മുടങ്ങാതെ, തുടരും ദ് ഷോ
Mail This Article
ദ് ഷോ മസ്റ്റ് ഗോ ഓൺ.. സർക്കസ് പ്രോഗ്രാം മാനേജരുടെ ഈയൊരു ആജ്ഞ വന്നാൽ എന്തെല്ലാം പ്രതിസന്ധിയുണ്ടെങ്കിലും കലാകാരൻമാർ എല്ലാം മറക്കും. ഷോ തുടരും.. പ്രതിസന്ധികൾ പലതും വന്നിട്ടും കാലം മലയാളിയുടെ സർക്കസിനോടു പറഞ്ഞു– ദ് ഷോ മസ്റ്റ് ഗോ ഓൺ..
സർക്കസിൽ ഏറ്റവുമധികം കയ്യടി നേടിയിരുന്ന മൃഗസവാരി ഇല്ലാതായി. ഞാണിന്മേൽ കളിയിൽനിന്നു ജീവിതം പടുത്തുയർത്തിയ മലയാളി കലാകാരന്മാർ അരങ്ങു വിട്ടു. കോവിഡ് പ്രതിസന്ധിയിൽ ഒന്നരവർഷത്തോളം തമ്പുകൾ നിശ്ചലമായി. എല്ലാറ്റിനെയും അതിജീവിച്ച് സർക്കസ് ഒരു ട്രപ്പീസ് കളി പോലെ മുന്നേറുകയാണ്; കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി.
ജംബോ സർക്കസ്, ജെമിനി സർക്കസ്, ഗ്രേറ്റ് ബോംബെ സർക്കസ്.. ഈ മൂന്നു പേരുകളിലേക്കൊതുങ്ങി മലയാളികളുടെ സർക്കസ് പാരമ്പര്യം. ഒരുകാലത്ത് പ്രശസ്തമായ 25 കമ്പനികൾ വരെ മലയാളികളുടെതായി ഉണ്ടായിരുന്നുവെന്നു കേൾക്കുമ്പോൾ എന്തുമാത്രം കലാകാരന്മാർ അവിടെ വിസ്മയങ്ങൾ തീർത്തിട്ടുണ്ടാകും?. കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട ഫ്ലയിങ് ട്രപ്പീസ്, ഫുൾ ട്വിസ്റ്റ്, ടു ആൻഡ് ഹാഫ് ട്വിസ്റ്റ്, ട്വിസ്റ്റ് ബാക്ക്, ജീപ്പ് ജംപിങ്, ഫൂട്ട് ജഗ്‌ലിങ്, ബാംബൂ ബാലൻസ്, ഹൊറിസോണ്ടൽ ബാർ, ഹൈ വയർ, സ്റ്റാൻഡിങ് വയർ, ഷേക്കിങ് ലാഡർ എന്നീ ഇനങ്ങളിൽ പലതും ഇല്ലാതായി.
ഇപ്പോൾ സർക്കസ് എന്നാൽ വിദേശതാരങ്ങളുടെ ഇടമായി. റഷ്യ, ആഫ്രിക്ക, നേപ്പാൾ എന്നിവിടങ്ങളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മെയ്യഭ്യാസികളുടെ പ്രകടനം നടക്കുന്ന ഇടം.
കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യന്മാരും അവരുടെ ശിഷ്യന്മാരുമായി തലശ്ശേരിക്കാർ അരങ്ങുവാണൊരു സുവർണകാലമുണ്ടായിരുന്നു സർക്കസിന്. അതെല്ലാം മാഞ്ഞു. സർക്കസ് കൂടാരത്തിൽ 75 വർഷമായി ജീവിക്കുന്ന ഫ്ലോർ മാനേജർ തലശ്ശേരി സ്വദേശി ഇ.രവീന്ദ്രൻ സർക്കസിന്റെ പ്രതാപകാലം ഓർത്തെടുക്കുകയാണ്. 88 വയസ്സായ രവീന്ദ്രൻ ട്രപ്പീസ് കളിക്കാരനായി ചെറുപ്രായത്തിൽ സർക്കസിലെത്തിയതാണ്. കൈവിട്ടാൽ താഴെ വീഴുന്ന അഭ്യാസത്തിൽ തുടങ്ങിയ ഈ കലാകാരന്റെ മലക്കംമറിയാത്ത ഏഴര പതിറ്റാണ്ടിന്റെ ഓർമകൾക്കു തമ്പിന്റെ ഉയരമുണ്ട്.
