ADVERTISEMENT

വെറുമൊരു വിഗ്, അതിനു താഴെയൊരു കുറിപ്പ്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദിൻഷാ ഡി. ദാവർ ഉപയോഗിച്ചതെന്നു സൂചിപ്പിക്കുന്നത്. ആ പേരിനു പിന്നിലെ കഥയന്വേഷിച്ചു പോയാലോ?

1) സുപ്രീം കോടതിയിലെ  നാഷനൽ ജുഡീഷ്യൽ മ്യൂസിയം ആൻഡ് ആർക്കൈവ്സിലെ എഐ–ലോയർ. 2) ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദിൻഷാ ഡി. ദാവർ ഉപയോഗിച്ചിരുന്ന വിഗ്
1) സുപ്രീം കോടതിയിലെ നാഷനൽ ജുഡീഷ്യൽ മ്യൂസിയം ആൻഡ് ആർക്കൈവ്സിലെ എഐ–ലോയർ. 2) ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദിൻഷാ ഡി. ദാവർ ഉപയോഗിച്ചിരുന്ന വിഗ്

നിയോൺ ബൾബിന്റെ നേർത്ത വെളിച്ചത്തിൽ ബോംബെ ഹൈക്കോടതിയിലെ പഴയ കോടതി മുറി തുറന്നു വരും. കേസരി പത്രത്തിലെഴുതിയ ലേഖനങ്ങളുടെ പേരിൽ 1908ൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു വിചാരണക്കൂട്ടിൽ ലോകമാന്യ തിലക് നിൽക്കുന്നതു കാണാം. ന്യായാധിപ കസേരയിൽ കൊളോണിയൽ പാരമ്പര്യമുള്ള വിഗ് വച്ച പാഴ്സി ജഡ്ജി ജസ്റ്റിസ് ദാവറിന്റെ മുഖം തെളിയും. നീണ്ട വിചാരണയ്ക്കൊടുവിൽ വിധിയെത്തി: നാടുകടത്തലും 1000 രൂപ പിഴയും.

ഇന്ത്യൻ നീതിന്യായ ചരിത്രം വളർന്നു വന്ന വഴി കണ്ടറിഞ്ഞു നടന്നപ്പോഴാണു ജസ്റ്റിസ് ദാവർ ഉപയോഗിച്ചിരുന്ന വിഗ് കണ്ടത്. രാജ്യദ്രോഹ കുറ്റം ചുമത്തി തിലകിനെ തടവിലിട്ട ജസ്റ്റിസ് ദാവറിന്റെ കഥ വിശദമായി അറിഞ്ഞതും ആ വഴിയിൽ നിന്നു തന്നെ. ഡൽഹിയിലെത്തുന്നവർക്ക് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലേക്കുള്ള വാതിൽ തുറന്നിടുകയാണ് സുപ്രീം കോടതിയിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട നാഷനൽ ജുഡീഷ്യൽ മ്യൂസിയം ആൻഡ് ആർക്കൈവ് (എൻജെഎംഎ). നിലവിൽ സുപ്രീം കോടതി വളപ്പിലേക്കു പാസ് ലഭിക്കുന്നവർക്ക് ഇതു കാണാം.

ഭരണഘടന രൂപീകരിച്ചതിന്റെ 75–ാം വർഷം ആഘോഷിക്കുന്ന നവംബർ 26 മുതൽ പൊതുജനങ്ങൾക്കും പാസെടുത്ത് കാണാനാകും. ഡൽഹിയിലെ തീൻമൂർത്തി ഭവനിൽ ഇന്ത്യൻ പ്രധാനമന്ത്രി‌മാരുടെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ് ഒരുക്കിയ ഡിസൈനർമാരാണ് ഇതും തയാറാക്കിയിരിക്കുന്നത്.

