ADVERTISEMENT

ഡിസംബറിലെ മഞ്ഞിൽ ആകാശത്തു മിന്നിത്തെളിയുന്ന കോടാനുകോടി നക്ഷത്രങ്ങളെക്കാൾ തെളിച്ചമുള്ള ഒരു ജീവനക്ഷത്രം ഇങ്ങു ഭൂമിയിലുണ്ട്. ലില്ലി എന്നാണ് ആ നക്ഷത്രത്തിന്റെ പേര്. സ്വന്തം പ്രകാശം മങ്ങിയാലും മറ്റൊരു നക്ഷത്രത്തിനും ഈ  ക്രിസ്മസ് കാലത്ത്  പ്രകാശം കുറയരുതെന്ന് ആഗ്രഹിക്കുന്ന ഒരു Twinkling Star!!.

​ഗബ്രിയേൽ ദൈവദൂതൻ നസറത്ത് എന്ന പട്ടണത്തിൽ കന്യകയായ മറിയത്തിനു പ്രത്യക്ഷപ്പെട്ട്  ‘നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും’ എന്നറിയിച്ചപ്പോൾ, ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! എന്നായിരുന്നു മറിയത്തിന്റെ  മറുപടി. ക്രിസ്മസിന്റെ ജീവശ്വാസം തന്നെ ഈ മംഗളവാർത്ത അറിയിക്കലും സ്വീകരിക്കലുമാണ്.

2024 ജൂലൈയിൽ കോട്ടയം ചങ്ങനാശേരി കുറുമ്പനാടത്ത് കൊല്ലറുകുന്നേൽ ലില്ലി സന്തോഷും സമാനമായ ഒരു വെളിപ്പെടുത്തലിലൂടെയും സ്വീകരണത്തിലൂടെയും കടന്നു പോയി. സ്വന്തം വൃക്കയിലൊന്ന് അതാവശ്യമായിരിക്കുന്ന ഒരു സുഹൃത്തിനു നൽകാനുള്ള ദൈവവെളിപ്പെടുത്തലും അതു സ്നേഹസമ്മാനമായി നൽകാനുള്ള സമ്മതസ്വീകരണവും ആണ് ലില്ലിയുടെ ജീവിതത്തിലെ ‘മംഗളവാർത്ത’.

ഒരു സ്നേഹദാനക്കഥ

ഈ പങ്കു വയ്ക്കലിന്റെ വിവരണത്തിൽ രണ്ടു നക്ഷത്രങ്ങളാണ് ഉള്ളത്. ആദ്യത്തെയാൾ, മനോജ് സണ്ണി.  ഷൂട്ടിങ് ചാംപ്യനും ഷൂട്ടിങ് ചാംപ്യൻമാരുടെ ഗുരുവുമായ ദ്രോണാചാര്യ സണ്ണി തോമസിന്റെ മകൻ. കോട്ടയം  ഉഴവൂർ സ്വദേശി.  തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ പഠനകാലത്ത് ദേശീയതലത്തിൽ ഷൂട്ടിങ് ചാംപ്യൻ ആയിരുന്നു. 27 വർഷം മുൻപു ജീസസ് യൂത്ത് എന്ന ക്രൈസ്തവ യുവജന മുന്നേറ്റത്തിന്റെ  മുഴുവൻ സമയ പ്രവർത്തനത്തിനായി ജീവിതം മാറ്റിവച്ച മനോജ് അതിന്റെ  ആദ്യ ദേശീയ കോഓർഡിനേറ്ററും പിന്നീടു  രാജ്യാന്തര കോഓർഡിനേറ്ററുമായി. റെക്സ് ബാൻഡ് എന്ന ക്രിസ്ത്യൻ മ്യൂസിക് ബാൻഡിന്റെ സ്ഥാപകരിൽ ഒരാളാണ്. ഇപ്പോൾ ജീസസ് യൂത്ത് ഫോർമേഷൻ ഇന്റർനാഷനൽ ഡയറക്ടറും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ഇവഞ്ചലൈസേഷൻ  ഓഫിസ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ്.