മലക്കംമറിയാതെ
‘‘ സർക്കസ് കലാകാരന്മാർ തലങ്ങും വിലങ്ങും ട്രപ്പീസ് നടത്തിയ ഫ്ലയിങ് ബാർ കണ്ടോ? നാലുഭാഗത്തും ആളുകളുണ്ടാകും. സെക്കൻഡുകളുടെ വ്യത്യാസത്തിൽ അവർ അങ്ങോട്ടുമിങ്ങോട്ടും തൊടാതെ വായുവിൽ മലക്കം മറിയുമായിരുന്നു. മുന്നോട്ടും പിന്നോട്ടും മലക്കംമറിച്ചിൽ.. ഇരുട്ടിലും പിടിവിടാതെയുള്ള അഭ്യാസങ്ങൾ... ഫ്ലയിങ് സ്റ്റാൻഡ് ഇപ്പോൾ രണ്ടായി. കലാകാരന്മാർ അഞ്ചും’’– പ്രതാപകാലത്തേക്കു വിരൽചൂണ്ടി രവീന്ദ്രൻ പറഞ്ഞു.
‘‘ 1879 ഡിസംബർ എട്ടിന് ആണ് ഇന്ത്യയിൽ ആദ്യ സർക്കസ് അരങ്ങേറുന്നത്. ഇറ്റാലിയൻ സർക്കസ് കമ്പനിയായിരുന്നു അത്. ഇന്ത്യക്കാരുടെ ആദ്യ സർക്കസ് കമ്പനി തുടങ്ങുന്നത് മഹാരാഷ്ട്രയിലും. വിഷ്ണു പന്ത് മൊറേശ്വർ ഛത്രയാണ് സ്ഥാപകൻ. 1990 ൽ തലശ്ശേരിയിൽ ഈ മറാഠി സർക്കസ് എത്തി. ആയോധനകലയിലും ശാരീരിക അഭ്യാസത്തിലും പ്രഗല്ഭനായിരുന്ന തലശ്ശേരി ബിഇഎംപി ഹൈസ്കൂളിലെ ജിംനാസ്റ്റിക് ഇൻസ്ട്രക്ടർ കീലേരി കുഞ്ഞിക്കണ്ണൻ ഛത്രേസ് സർക്കസ് കാണാനെത്തി. അതാണ് ഇന്ത്യൻ സർക്കസിന്റെ തലവര മാറ്റിവരയ്ക്കുന്നത്.
കീലേരി കുഞ്ഞിക്കണ്ണൻ ചിറക്കര വയലിൽ നാട്ടുകാരായ കുട്ടികളെ സർക്കസ് പഠിപ്പിക്കാൻ തുടങ്ങി. ഈ അഭ്യാസികളെ കൂടെകൂട്ടി 1904ൽ പരിയാലി കണ്ണൻ മലയാളിയുടെ ആദ്യ സർക്കസിനു തുടക്കമിട്ടു. ഗ്രേറ്റ് മലബാർ സർക്കസ്. കീലേരിയുടെ ശിഷ്യന്മാരുടെ പ്രകടനത്തെക്കുറിച്ചറിഞ്ഞ മറാഠി സർക്കസ് കമ്പനി മുതലാളിമാർ തലശ്ശേരിയിലെത്തി. അവർക്കെല്ലാം സർക്കസ് അഭ്യാസികളെ വേണമായിരുന്നു. തലശ്ശേരിപ്പെരുമയിൽ ഇന്ത്യൻ സർക്കസ് കമ്പനികൾ വളർന്നു.
മഹാരാഷ്ട്രയിലും ബംഗാളിലുമായിരുന്നു കൂടുതൽ കമ്പനികൾ ഉണ്ടായത്. ഗ്രേറ്റ് മലബാർ സർക്കസിനു പിന്നാലെ തലശ്ശേരിക്കാരുടെ കുറെ സർക്കസ് കമ്പനികളും വന്നു. ഗ്രേറ്റ് ഈസ്റ്റേൺ, ജൂബിലി, ജെമിനി എന്നിങ്ങനെ പുതിയ കമ്പനികൾ തലശ്ശേരി വിട്ട് മറ്റിടങ്ങളിലേക്കു അഭ്യാസപ്രകടനവുമായി യാത്ര തുടങ്ങി.
