സ്വയം പൊട്ടിത്തെറിച്ചു ഐഎസ് തലവൻ ബഗ്ദാദി കൊല്ലപ്പെട്ടു
Mail This Article
വാഷിങ്ടൻ ∙ ഭീകരസംഘടന ഐഎസിന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദി (48) കൊല്ലപ്പെട്ടു. സിറിയയിൽ ഇന്നലെ പുലർച്ചെ നടത്തിയ സൈനിക നടപടിക്കൊടുവിൽ, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. തുർക്കി അതിർത്തിയോടു ചേർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ, സ്വയം നടത്തിയ സ്ഫോടനത്തിൽ ബഗ്ദാദിയുടെ 3 കുട്ടികളും കൊല്ലപ്പെട്ടതായി ടിവി സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
രണ്ടു മണിക്കൂർ നീണ്ട സൈനികനടപടിക്കിടെ ബാഗ്ദാദിയുടെ 2 ഭാര്യമാരും അംഗരക്ഷകരും കുട്ടികളും അടക്കം 9 പേർ കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു.
ഹെലികോപ്റ്ററുകളിൽ സൈനികരെ ഇറക്കി യുദ്ധവിമാനങ്ങളുടെ സഹായത്തോടെയായിരുന്നു ആക്രമണം. സിറിയൻ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും തുർക്കി, ഇറാഖ് സൈന്യങ്ങളും യുഎസിനു സഹായം നൽകി. 2014ൽ ഐഎസ് ഭീകരർ പിടിച്ചെടുത്ത ഇറാഖ്–സിറിയ ഭൂപ്രദേശങ്ങളുടെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെയാണു ബഗ്ദാദി ലോകശ്രദ്ധയിലെത്തുന്നത്. ബഗ്ദാദിയെ പിടികൂടുന്നവർക്കു രണ്ടരക്കോടി ഡോളർ (ഏകദേശം 177 കോടി രൂപ) ആണു യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ഉറപ്പിച്ച് ഡിഎൻഎ
കൊല്ലപ്പെട്ടത് ബഗ്ദാദിയാണെന്ന് ഉറപ്പിക്കാൻ യുഎസ് സൈന്യം സംഭവസ്ഥലത്തു ഡിഎൻഎ പരിശോധന നടത്തിയതായി ഡോണൾഡ് ട്രംപ് പറഞ്ഞു. 15 മിനിറ്റിനകം സ്ഥിരീകരണവും ലഭിച്ചു.
‘ലോകത്തെ വിറപ്പിച്ച ആ ഭീകരൻ യുഎസ് സേന പിന്തുടർന്നുചെന്ന അവസാന നിമിഷങ്ങളിൽ ഭയന്നുവിറച്ചു. അയാൾ ഓടിയെത്തിയത് ഒരു തുരങ്കത്തിന്റെ അറ്റത്തേക്കാണ്. ദേഹത്ത് കെട്ടിവച്ച സ്ഫോടകവസ്തു പൊട്ടിച്ചു ജീവനൊടുക്കുന്നതിനൊപ്പം തന്റെ മൂന്നു കുട്ടികളുടെയും ജീവനെടുത്തു. അയാൾ ഒരു ഭീരുവിനെപ്പോലെ മരിച്ചു.’
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്