തുടർച്ചയായ യാത്രകളും രാത്രിയെ പകലാക്കിയുള്ള അധ്വാനവും സമയം തെറ്റിയുള്ള ഭക്ഷണ ക്രമവും എല്ലാം കൂടി 10 വർഷം മുൻപു മനോജിനെ പ്രമേഹരോഗിയാക്കി. അതു പിന്നീടു വൃക്കരോഗത്തിലേക്ക് എത്തി. 2024 മേയിൽ തയ്‌വാനിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് അനുവദനീയമായതിന്റെ പത്തിരട്ടിയിൽ കൂടുതലായ 15ൽ എത്തിയിരുന്നു.  തിരികെ മലേഷ്യയിലെത്തിയപ്പോൾ ശരീരം പണിമുടക്കി.  എത്രയും പെട്ടെന്നു സുരക്ഷിതമായി എത്താനായിരുന്നു നാട്ടിൽ ചികിത്സിച്ചിരുന്ന ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടറുടെ നിർദേശം. ഭാര്യ ബീനയ്ക്കൊപ്പം ആശുപത്രിയിലെത്തിയ മനോജിനു മുൻപിൽ വൃക്ക മാറ്റി വയ്ക്കുക എന്ന ഒറ്റ മാർഗം മാത്രമേ ഡോക്ടർ വച്ചുള്ളൂ. മനോജുമായി ബന്ധമുള്ള ജീസസ് യൂത്തിലുള്ള പലരും വിവരം അറിഞ്ഞപ്പോൾ തന്നെ വൃക്ക നൽകാൻ തയാറായി എത്തി. പക്ഷേ, സ്വന്തം വൃക്ക ഉപാധികളില്ലാതെ നൽകാനെത്തിയ 4 പേരുടെയും പരിശോധനാ ഫലം അനുകൂലമായിരുന്നില്ല. ഈ സമയത്താണ് അപ്രതീക്ഷിതമായി  ഒരാൾ എത്തിയത്. ജീസസ് യൂത്തിൽ 1996 മുതലുള്ള പ്രവർത്തകയായ ലില്ലി സന്തോഷായിരുന്നു അത്. ജീസസ് യൂത്തിൽ മനോജിന്റെ  സഹപ്രവർത്തകനും സുഹൃത്തുമായ സന്തോഷിന്റെ ഭാര്യ.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസറായ ലില്ലി ജീസസ് യൂത്ത്  നഴ്സിങ് മിനിസ്ട്രിയുടെ ചുമതലയും വഹിക്കുന്നുണ്ട്.

സ്നേഹവും ബഹുമാനവുമുള്ള ഒരാളുടെ രോഗസൗഖ്യത്തിനായി ആത്മാർഥതയോടെയുള്ള പ്രാർഥനയ്ക്കിടയിലാണ് എന്തുകൊണ്ട് നിനക്കൊരു ദാതാവ് ആയിക്കൂടാ എന്നൊരു ചോദ്യം ലില്ലിയുടെ മനസ്സിലുയർന്നു വന്നത്. ആദ്യചിന്തയിൽ തന്നെ മനസ്സിൽ തെളിഞ്ഞതു മൂന്നു പെൺമക്കളുടെയും ഭർത്താവ് സന്തോഷിന്റെയും മുഖമാണ്, പിന്നെ തൈറോയ്ഡ്, നടുവേദന, സ്പോൻഡിലൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുമായി മല്ലിടുന്ന സ്വന്തം ശരീരത്തെയും ഓർത്തു.  ആരോടും പറയാതെ മനസ്സു നിറഞ്ഞ ആശങ്കയിൽ മൂന്നു ദിവസം തുടർച്ചയായി പ്രാർഥിച്ചപ്പോഴും ലില്ലിയുടെ മനസ്സിൽ മനോജ് സണ്ണിയെ സഹായിക്കണം എന്ന ചിന്ത ഉറച്ചു.  പ്രാർഥനയോടെ ബൈബിൾ വായിച്ചപ്പോൾ ലൂക്കായുടെ സുവിശേഷത്തിലെ വാക്യമായിരുന്നു ലഭിച്ചത് ‘‘രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടേ’’ എന്ന വാക്യം.

