ADVERTISEMENT

അന്നൊരു ബുധനാഴ്ചയായിരുന്നു. മറയൂർ ചന്ദന റിസർവിനോടു ചേർന്ന വനത്തിലെ കുടിയിൽ നിന്നു വാങ്ങിയ കാളയുമായി ഒരാൾ കുന്നിറങ്ങി വരുന്നു. ഡിഎഫ്ഒ ആയിരുന്ന സാബി വർഗീസും റേഞ്ച് ഓഫിസറായിരുന്ന എം.ജി.വിനോദ് കുമാറും ഒപ്പം വന്ന കർഷകനോടു വെറുതേ ചോദിച്ചു. എന്തു വില കിട്ടി. പതിനായിരം രൂപ ! തീരെ കുറഞ്ഞു പോയല്ലോ എന്നായി ഉദ്യോഗസ്ഥർ. നാട്ടിലുള്ള മാടുകച്ചവടക്കാരെ കൂടി അറിയിച്ചു പരസ്യലേലത്തിനുള്ള ക്രമീകരണം ചെയ്താലോ എന്നായി അവർ.

പാതിമനസ്സോടെയാണെങ്കിലും വാങ്ങിയ ആളും സമ്മതിച്ചു. പിറ്റേന്നു വ്യാഴം. രാവിലെ നടന്ന ലേലം മറയൂർ ഊരിന്റെ കണ്ണു തുറപ്പിച്ചു. 38000‌ രൂപയും കടന്നു വിളി മുന്നേറുകയാണ്. ഒടുവിൽ മൂന്നുതരം പറഞ്ഞു ലേലം ഉറപ്പിച്ചു. വാങ്ങിയ 10000 രൂപ തിരികെ കൊടുത്ത് ആദ്യത്തെ ആളിനെ ഒഴിവാക്കി. 28000 രൂപ കൂടി അധികമായി കിട്ടിയ ആദിവാസി കർഷകൻ അമ്പരപ്പോടെ നിന്നു. വലിയൊരു ചൂഷണചരിത്രത്തിനാണ് അന്നു  തിരശീല വീണത്. അഞ്ചുനാട്ടിലെ ആദിവാസി ഊരുകൾക്കു മീതേ സഹവർത്തിത്വത്തിന്റെ പുതിയ കാറ്റു വീശി. 2014 നവംബറിൽ തുടക്കമിട്ട ചില്ല ഇപ്പോൾ പത്താം വയസ്സിലേക്കു തളിരിടുന്നു. 

തളിരിട്ടു ഗോത്ര സംസ്കൃതി

കൃഷിക്കു പേരെടുത്തവരാണ് മറയൂരിലെ  ഊരുകളിൽ താമസിക്കുന്ന മുതുവാൻ, മലപ്പുലയ ആദിവാസികൾ. പക്ഷേ കാട്ടുനെല്ലിക്കയും മറ്റുമായി സ്ത്രീകൾ എത്തിയാലും വൈകുന്നേരം വരെ വാങ്ങാതെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയായിരുന്നു നാട്ടിലെ കച്ചവടക്കാരുടേത്. മധുരയിൽ നിന്നു വരെയെത്തുന്ന ഇടനിലക്കാരുടെ ചെറിയൊരു തന്ത്രമാണത്. ഇരുട്ടുന്നതിനു മുൻപു കാട്ടിലേക്കു തിരികെ പോകേണ്ടതിനാൽ വെയിലാറുന്നതോടെ കിട്ടിയ വിലയ്ക്കു തട്ടിയിട്ടു പോകുമെന്ന് അവർക്കറിയാം. റിസർവിൽനിന്ന് ചന്ദനമരങ്ങൾ മോഷണം പോകുന്നതിനെയും മലഞ്ചെരിവുകളിലെ ‘ലഹരി’കളെയും പ്രതിരോധിക്കാൻ ഗോത്രജനതയുമായി ചങ്ങാത്തത്തിനു വനംവകുപ്പ് മാർഗം തേടി നടക്കുന്ന കാലം. കാർഷിക വരുമാനം മെച്ചപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന തിരിച്ചറിവു പകർന്ന സംഭവമായിരുന്നു ആ  ലേലം. പുറത്തു നിന്നുള്ളവരുടെ ഇടപെടൽ നിയന്ത്രിക്കാൻ വനംവകുപ്പു തീരുമാനിച്ചു.   ഇതാണ് ചില്ല എന്ന ആശയം പൊട്ടിമുളച്ചതിന്റെ പശ്ചാത്തലം–  ഇപ്പോൾ വനം വകുപ്പിൽ ഡിസിഎഫ് ആയ സാബി വർഗീസും ഇടുക്കി ഫ്ലയിങ് സ്ക്വാഡ് എസിഎഫ് ആയ എം.ജി.വിനോദ് കുമാറും ഓർമിക്കുന്നു. പരിസ്ഥിതി ഗവേഷകയായ ഡോ.എസ്.ശാന്തി ആണ് ചില്ല എന്ന പേര് നിർദേശിച്ചത്. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കിഴങ്ങുവർഗങ്ങൾ വിനോദ് ശേഖരിച്ചു നൽകിയത് വനത്തിൽ നട്ട് ‘നറുംനൂറ്’ കാച്ചിൽ നഴ്സറി നടത്തുന്ന ഊഞ്ചാമ്പാറ കുടിയിലെ ലക്ഷ്മിയെ (70) വനം വകുപ്പ് കഴിഞ്ഞ മാസം തലസ്ഥാനത്ത് വിളിച്ച് ആദരിക്കുന്നതിൽ വരെ എത്തി നിൽക്കുന്നു 10 വർഷം കൊണ്ട് വടവൃക്ഷമായ ചില്ലയുടെ വളർച്ച. 

