എത്ര മനോഹരം ഈ ഉദ്യാനം; കേരളത്തെ അറിഞ്ഞ് മലയാള മനോരമ ഹോർത്തൂസിൽ പങ്കെടുക്കാൻ എത്തിയ വിദേശ എഴുത്തുകാർ
Mail This Article
ഇതാ, ഈ കടപ്പുറത്ത് വാക്കുകൾ ഹൃദയങ്ങളെ തൊടുന്നു. ഹോർത്തൂസിലൂടെ കടൽക്കാറ്റേറ്റ് കണ്ടും കേട്ടും മിണ്ടിയുമൊക്കെ ഒട്ടേറെ പേർ ഒഴുകിനടക്കുന്നു. പരസ്പരം സ്നേഹത്തോടെ സ്പർശിക്കുന്നു.
മലയാള മനോരമ ഹോർത്തൂസിൽ പങ്കെടുക്കാൻ വിദേശത്തു നിന്നെത്തിയ എഴുത്തുകാർക്കു കേരളത്തിലെ സാഹിത്യോത്സവത്തെക്കുറിച്ചു പറയാൻ ഏറെയുണ്ട്. പോളണ്ടിൽ നിന്നുള്ള മറേക് ബിയാൻഷിക്, ഡോറോത്ത മസ്ലോവ്സ്ക, ആഫ്രിക്കയിൽ നിന്നുള്ള കൊലേക പുറ്റുമ, തുർക്കിയിൽ നിന്നുള്ള എലിഫ് യോനെറ്റ് ടോഗേ, ഓസ്ട്രിയൻ എഴുത്തുകാരനായ റോബർട്ട് പ്രൊസ്സെർ തുടങ്ങിയവർ ഹോർത്തൂസിന്റെ വേദിയായ കോഴിക്കോട് കടപ്പുറത്ത് ആൾക്കൂട്ടത്തിലലിഞ്ഞു നടക്കുകയാണ്.
‘പോളണ്ടിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്ന ഒരു നാട് ഇവിടെ ഉണ്ടെന്നു ഞാനറിഞ്ഞത് ഇപ്പോഴാണ്’ മറേക് ബിയാൻഷിക്കിന്റെ വാക്കുകളിൽ അദ്ഭുതം. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ മറേക് വേദികളിൽനിന്ന് വേദികളിലേക്കു കറങ്ങിനടക്കുകയാണ്.‘സാഹിത്യത്തെ സ്നേഹിക്കുന്ന ഇത്രയേറെപ്പേർ ഒരുമിച്ച് എത്തുന്നുവെന്നത് വലിയ കാര്യമാണ്. എന്നെ അമ്പരപ്പിച്ചത് ഇവിടെയുള്ളവരുടെ പരസ്പരസ്നേഹമാണ്. യൂറോപ്പിൽ രണ്ടുപേർ കണ്ടുമുട്ടിയാൽ പാലിക്കുന്ന അകലം ഇവിടെയില്ല. എല്ലാവരും പരസ്പരം തൊട്ടും തോളിൽ കയ്യിട്ടുമൊക്കെ സംസാരിക്കുന്നു. ആദ്യമായി കാണുന്നവർ പോലും പരസ്പരം സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. ഇതെനിക്കു വലിയൊരു അനുഭവമാണ്. ഇതു വരെ കണ്ട സാഹിത്യോത്സവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഹോർത്തൂസിൽ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയത് ഈ സ്നേഹമാണ്.’ മറേക്കിന്റെ വാക്കുകളിൽ നിറയുന്നതു മലയാളികളുടെ സാഹിത്യസ്നേഹത്തോടുള്ള ആദരവു കൂടിയാണ്.
ഇന്ത്യയിലേക്ക് ആദ്യമായാണ് വരുന്നതെങ്കിലും പഴയൊരു ബന്ധമുണ്ടെന്നു മറേക് ഓർമിച്ചെടുത്തു. പത്തു വയസ്സുള്ളപ്പോൾ അൽപം ഹിന്ദിയും സംസ്കൃതവുമൊക്കെ പഠിച്ചിട്ടുണ്ട്. പക്ഷേ കുട്ടിക്കാലത്തു പഠിച്ചതെല്ലാം മറന്നുപോയി.‘ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചാണ് ഇങ്ങോട്ടു വരുമ്പോൾ പലരും പറഞ്ഞത്. ഇവിടെനിന്ന് ചരിത്രവും സാമ്പത്തികവുമായ വളർച്ചയെക്കുറിച്ചു പഠിക്കണമെന്നാണ് എന്റെ സുഹൃത്തുക്കൾ പറഞ്ഞത്.
