ഇറാന്റെ യുദ്ധക്കണ്ണ്; സൈനിക ഇടപെടലുകൾക്കു നേതൃത്വം നൽകിയത് സുലൈമാനി
Mail This Article
മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു ജനറൽ ഖാസിം സുലൈമാനിയായിരുന്നു. ഭീകരസംഘടനയായ ഐഎസ് ഇറാഖിലും സിറിയയിലും കടന്നുകയറിയപ്പോൾ സുലൈമാനിയുടെ നേതൃത്വത്തിൽ ഷിയാ സായുധസംഘങ്ങൾ രംഗത്തിറങ്ങി.
അറബ് വസന്തത്തിന്റെ അലകളിൽ 2011 ൽ അധികാരഭ്രഷ്ടനാകുന്നതിന്റെ വക്കിലെത്തിയ സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിച്ചുനിർത്തിയതു സുലൈമാനിയുടെ നേതൃത്വത്തിൽ യുദ്ധക്കളത്തിൽ ഇറാൻ നടത്തിയ ഇടപെടലായിരുന്നു. സിറിയൻ ആഭ്യന്തരയുദ്ധം മൂർഛിച്ചുനിൽക്കേ, 2015 ൽ സുലൈമാനി മോസ്കോയിൽ സന്ദർശനം നടത്തി. പിന്നാലെ അസദിനുവേണ്ടി റഷ്യൻ പോർവിമാനങ്ങൾ സിറിയയിൽ പറന്നിറങ്ങി.
നരച്ച മുടിയും ചേർത്തുവെട്ടിനിർത്തിയ താടിയുമുള്ള ഈ ഉയരം കുറഞ്ഞ മനുഷ്യൻ യുഎസിന്റെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയായിരുന്നു. ഇറാനിൽ താരപരിവേഷമുള്ള വിഐപിയും. മിതഭാഷിയായ സുലൈമാനി പൊതുവേദിയിൽ അധികം പ്രത്യക്ഷപ്പെടാറില്ല. ടെഹ്റാനിൽ താമസം. 5 മക്കൾ.
മധ്യപൂർവദേശത്തെ സൈനികതാൽപര്യങ്ങൾ സംരക്ഷിക്കാനായി ഇറാൻ രൂപം നൽകിയ ഖുദ്‌സ് ഫോഴ്സിന്റെ തലവൻ 2 ദശകത്തിലേറെയായി സുലൈമാനിയാണ്. ഇറാഖിൽ ഷിയാപക്ഷ സർക്കാർ അധികാരമേറിയപ്പോൾ കുർദ് വിഭാഗങ്ങൾ സ്വയം ഭരണമാവശ്യപ്പെട്ടു കലാപം തുടങ്ങി. അവരെ അനുനയിപ്പിച്ച് അടക്കി നിർത്തിയത് സുലൈമാനിയായിരുന്നു. ഇറാഖിലും സിറിയയിലും ഇറാൻ വിരുദ്ധ നേതാക്കളെയും യുഎസ് സൈനികരെയും വധിച്ചും അദ്ദേഹത്തിന്റെ ഖുദ്‌സ് ഫോഴ്സ് ശക്തി പ്രകടിപ്പിച്ചു. സുലൈമാനിയെ വകവരുത്തിയതോടെ ഇറാഖിലെ ഇറാൻ അനുകൂല ഷിയാശക്തിയുടെ വ്യാപനമാണു യുഎസ് തടുത്തത്.
കടുത്ത യുഎസ് വിരുദ്ധ നിലപാടാണ് സുലൈമാനിയെ ഇറാനിൽ ജനപ്രിയനാക്കിയത്. യുഎസുമായുള്ള ഏത് ഒത്തുതീർപ്പും പൂർണമായ കീഴടലങ്ങലാകും എന്ന ഉറച്ച നിലപാടെടുത്തു. 2018 ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സുലൈമാനി പരസ്യമായി വെല്ലുവിളിച്ചു. ‘ഞാൻ പറയുന്നു മിസ്റ്റർ ട്രംപ്, താങ്കളുടെ സമീപത്തു ഞങ്ങളുണ്ട്. ഞങ്ങൾ ഉണ്ടെന്നു താങ്കൾ കരുതാത്ത ആ സ്ഥലത്ത്. താങ്കൾ യുദ്ധം തുടങ്ങും. ഞങ്ങൾ അത് അവസാനിപ്പിക്കും.’ – സുലൈമാനിയുടെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
തെക്കുകിഴക്കൻ ഇറാനിലെ ദരിദ്ര കർഷക കുടുംബത്തിൽ 1957 മാർച്ച് 11 നു ജനനം. കടക്കെണിയിലായിപ്പോയ പിതാവിനെ സഹായിക്കാൻ 13 ാം വയസ്സിൽ അടുത്ത പട്ടണമായ റാബോറിലേക്കു പോയി കൂലിപ്പണിയെടുത്തു. 1978 ൽ ഇറാൻ വിപ്ലവ കാലത്ത് ഷാ ഭരണത്തിനെതിരെ പ്രകടനം സംഘടിപ്പിച്ചു. 1980 ൽ ഇറാഖുമായി യുദ്ധമുണ്ടായപ്പോൾ സൈന്യത്തിൽ ചേർന്നു യുദ്ധമുന്നണിയിലേക്കു പോയി. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ലഹരിമരുന്നു സംഘത്തെ അമർച്ച ചെയ്തു.
