ട്. ഞങ്ങൾ തമിഴിലാണു സംസാരിക്കുന്നത്. എന്നാലും എന്തോ ഒരു സംശയം. ഒരിക്കൽ അവൻ പാലക്കാടേക്കു പോയിരുന്നുവെന്നു കൂടി അവർ സംശയം പറഞ്ഞതോടെ പൊലീസ് സംഘം പാലക്കാട്ടേക്കു തിരിച്ചു. എല്ലാ സ്റ്റേഷനുകളിലും കുട്ടികളെ കാണാതായ പരാതികൾ പരിശോധിച്ചു.

പക്ഷേ കൊലപ്പെട്ട പയ്യനുമായി സാമ്യമുള്ള കേസുകൾ ഒന്നുമില്ല. പിന്നെയും ആഴ്ചകൾ കഴിഞ്ഞു. പട്ടാമ്പിയിൽ ഒരു കൗമാരക്കാരൻ നാടുവിട്ടു പോയിരുന്നുവെന്ന വിവരം അവിടുത്തെ സ്റ്റേഷനിൽ നിന്നറിഞ്ഞു. രണ്ടു വർഷം മുൻപു നാടു വിട്ടു പോയതാണ്. ഇടയ്ക്കു തിരികെ വന്നു. വീണ്ടും പോയെങ്കിലും ഒരു വർഷമായി വിവരമില്ല. വീട്ടുകാർ പക്ഷേ പൊലീസിൽ പരാതി കൊടുത്തിട്ടില്ല. മുൻപത്തേതുപോലെ അവൻ തിരിച്ചു വരുമെന്നാണു പ്രതീക്ഷ. കുന്നംകുളത്തു നിന്നെത്തിയ പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന മൃതദേഹത്തിന്റെ ചിത്രം കണ്ടതോടെ വീട്ടുകാരുടെ ആ പ്രതീക്ഷ അവസാനിച്ചു. ആ വീട്ടിൽ കൂട്ടക്കരച്ചിലുയർന്നു. അങ്ങനെ കേസ് ഡയറിയിലെ തമിഴൻ പയ്യൻ പട്ടാമ്പി സ്വദേശിയായ പതിനേഴുകാരനായി. 

English Summary:

Ex-ADGP A Hemachandran shares his journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com