മാഫിയ തലവൻ പെർസികോ ജയിലിൽ മരിച്ചു
Mail This Article
ന്യൂയോർക്ക് ∙ മാഫിയ സംഘങ്ങളിലെ ഏറ്റവും കരുത്തനും കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ ‘കൊളംബോ കുടുംബ’ത്തിന്റെ തലവനുമായിരുന്ന കാർമൈൻ ജോൺ പെർസികോ (85) നോർത്ത് കാരോലൈനയിൽ ജയിലിൽ മരിച്ചു. ഒട്ടേറെ കുറ്റകൃത്യങ്ങളിലായി 139 വർഷം ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു. കൗമാരക്കാരനായി കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയ പെർസികോ ഏറിയ കാലവും ജയിലിലായിരുന്നു.
17–ാം വയസിൽ കൊലപാതകക്കേസിലാണ് ആദ്യം അറസ്റ്റിലായത്. നിഷ്ഠുരയും ആസൂത്രണമികവും കൗശലവും ഏറെ വൈകാതെ പെർസികോയെ കൊളംബോ സംഘത്തിന്റെ നായകസ്ഥാനത്തെത്തിച്ചു. ജയിലിനുള്ളിൽ നിന്നും വലിയ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ പെർസികോ എഴുപതുകളിലും എൺപതുകളിലും മാഫിയ ലോകത്തെ സൂപ്പർതാരമായി.
അനുയായികൾ ‘ജൂനിയർ’ എന്നും എതിരാളികൾ ‘സർപ്പം’ എന്നും വിളിച്ചിരുന്ന പെർസികോ തൊണ്ണൂറുകൾ വരെ നിയമവകുപ്പിന് തലവേദനയായിരുന്നു. പെർസികോയ്ക്ക് 20 കൊലപാതകങ്ങളിൽ നേരിട്ടു പങ്കുള്ളതായി തെളിഞ്ഞിരുന്നു. സോഗർട്ടീസിലെ 59 ഏക്കർ ബ്ലൂമൗണ്ടൻ മാനർ ഹോഴ്സ് ഫാമിലെ ബംഗ്ലാവിലായിരുന്നു വാസം. 1986 ലെ ഫെഡറൽ വിചാരണയിൽ ശിക്ഷിക്കപ്പെട്ടതോടെ പതനം ആരംഭിച്ചു.