റവല്യൂഷനറി ഗാർഡ്‌സിൽ ഉന്നത സ്ഥാനത്തെത്തിയ സുലൈമാനിയെ 1998 ലാണു ഖുദ്‌സ് ഫോഴ്സ് തലവനായി നിയമിച്ചത്. ഇറാനിലെ പരമോന്നത സൈനിക ബഹുമതിയായ സുൾഫിക്കർ പുരസ്കാരം 2019 ൽ ലഭിച്ചു. 1979 ൽ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായ ശേഷം ആദ്യമായാണ് ഈ ബഹുമതി ഒരു കമാൻഡർക്കു ലഭിച്ചത്.
ലബനനിലെ ഹിസ്ബുല്ല അടക്കം ഇറാഖിലും സിറിയയിലുമുള്ള ഷിയാ സായുധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഖുദ്‌സ് ഫോഴ്സിനെതിരെയും സുലൈമാനിക്കെതിരെയും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. സൗദിയുടെ യുഎസിലെ അംബാസഡറെ വധിക്കാനുള്ള ഗൂഢാലോചനയിൽ സുലൈമാനി പങ്കാളിയാണെന്നും യുഎസ് ആരോപിക്കുന്നു. 2018 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം സുലൈമാനിയെ വധിക്കാൻ സൗദി ഇന്റലിജൻസ് പദ്ധതി തയാറാക്കിയിരുന്നു. ഇസ്രയേലും ഇതിനെ പിന്തുണച്ചുവെന്നായിരുന്നു റിപ്പോർട്ട്.
2013 സെപ്റ്റംബറിൽ ദ് ന്യൂയോർക്കർ സുലൈമാനിയെക്കുറിച്ചു നൽകിയ വിശദമായ ലേഖനത്തിന്റെ തലക്കെട്ട് ഷാഡോ കമാൻഡർ എന്നായിരുന്നു. ആ ലേഖനത്തിൽ സുലൈമാനിയെ അടുത്തറിയുന്ന ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ ഇറാന്റെ ഏറ്റവും ശക്തനായ സൈനികവ്യക്തിത്വത്തെ ഇങ്ങനെ വിവരിക്കുന്നു: ‘ജനറൽ ഖാസിം സുലൈമാനി മുറിയിലേക്കു വരുന്നു. അവിടെ നിങ്ങൾ 10 പേരുണ്ടെന്നു കരുതുക. അദ്ദേഹം ഒരിക്കലും നിങ്ങൾക്കൊപ്പം ഇരിക്കില്ല. മുറിയുടെ മൂലയിലൊരിടത്തു തനിച്ച് ഇരിക്കും. ഒരിക്കലും സംസാരിക്കില്ല, അഭിപ്രായവും പറയില്ല. എല്ലാം ശ്രദ്ധിക്കും. പക്ഷേ, എല്ലാവരും വിചാരിക്കുന്നത് അദ്ദേഹത്തെക്കുറിച്ചു മാത്രമായിരിക്കും’.
ഡ്രോണോ ഹെലികോപ്റ്ററോ ?
ഡ്രോൺ ആക്രമണമാണു നടത്തിയതെന്ന് പെന്റഗൺ അവകാശപ്പെട്ടു. എം ക്യൂ 9 റീപ്പർ ഡ്രോൺ ആണു മിസൈലുകൾ അയച്ചതെന്നാണു റിപ്പോർട്ട്. എന്നാൽ യുഎസ് സൈനിക ഹെലികോപ്റ്ററുകളാണ് ആക്രമിച്ചതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പറയുന്നു. ലബനനിൽനിന്നോ സിറിയയിൽനിന്നോ ബഗ്ദാദിൽ വിമാനമിറങ്ങി യാത്ര തുടരുകയായിരുന്നു ജനറൽ സുലൈമാനി.
ഖുദ്സ് ഫോഴ്സിനു പുതിയ തലവൻ
ഇറാൻ സായുധസേനയുടെ ഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്‌സ് കോറിന്റെ (ഐആർജിസി) വിദേശ ഓപ്പറേഷനുകളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള വിഭാഗമാണു ഖുദ്‌സ് ഫോഴ്‌സ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു പ്രവർത്തനം.
മധ്യപൂർവദേശത്ത് ഇറാൻപക്ഷ ഷിയാ സംഘടനകൾക്കു പരിശീലനം, ആയുധസഹായം, മേഖലയിലെ സൈനികപദ്ധതികളുടെ ആസൂത്രണം, നടത്തിപ്പ് എന്നിവയെല്ലാം ഇവരുടെ ചുമതല. ഖുദ്‌സ് ഫോഴ്സിന്റെ പുതിയ തലവനായി ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഗാനിയെ നിയമിച്ചു.