പതിമൂന്നാം വയസ്സിലാണ് ഞാൻ സർക്കസിൽ എത്തുന്നത്. പ്രഫ. സി.അമ്പുവിന്റെ ഗ്രാൻഡ് ഫെയറി സർക്കസിൽ. കീലേരി ടീച്ചറുടെ ശിഷ്യനായിരുന്നു അമ്പു. 1950 മാർച്ച് 15ന് ആണ് തൃശൂരിൽ പോയി സർക്കസിൽ ചേർന്നത്. തവള ട്രപ്പീസ് ആയിരുന്നു പഠിച്ച ആദ്യ ഐറ്റം. പിന്നീട് ഫ്ലയിങ് ട്രപ്പീസ്. ഫ്ലയറും കാച്ചറുമൊക്കെയായി വേഗം മെയ്‌വഴക്കം ലഭിച്ചു. അഞ്ചുവർഷം അവിടെ നിന്നു. പിന്നെ സാഗർ സർക്കസിൽ.
ഒട്ടുമിക്ക സർക്കസിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. 1967ൽ ആണ് ജെമിനി ശങ്കരേട്ടന്റെ കൂടെയെത്തുന്നത്. ജെമിനിയിലും ജംബോയിലും പല വേഷത്തിൽ. ട്രപ്പീസിൽ തുടങ്ങി ഇപ്പോൾ ഫ്ലോർ മാനേജർ ആയി. സർക്കസ് കൂടാരത്തിൽ 75 കൊല്ലം പിന്നിട്ടുവെന്നു തോന്നുന്നേയില്ല. ഈ കൂടാരത്തിന്റെ മുകളിലുള്ള ആകാശം കാണുന്നില്ലല്ലോ.
ചെറുപ്രായത്തിലേ കുട്ടികൾ എത്തിയാലേ മെയ്യഭ്യാസം പഠിപ്പിക്കാൻ കഴിയൂ. 12 വയസ്സിലെങ്കിലും സർക്കസിൽ എത്തണം. വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നവരാണ് അക്കാലത്തു കൂടുതലും സർക്കസിൽ എത്തിയിരുന്നത്. 1994 വരെയൊക്കെ കുട്ടികൾ വന്നിരുന്നു. സർക്കസുകാരൻ എന്നു പറഞ്ഞാൽ സമൂഹത്തിലൊരു വിലയുമില്ലല്ലോ. സർക്കസ് വിട്ടാൽ ഒരു വരുമാനവുമില്ല. അവശകലാകാരന്മാർക്ക് 1200 രൂപ പെൻഷനുണ്ടായിരുന്നു. അതുതന്നെ എപ്പോഴെങ്കിലും കിട്ടിയാലായി.
സർക്കസിന്റെ പ്രതാപകാലത്തു ശരിക്കുമൊരു മത്സരമായിരുന്നു. 1976ൽ മുംബൈയിൽ ജെമിനിയും ഗ്രേറ്റ് ബോംബെ സർക്കസും തമ്മിലൊരു മത്സരം നടന്നു. എന്നും നല്ല തിരക്കായിരിക്കും. ഗ്രേറ്റ് ബോംബെ സർക്കസുകാർ താഴെ വലയില്ലാതെ ട്രപ്പീസ് കളിച്ചു. അതൊരു വല്ലാത്ത പരീക്ഷണമായിരുന്നു. താഴെവീണാൽ എന്തായിരിക്കും സംഭവിക്കുക എന്നോർത്തു നോക്കൂ..അന്നത്തെ കലാകാരന്മാരുടെ ചങ്കൂറ്റമായിരുന്നു അത്. കലയോടുള്ള ആത്മാർഥതയും. സ്വന്തം ജീവൻ പണയംവച്ചുള്ള കളി.
അന്ന് ഏറ്റവും കൂടുതൽ കാണികൾ ഉണ്ടാകുക ഡൽഹിയിലാണ്. ചെങ്കോട്ടയിൽ ഗാന്ധിജയന്തി ദിനത്തിലൊക്കെ ടിക്കറ്റ് കിട്ടാതെ ആളുകൾ മടങ്ങിപ്പോയിട്ടുണ്ട്. കൊൽക്കത്തയിലാണ് ഇപ്പോഴും പഴയ ആൾക്കൂട്ടമുള്ളത്. ഒളിംപിക്, എംപയർ, അജന്ത എന്നൊക്കെ പേരുള്ള പ്രശസ്തമായ സർക്കസ് കമ്പനികൾ ബംഗാളിലുണ്ടായിരുന്നു. അതൊക്കെ പൂട്ടിപ്പോയി. കേരളത്തിലാണെങ്കിൽ തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരിലും. ആളുണ്ടാകും. ഒരു മാസത്തിൽ കൂടുതലൊന്നും എവിടെയും കളിക്കാറില്ല.