പോളണ്ടിൽ നിന്നുള്ള എഴുത്തുകാരി ഡോറോത്ത മസ്ലോവ്സ്കയും ആദ്യമായാണ് ഇന്ത്യയിലെത്തിയത്. ‘ഇന്ത്യയിലെ സാഹിത്യത്തെക്കുറിച്ച് വലിയ അറിവില്ലാതെയാണ് ഞാൻ ഹോർത്തൂസിനു വന്നത്. മലയാളികൾക്കു പോളിഷ് സാഹിത്യത്തെക്കുറിച്ചും പോളണ്ടിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അറിവ് അമ്പരപ്പിച്ചു.’ ഡോറോത്ത പറയുന്നു.
ആദ്യമായാണ് കേരളത്തിൽ വരുന്നതെങ്കിലും കൊറിയൻ എഴുത്തുകാരി ഹെന കിമ്മിന് ഇന്ത്യ പരിചിതമാണ്. ‘കടൽത്തീരത്ത് ഇത്രയുമാളുകൾ സാഹിത്യം ചർച്ച ചെയ്യാൻ ഒത്തു ചേരുന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.’ ഹെന പറയുന്നു.
അഷ്ടാംഗ യോഗയെക്കുറിച്ചു ഹെന ഒരു പുസ്തകമെഴുതിയിട്ടുണ്ട്. മൈസൂരുവിലെ ചാമുണ്ടി ഹിൽസിൽ നിന്നാണ് യോഗയെക്കുറിച്ചു പഠിച്ചത്.‘കൊറിയയുമായി ഈ നാടിന് അനേകം സാമ്യങ്ങളുണ്ട്. കടൽ, ജനങ്ങളുടെ സ്നേഹം. ഇവിടെയുള്ള ഭക്ഷണം കൊറിയയിലേതു പോലെ സ്പൈസിയാണ്. കേരളത്തിലെ ആളുകൾക്ക് കൊറിയൻ സംഗീതവും സിനിമയുമൊക്കെ ഏറെ ഇഷ്ടമാണെന്ന് അറിഞ്ഞത് എന്നെ അമ്പരപ്പിച്ചു. കൊറിയയിലുള്ളവർക്കു ബോളിവുഡ് സിനിമയും ഹിന്ദി സംഗീതവും മാത്രമേ അറിയു.’
ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി കൊലേക പുറ്റുമക്ക് കേരളത്തിലെ ആദ്യ സാഹിത്യോത്സവം ഏറെ പുതുമയുള്ള അനുഭവമാണ്. ‘ മറ്റൊരു ഭൂഖണ്ഡത്തിൽ എഴുത്തിൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ കിട്ടിയ അവസരമാണിത്. ഇവിടെ വ്യത്യസ്തമായ ഭാഷയാണ്. ഈ ഭാഷയിലെ കവികൾ എന്താണ് എഴുതുന്നത്. കവിതയിൽ എന്താണ് സംഭവിക്കുന്നത്. ഇതൊക്കെ അറിയുകയെന്നത് ഏറെ വിലപ്പെട്ടതാണ്. നല്ല മഴ പെയ്യുന്ന ദിവസമാണ് ഞാൻ ഇവിടെ ഇറങ്ങിയത്. മഴ ആസ്വദിച്ചതിന്റെ വിഡിയോ എന്റെ ഇൻസ്റ്റ പേജിലുണ്ട്. ഓട്ടോറിക്ഷയിൽ കയറി ഈ നഗരം മുഴുവൻ കറങ്ങി. വാഴയിലയിൽ കൈകൊണ്ട് ചോറുണ്ടു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ.’
വിശേഷങ്ങൾ പറഞ്ഞു തീരുന്നില്ല. മൂന്നു ദിനരാത്രങ്ങൾ മുഴുവൻ പറഞ്ഞാലും തീരാത്തത്ര കഥകൾ. ആയിരത്തൊന്നു രാവുകളേക്കാൾ നീണ്ടു പോകുന്ന കഥപറച്ചിലുകൾ. ഈ സാഹിത്യ സൗഹൃദങ്ങൾ പുതിയ തീരങ്ങൾ സൃഷ്ടിക്കുകയാണ്.