പിറ്റേന്ന് ഉറങ്ങി എണീറ്റപ്പോൾ ചൂരൽമല–മുണ്ടക്കൈ ദുരന്തവാർത്തയാണ് കേട്ടത്. രാത്രി ഉറങ്ങിയ ഒരു ഗ്രാമം മുഴുവൻ ഉണരാതെ മാഞ്ഞുപോയ വാർത്ത കേട്ടപ്പോൾ നാളെയെപ്പറ്റി എന്തിനാണ് ആശങ്ക എന്നു മാത്രമേ ചിന്തിച്ചുള്ളൂ.തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തപരിശോധനകൾ എല്ലാം നടത്തി, അതിന്റെ റിസൽറ്റ് അവിടെത്തന്നെയുള്ള ഡോക്ടറെ ലില്ലി കാണിച്ചു. അതും അനുകൂലമായിരുന്നു. തിരികെ വീട്ടിലെത്തി ഭർത്താവായ സന്തോഷിനോടു ചോദിച്ചു. ‍മനോജ് ചേട്ടനു വൃക്ക മാറ്റി വയ്ക്കണം എന്നതു സന്തോഷേട്ടൻ അറിഞ്ഞിരുന്നോ? എന്നോട് ഇൗശോ പറയുന്നത് നീ അതു നൽകണം എന്നാണ്, ഞാനെന്തു ചെയ്യണം?. ഞെട്ടലോടെയാണ് സന്തോഷ് അതു കേട്ടത്. ലില്ലിയുടെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാവുന്ന സന്തോഷിന് ആശങ്കയുണ്ടായി. കടുത്ത എതിർപ്പുന്നയിക്കുകയും ചെയ്തു. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ തനിക്കുണ്ടായ വെളിപ്പെടുത്തലുകളും അത്മസംഘർഷങ്ങളും ആശുപത്രിയിലെ പരിശോധനാഫലവും ഒക്കെ ലില്ലി പങ്കു വച്ചപ്പോൾ സന്തോഷ്  സമ്മതിച്ചു.

പ്രാർഥിച്ചൊരുങ്ങിയ ലില്ലി അടുത്ത ദിവസം തന്റെ തീരുമാനം മനോജിന്റെ സുഹൃത്തായ റൈജു വർഗീസിനെ അറിയിച്ചു. റൈജുവും ആശങ്ക പങ്കു വച്ചെങ്കിലും തീരുമാനം മാറിയില്ല. റൈജു വിവരം അറിയിച്ചപ്പോൾ അതു വേണോ എന്നായിരുന്നു മനോജിന്റെ ചോദ്യം. പക്ഷേ ഒരൊറ്റ ‘നോ’ കൊണ്ട് ഒഴിവാക്കാമായിരുന്ന നഷ്ടമാകലിന്റെ വേദനയെ ലില്ലി തന്റെ മംഗളവാർത്തയായി ആണ് സ്വീകരിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പരിശോധനകൾക്കായി കുറഞ്ഞത് 20 തവണയെങ്കിലും കോട്ടയത്തുനിന്നും ലില്ലിയും സന്തോഷും ആലുവയിലേക്കു പോയി. എല്ലാ പരിശോധനയും പോസിറ്റീവ്. ഓരോ യാത്രയിലും അവരെ മുൻപോട്ടു നയിച്ചത് ‘കർത്താവിന്റെ സ്നേഹം എന്നെ നിർബന്ധിക്കുന്നു’ എന്ന ബൈബിൾ വാക്യമായിരുന്നു.

നവംബർ 27ന് ഒരുപാധിയും ഇല്ലാതെ സ്നേഹത്തോടെയും സന്തോഷത്തോടെയും തന്റെ വൃക്കകളിലൊന്ന് ലില്ലി, മനോജ് സണ്ണിക്ക് പങ്കുവച്ചു നൽകി. ഓരോ തവണയും മുറിവിൽ നിന്നു വേദനയുണ്ടാകുമ്പോൾ വർണിച്ചിടാൻ വാക്കുകളില്ലാത്ത ദൈവസ്നേഹത്തെപറ്റി ആലോചിച്ച് അവർ സന്തോഷിച്ചു. പകർന്നുകിട്ടിയ സ്നേഹം നൽകിയ ഊർജം കൊണ്ട് ഈ ക്രിസ്മസ് കാലത്ത് പുതിയ ഒരു ചുവടു വയ്ക്കുകയാണ് മനോജ്. പങ്കുവയ്ക്കലിന്റെ സന്തോഷത്തിൽ ലില്ലിയും.  മുറിവുണങ്ങി സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന ലില്ലിയോടു പറയാൻ ഈ വരികൾ മാത്രം....

Twinkle Twinkle, LILLY Star

How I wonder what you are

Up above the world so high

Like a diamond in the sky.

English Summary:

A Christmas Miracle: Lilly Santosh, a senior nursing officer, selflessly donated a kidney to Manoj Sunny, a friend in need. This inspiring story of compassion and love highlights the power of organ donation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com