മാലദ്വീപ്: യമീനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
Mail This Article
മാലെ ∙ പണം തട്ടിപ്പുകേസിൽ മുൻ പ്രസിഡന്റ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പു തോൽവിക്കു തൊട്ടുമുൻപ് 15 ലക്ഷം യുഎസ് ഡോളർ അനധികൃതമായി കൈപ്പറ്റിയെന്ന കേസിൽ കോടതി നടപടികളെ തുടർന്നാണ് അറസ്റ്റ്. സാക്ഷികൾക്കു കൈക്കൂലി നൽകാൻ യമീൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. നേരത്തേ കോടതി യമീന്റെ മാലദ്വീപ് ബാങ്കിലെ 65 ലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നു.
നേരത്തേ ഇന്ത്യയുമായി ഏറെ അടുപ്പത്തിലായിരുന്ന മാലദ്വീപ്, യമീൻ അധികാരത്തിലെത്തിയതോടെയാണ് ചൈനയുമായി അടുത്തത്. ദ്വീപിൽ പുതിയ വിമാനത്താവളം ഉൾപ്പെടെ 17 വൻകിട പദ്ധതികളാണു ചൈന നടപ്പാക്കിയത്. ചൈനയിൽ നിന്നു വൻതോതിൽ വായ്പയെടുത്ത മാലദ്വീപ് ഇതോടെ കടക്കെണിയിലായി. ദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 70 ശതമാനവും ചൈനയ്ക്കുള്ള വായ്പ തിരിച്ചടയ്ക്കാൻ വേണം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതോടെ യമീന്റെ ചൈനാ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണു ദ്വീപിൽ ഉയർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുകയും ചെയ്തു.