കാലം മാറ്റിയ കസേര

പരമോന്നത നീതിപീഠം എന്നു സുപ്രീം കോടതിയെ വിശേഷിപ്പിക്കാറുണ്ട്. ജഡ്ജിമാർ ഇരിക്കുന്ന ആ ‘പീഠം’ എങ്ങനെ മാറിയെന്ന പരിണാമ കഥ എൻജെഎംഎയിൽ കണ്ടറിയാം. ഒപ്പം, പോയ കാലത്തിലെ കോടതികളിലെ അടയാള ചിഹ്നങ്ങളും. ബ്രിട്ടിഷ് കാലത്തെ ഫെഡറൽ കോടതികളിലെ കസേരകൾ കൂടുതൽ ലളിതമായിരുന്നെങ്കിൽ, ഇപ്പോഴതു കൂടുതൽ കൊളോണിയലായെന്നൊരു തോന്നൽ കാഴ്ചക്കാർക്കുണ്ട്. നിലവിലുപയോഗിക്കുന്ന കസേരയാണ് കൂട്ടത്തിൽ ഏറ്റവും വലുപ്പമുള്ളത്.

ഓർഡർ, ഓർഡർ

കുതിരരോമത്തിൽ തീർത്ത വിഗ്ഗായിരുന്നു പല ബ്രിട്ടിഷ് ജഡ്ജിമാരും ഉപയോഗിച്ചിരുന്നതത്രേ. എന്നാൽ, ജസ്റ്റിസ് ദാവറിന്റെ വിഗ് സിന്തറ്റിക്കാണെന്ന് എൻജെഎംഎയിലെ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നു. വിഗ് മാത്രമല്ല, മദ്രാസ് പ്രസിഡൻസി കാലത്തെ ജില്ലാ കോടതികളിൽ ഉപയോഗിച്ചിരുന്ന സീലുകൾ, സുപ്രീം കോടതിയുടെ പൂർവരൂപമായിരുന്ന ഫെഡറൽ കോടതിയിൽ ഉപയോഗിച്ചിരുന്ന വിന്റേജ് ടൈപ്പ് റൈറ്റർ (സ്മിത്–കോറോണ), ഇപ്പോൾ ജഡ്ജിമാരുടെ കയ്യിൽ കാണാൻ കിട്ടാത്ത ഗാവൽ (ചുറ്റിക രൂപം), എഡി 810 കാലഘട്ടത്തിൽ ബംഗാളിലെ ദേവപാലദേവ രാജാവ് പുറപ്പെടുവിച്ച നിയമപത്രം (ചെമ്പിൽ തീർത്തത്), കോടതികളുടെ പരിണാമ വഴി തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

മറക്കരുതാത്ത വാദപ്രതിവാദം

സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ ദീർഘപ്രയാണത്തിനിടയിലെ ഒട്ടേറെ കേസുകൾ, വിചാരണകൾ തുടങ്ങിയവയുടെ വിശദാംശം ഡിജിറ്റലായി ഇവിടെ ലഭ്യമാക്കുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികൾക്കെതിരായ കോടതി നടപടികൾ, രാജ്യസ്നേഹം തെളിഞ്ഞുനിൽക്കുന്ന അവരുടെ പ്രതിരോധ വാദങ്ങൾ തുടങ്ങിയവയും കൂട്ടത്തിലുണ്ട്. ഭരണഘടന അസംബ്ലിയിലെ ചർച്ചയും ലഭിക്കും.

സുപ്രീം കോടതിയുടെയും മറ്റും വളർച്ച പ്രതിപാദിക്കുന്ന വിഡിയോ ചിത്ര പ്രദർശനത്തിനുള്ള ആംഫി തിയറ്റർ, നാഴികക്കല്ലായ വിധിന്യായങ്ങൾ, സുപ്രീം കോടതിയിലെ ജഡ്ജിമാർ, നീതിന്യായരംഗത്തെ മറ്റ് പ്രമുഖർ, സുപ്രീം കോടതി ജഡ്ജിമാരായ ഫാത്തിമാ ബീവി ഉൾപ്പെടെയുള്ള വനിതാരത്നങ്ങൾ തുടങ്ങിയവരെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിൽപെടുന്നു.

മറുപടി തരും എഐ–ലോയർ

നിയമമേഖലയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും മറുപടി നൽകുന്ന ‘എഐ–ലോയർ’ ആണ് മറ്റൊരു സവിശേഷത. ഉദ്ഘാടന വേളയിൽ ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് വധശിക്ഷ ഇന്ത്യയിൽ നിയമവിധേയമാണോ എന്ന സംശയം ഉന്നയിച്ചതും ‘എഐ–ലോയർ’ മറുപടി നൽകിയതുമെല്ലാം വലിയ ചർച്ചയായിരുന്നു.

English Summary:

Views from the newly inaugurated museum at the Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com