ADVERTISEMENT

പാരിസ് ∙ കത്തിനശിച്ച നോത്രദാം കത്തീഡ്രലിന്റെ ഗോഥിക് ഗോപുരം പുനർരൂപകൽപന ചെയ്യാൻ രാജ്യാന്തര വാസ്തുകലാ മത്സരം നടത്തുമെന്ന് ഫ്രാൻസ്. കത്തീഡ്രൽ 5 വർഷം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. 93 മീറ്റർ ഉയരമുള്ള ഗോപുരമടക്കം ഓക് മരത്താൽ നിർമിതമായ കത്തീഡ്രൽ മേൽക്കൂര പൂർണമായും തീപിടിത്തത്തിൽ ചാമ്പലായിരുന്നു. ‘നമ്മുടെ കാലത്തിന്റെ വെല്ലുവിളികൾക്കും സാങ്കേതികവിദ്യക്കും ചേരും വിധം ഗോപുരം പുനർനിർമിക്കാനാണു മത്സര’മെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എദ്വാ ഫിലിപ് പറഞ്ഞു. പുനരുദ്ധാരണത്തിന്റെ ചെലവു കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേതിലും മനോഹരമായി 5 വർഷത്തിനകം കത്തീഡ്രൽ പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു. ഇന്നലെ പ്രത്യേക മന്ത്രിസഭായോഗവും ചേർന്നു. പുനർനിർമാണഫണ്ടിലേക്ക് ഇതിനകം 88 കോടി യൂറോ ലഭിച്ചു. തീ കെടുത്താൻ കഠിനാധ്വാനം ചെയ്ത അഗ്നിശമന സേനാംഗങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. ‘ബസിലിക്ക സംരക്ഷിക്കാനായി ജീവൻ അപകടത്തിലാക്കിയും ആവുന്നതെല്ലാം ചെയ്തവർക്കു മുഴുവൻ സഭയുടെയും നന്ദി’ അറിയിച്ച പാപ്പ, പുനരുദ്ധാരണജോലികൾക്കു പൂർണ സഹായം വാഗ്ദാനം ചെയ്തു.

‘പൂവൻകോഴി’യെ കണ്ടുകിട്ടി

കത്തിയമർന്ന ഗോഥിക് ഗോപുരത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന പൂവൻകോഴിയുടെ ചെമ്പുശിൽപം കേടുപാടുകളോടെ ചൊവ്വാഴ്ച അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തി. ഈ ശിൽപം ക്രിസ്തുവിന്റെ മുൾക്കിരീടത്തിന്റെ ഭാഗമടക്കം 3 തിരുശേഷിപ്പുകൾ അടക്കം ചെയ്തിട്ടുള്ളതാണ്. പൂവൻകോഴി ഫ്രാൻസിന്റെ അനൗദ്യോഗിക ചിഹ്നമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഗോഥിക് ഗോപുരം തീപിടിച്ച് തകർന്നുവീണപ്പോൾ അതിൽ സ്ഥാപിച്ചിരുന്ന ചെമ്പുശിൽപം തീയില്ലാത്ത ഭാഗത്തേക്കു തെറിച്ചുവീഴുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com