ഡാനിയൽ പേൾ വധം: വധശിക്ഷയിൽ ഇളവ്; 4 പ്രതികൾക്കും മോചനം
Mail This Article
കറാച്ചി ∙ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ (38) തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ മുഖ്യപ്രതിയും അൽ ഖായിദ നേതാവുമായ അഹമ്മദ് ഉമർ സയീദ് ഷെയ്ഖിന്റെ (46) വധശിക്ഷ 7 വർഷം തടവുശിക്ഷയായി കുറച്ചു. 18 വർഷമായി ജയിലിലാണെന്നതു പരിഗണിച്ച് ഇയാളെയും മറ്റു 3 പ്രതികളെയും വിട്ടയയ്ക്കാനും സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു.
പാക്ക് ചാരസംഘടനയായ ഐഎസ്ഐയും അൽ ഖായിദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കിവരുകയായിരുന്ന വാൾ സ്ട്രീറ്റ് ജേണൽ ദക്ഷിണേഷ്യാ ചീഫ് ഓഫ് ബ്യൂറോ ഡാനിൽ പേളിനെ 2002ൽ ഭീകരർ കഴുത്തറുത്തു കൊല്ലുകയായിരുന്നു.
തുടർന്ന് അറസ്റ്റിലായ ഷെയ്ഖിന് ഭീകരവിരുദ്ധ കോടതി നൽകിയ വധശിക്ഷയാണ് ഹൈക്കോടതി ഇളവു ചെയ്തത്. ജീവപര്യന്തം തടവിലായിരുന്ന ഫഹദ് നസീം, സൽമാൻ സാഖിബ്, ഷെയ്ഖ് ആദിൽ എന്നിവരെ മോചിപ്പിക്കുകയും ചെയ്തു. 1999ൽ കാണ്ടഹാർ വിമാന റാഞ്ചലിനെത്തുടർന്ന് ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനൊപ്പം ഇന്ത്യ മോചിപ്പിച്ച ഭീകരരിലൊരാളാണ് ബ്രിട്ടനിൽ ജനിച്ച ഉമർ സയീദ് ഷെയ്ഖ്.
English summary: Daniel Pearl murder case