മൺ മണമുള്ള ഊരുകൃഷി 

38 ഊരുകളിൽ വിളയുന്ന വിഭവങ്ങളാണ് വനം ഓഫിസിനോടു ചേർന്നുള്ള ചില്ലയിൽ എല്ലാ ബുധനാഴ്ചയും എത്തുന്നത്. വനവിഭവങ്ങളായ നെല്ലിക്ക, കണ്ണിമാങ്ങ, തേൻ, കാട്ടു കിഴങ്ങുകൾ,  രാസവളമോ കീടനാശിനിയോ ഇല്ലാതെ ‘മഴച്ചാറ്’ കൊണ്ടു മാത്രം കൃഷി ചെയ്‌തെടുക്കുന്ന വാഴ, കാന്താരി, കാപ്പി, കിഴങ്ങുകൾ, വിവിധയിനം ബീൻസുകൾ, കാരറ്റ്, മരത്തക്കാളി, കുടികളിൽ വളർത്തുന്ന കന്നുകാലികൾ– എന്നു വേണ്ട എല്ലാം ഇവിടെ അണിനിരക്കുന്നു. കേരളത്തിന്റെ വനാന്തരങ്ങളിൽ ഇത്രയധികം കാർഷിക വിഭവങ്ങൾ ഉണ്ടോ എന്ന് തോന്നിപ്പിക്കുന്ന കാർഷിക– ജൈവ വൈവിധ്യമാണ് ചില്ലയുടെ തലയെടുപ്പ്. കാന്താരി മുതൽ കുന്തിരിക്കം വരെ 166 കാർഷിക വിളകൾ ഇവിടെ എത്തുന്നു. 

തൂക്കം എടുത്ത് കംപ്യൂട്ടറിൽ രേഖപ്പെടുത്തി മുറ്റത്ത് നിരത്തിയിരിക്കുന്ന ഓരോ ചാക്കിലും ന്യായവില നിശ്ചയിച്ച്  സ്ലിപ്പ് എഴുതി ഇട്ടു വ്യാഴം 11 ന് ലേലം ആരംഭിക്കും.  2000 രൂപ വരെ വനം സംരക്ഷണ സമിതിക്ക് 5% തുകയും 5000 രൂപ വരെ 4%, 10,000 രൂപ വരെ 3%, അതിനു മുകളിൽ 2% എന്നിങ്ങനെയാണ്  സർവീസ് കമ്മിഷനായി ഒരു കർഷകനിൽ നിന്നു ഈടാക്കുന്നതെന്നു വനംവകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരായ കെ.വി.ബിനോജിയും റാണി ജോണും പറഞ്ഞു. ഊരിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ തുകയും  ഉപയോഗിക്കും. 8 മുതൽ 15 ലക്ഷം വരെയാണ് ഓരോ ആഴ്ചയിലെയും വിറ്റുവരവ്. 

കൂർക്കയുടെ തലസ്ഥാനം

10 വർഷം കൊണ്ട് 1084 ടൺ കൂർക്ക വിറ്റതിലൂടെ 33.72 കോടി രൂപ ലഭിച്ചത് റെക്കോർഡാണെന്നു ഡിഎഫ്‌ഒ പി.ജെ.സുഹൈബ് പറഞ്ഞു. വ്യത്യസ്തമായ രുചിയാണ് ഈ കൂർക്കയ്ക്ക്. സത്ത് എടുക്കാൻ പറ്റിയ കാട്ടുനെല്ലിക്ക തേടി ഔഷധ നിർമാതാക്കളും 113 ആയുർവേദ കൂട്ടുകളിൽ ഇടാറുള്ള കാട്ടുപടവലം വേരുൾപ്പെടെ  തേടി ആയുർവേദ മരുന്നു നിർമാതാക്കളും പതിവായി എത്തും. കിലോ 210 രൂപ നിരക്കിൽ 16 ടൺ കാട്ടുപടവലം ഇതുവരെ കയറ്റിവിട്ടു. ചില്ലയിലൂടെ ഇതുവരെ ഏകദേശം 50 കോടിയിലേറെ രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ട്. 

ചേക്കേറാനും ഒരിടം 

ഓരോ ഊരിലെയും ബന്ധുക്കൾക്കു പരസ്പരം കാണാനും സംസാരിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും കൂടിയുള്ള വേദിയാണ് ചില്ല. തമിഴും മലയാളവുമല്ലാത്ത തനതു ഭാഷയുണ്ട് ഊരിന്. വിഭവങ്ങളുമായി എത്തുന്നവരിൽ ഏറെയും സ്ത്രീകൾ.  ഇതിലൂടെ സ്ത്രീകളും വരുമാനം ഉള്ളവരായി മാറുന്നു. 

ചില്ല വളർന്നു പന്തലിച്ചതോടെ പുതിയ ‘ഇല’യ്ക്കും മുളപൊട്ടി. ഇല എന്നാൽ ഊരിലെ ആളുകൾക്കു ന്യായവിലയ്ക്കു അരിയും പച്ചക്കറിയും ഉൾപ്പെടെ സാധനങ്ങൾ വാങ്ങാനുള്ള സൂപ്പർ മാർക്കറ്റാണ്. ലാഭമോ നഷ്ടമോ ഇല്ലാതെയാണ് വനം വകുപ്പ് ഇതു നടത്തുന്നത്. നന്മയുടെ മണമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ 10 വർഷം കൊണ്ട് അഞ്ഞൂറോളം ചന്ത പിന്നിടുമ്പോൾ ചില്ല കേരളത്തിന്റെ ചന്തമായി മാറുകയാണ്.   

English Summary:

Empowering Tribal Farmers: A Decade of "Chilla" in Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com