ബഹിരാകാശ ഗുണ്ട; ആകാശത്തിലെ അപകടദൂതന്മാർ
Mail This Article
കഴിഞ്ഞ ബുധൻ രാത്രി കഴിഞ്ഞാണ് റഷ്യയുടെ സൈബീരിയൻ മേഖലയിലെ വിദൂരസ്ഥലമായ യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം ആകാശത്തു കത്തിജ്വലിച്ചത്. ഛിന്നഗ്രഹം എത്തുന്നതിനു 12 മണിക്കൂർ മുൻപു മാത്രമാണ് യൂറോപ്യൻ സ്പേസ് ഏജൻസിക്ക് അതിനെ കണ്ടെത്താനായത്.
ആസ്റ്ററോയ്ഡ് എന്ന് ഇംഗ്ലിഷിൽ വിളിക്കപ്പെടുന്ന ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പല തവണ പതിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പ്രശസ്തമായ അവശേഷിപ്പ് കിടക്കുന്നത് മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിലാണ്. കടലിൽ മറഞ്ഞുകിടക്കുന്ന ഒരു ഗർത്തം. ചിക്‌സുലബ് ക്രേറ്റർ എന്നറിയപ്പെടുന്ന ഈ ഗർത്തത്തിനു ഭൂമിയുടെ ജൈവിക ചരിത്രത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട്. ഈ മേഖലയിൽ പതിച്ചു ഗർത്തമുണ്ടാക്കിയ ഛിന്നഗ്രഹമാണ് ദിനോസറുകളുടെ അപ്രമാദിത്വത്തിന് ഭൂമിയിൽ അന്ത്യമേകിയത്.
ആറരക്കോടി വർഷങ്ങൾക്കു മുൻപായിരുന്നു ഈ സംഭവം. ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു. 145 കിലോമീറ്റർ വിസ്തൃതിയുള്ള ചിക്‌സുലബ് പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യം ഇന്നുമുണ്ട്.
ആകാശത്തിലെ അപകടദൂതന്മാർ
ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്. ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. പല കാലങ്ങളിലെ ഛിന്നഗ്രഹ വരവുകളിൽ അടുത്തിടെ സംഭവിച്ചതിൽ ഏറ്റവും തീവ്രതയേറിയ സംഭവമാണ് ടുംഗുസ്‌കയിലേത്. ദുരൂഹതയുടെ പരിവേഷം അണിഞ്ഞുനിൽക്കുന്ന ഈ സംഭവം നടന്നതും സൈബീരിയയിലാണ്.
ഒരു നൂറ്റാണ്ടിനുമപ്പുറം 1908ൽ ഒരു ജൂൺ മാസത്തിലായിരുന്നു ഈ സംഭവം. ടുംഗുംസ്‌ക എന്ന ആൾപ്പാർപ്പില്ലാത്ത മേഖലയിൽ ഒരു സ്‌ഫോടനശബ്ദവും തുടർന്നു പ്രകമ്പനങ്ങളുമുണ്ടായി. സമീപപ്രദേശങ്ങളിൽ താപനില ഉയർന്നു. സംഭവത്തിന്റെ ആഘാതം രണ്ടായിരത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ പരന്നു. പൊടുന്നനെ ഉയർന്ന താപനിലയിൽ ടുംഗുസ്‌കയിൽ എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു. ഇത്തരം മരങ്ങളുടെ ഒരു കാട് തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇത്തരമൊരു കാഴ്ച ലോകം കാണുന്നത് 37 വർഷം കഴിഞ്ഞാണ്. ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ യുഎസ് അണുബോംബ് ആക്രമണം നടത്തിയപ്പോൾ..
2013ലും ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള പാറക്കഷണം റഷ്യയിലെ ചെല്യബിൻസ്‌കിൽ മാനത്തു പൊട്ടിത്തെറിച്ചിരുന്നു. ഹിരോഷിമ സ്ഫോടനത്തിന്റെ 3 മടങ്ങു തീവ്രത ഇതിനുണ്ടായിരുന്നു. ഒട്ടേറെ വീടുകൾ നശിക്കുകയും ചില പ്രദേശവാസികൾക്കു പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ചെല്യബിൻസ്‌കിലേത് ഛിന്നഗ്രഹമല്ലായിരുന്നെന്നും ഭാരമേറിയ ഉൽക്കയായിരുന്നെന്നുമാണ് ഇന്നത്തെ പ്രബലമായ വാദം.
തകർക്കുമോ നമ്മളെ
ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു.പലതിനെയും ട്രാക്ക് ചെയ്യാൻ കഴിയുമത്രേ. എന്നാൽ വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ അത്ര ശുഭാപ്തി വിശ്വാസക്കാരല്ല.
ചില ഛിന്നഗ്രഹങ്ങൾ അപകട സാധ്യതയുള്ളവരാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ബെന്നു എന്ന ഛിന്നഗ്രഹം ഇത്തരത്തിലൊന്നാണ്. 2182ൽ ഇതു ഭൂമിയോട് അടുത്തെത്തും. എന്നാൽ അതു ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത വളരെക്കുറവാണ്. 2700ൽ ഒന്ന് എന്ന ചെറിയ സാധ്യത മാത്രമാണ് ഇത്തമൊരു കൂട്ടിയിടിക്കായി നാസ കൽപിക്കുന്നത്.
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029ൽ ഭൂമിക്കരികിലെത്തുമെന്ന വാർത്ത വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഭൂമിക്ക് 37399 കിലോമീറ്റർ സാമിപ്യത്തിലാണ് ഇത് അന്ന് എത്തുക. എന്നാൽ ഛിന്നഗ്രഹത്തിന്റെ പഥത്തിൽ പ്രവചന സ്വഭാവമുള്ള പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ അങ്ങനെയൊരു സാധ്യത തള്ളി. 2036ലും ഇത്തരമൊരു സമീപസഞ്ചാരം ഛിന്നഗ്രഹം നടത്തുമെങ്കിലും അതും പ്രശ്നകരമല്ലെന്നു ഗവേഷകർ അറിയിച്ചിരുന്നു.
ഛിന്നഗ്രഹങ്ങളുടെ അപകടസാധ്യതകളെ യാഥാർഥ്യബോധത്തോടെ ശാസ്ത്രസമൂഹം സമീപിക്കുന്ന കാഴ്ചകളും ഇതിനിടെ കണ്ടു. ഭൂമിക്കൊരു പ്രതിരോധം എന്ന നിലയിൽ പ്ലാനറ്ററി ഡിഫൻസ് എന്ന ബഹിരാകാശ സുരക്ഷാ മേഖല തന്നെ വികസിച്ചു വരുന്നുണ്ട്. 2022ൽ നാസയുടെ ഡാർട്ട് അഥവാ 'ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്' എന്ന ദൗത്യം ഒരു ചെറു ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിച്ചിരുന്നു. ഭൗമപ്രതിരോധരംഗത്തെ നിർണായകമായ കാൽവയ്പായിരുന്നു ഇത്. ഭൂമിയിൽനിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെയാണ് ഡാർട്ട് ഇടിച്ചത്. ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന പദ്ധതിയുടെ ഫലമായാണു ഡാർട്ട് പിറവിയെടുക്കുന്നത്.