ഇല്ലാതായ മൃഗാധിപത്യം
സിംഹം, ആന, കരടി, സീബ്ര, ഹിപ്പൊപൊട്ടമസ്, കരിമ്പുലി എന്നിങ്ങനെ മൃഗശാലയിൽ പോലുമില്ലാത്ത മൃഗങ്ങൾ ജെമിനിയിലും ജംബോയിലും ഉണ്ടായിരുന്നു. ഗോറില്ല, ഒറാങ് ഉട്ടാൻ എന്നിവയെ കാണാൻ മാത്രം ആളുകൾ ടിക്കറ്റെടുത്തിരുന്നു. ഉത്തരേന്ത്യയിലെ രാജാക്കന്മാരിൽനിന്നും വിദേശത്തു നിന്നുമൊക്കെയായിരുന്നു മൃഗങ്ങളെ വാങ്ങിയിരുന്നത്.
കേന്ദ്രസർക്കാർ മൃഗസംരക്ഷണ നിയമം കൊണ്ടുവന്നതോടെ സർക്കസ് കൂടാരത്തിൽനിന്ന് മൃഗങ്ങൾ പുറത്തായി. ആനയൊഴികെ എല്ലാ മൃഗങ്ങളെയും ഒഴിവാക്കി. സർക്കസിൽ നിന്ന് ഒഴിവാക്കിയ സിംഹം, കരടി,നരി,പുള്ളിപ്പുലി, കുരങ്ങ് എന്നിവയെ ജെമിനി ശങ്കരേട്ടൻ വയനാട്ടിലെ സ്വന്തം കാപ്പിത്തോട്ടത്തിലേക്കു കൊണ്ടുപോയിരുന്നു. പിന്നീട് അവയെ വനംവകുപ്പിനു കൈമാറി.
ഇപ്പോൾ കുതിര, നായ എന്നിവ മാത്രമാണ് സർക്കസിൽ ഉള്ളത്. ആനകളെ പ്രദർശിപ്പിക്കരുതെന്ന കർശന നിർദേശം വന്നതോടെ അവയെയും ഒഴിവാക്കേണ്ടി വന്നു. മൃഗങ്ങളെ കാണാൻ സർക്കസ് കൂടാരത്തിലേക്കുള്ള കാണികളുടെ വരവും നിലച്ചു.
കൊറോണക്കാലവും കടന്ന്
കൊറോണ വരുമ്പോൾ ജംബോ സർക്കസ് കായംകുളത്തും ജെമിനി കോട്ടയ്ക്കലുമാണ്. 2020 മാർച്ച് 7ന് ആയിരുന്നു അവസാനത്തെ കളി. പിന്നെ തുടങ്ങുന്നത് 2021 ഡിസംബർ 24നും. ഈ സമയത്ത് സർക്കസ് കമ്പനി നിലനിർത്താൻ വലിയ ചെലവാണുണ്ടായത്. കലാകാരന്മാരൊക്കെ തിരിച്ചുപോയി. പലരും കൂലിപ്പണിയെടുത്താണു ജീവിച്ചത്. വീണ്ടുമൊരു തമ്പുജീവിതം ഉണ്ടാകുമോയെന്നുവരെ പേടിച്ചിരുന്നു. പക്ഷേ, അതിനെയും മറികടന്നില്ലേ.
ഇപ്പോഴും ആളുകൾ കാണാൻ വരുന്നുണ്ടെന്നത് സർക്കസ് എന്ന കലയെ ആളുകൾ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവല്ലേ. ദാ, മൂന്നാമത്തെ വിസിൽ മുഴങ്ങി. ഷോ തുടങ്ങാറായി. ഫ്ലോർ മാനേജരുടെ നിർദേശമില്ലാതെ ഷോ തുടങ്ങില്ലല്ലോ. ദ് ഷോ മസ്റ്റ് ഗോ ഓൺ..’’ കൂടാരത്തിലെ ആരവത്തിലേക്കു രവീന്ദ്രൻ നടന്നു...