സൂപ്പർ വിജയവുമായി സ്റ്റാർ ജസിൻഡ
Mail This Article
വെല്ലിങ്‌ടൻ ∙ പ്രതീക്ഷിച്ചതു പോലെ ന്യൂസീലൻഡ് തിരഞ്ഞെടുപ്പിൽ ജസിൻഡ ആർഡേന്റെ ലേബർ പാർട്ടിക്കു വൻ വിജയം. കോവിഡ് പ്രതിസന്ധിയെ കാര്യക്ഷമതയോടെയും വിജയകരമായും കൈകാര്യം ചെയ്തതിനുള്ള ജനകീയ അംഗീകാരത്തോടെ ജസിൻഡ (40) ഭരണം തുടരും. 77% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ലേബർ പാർട്ടിക്ക് 49% വോട്ടു ലഭിച്ചു. പ്രതിപക്ഷ നാഷനൽ പാർട്ടി ബഹുദൂരം പിന്നിലാണ് – 27%. ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സിന്റെ ന്യൂസീലൻഡ് ഫസ്റ്റ് പാർട്ടിക്ക് 2.6%, ഗ്രീൻ പാർട്ടിക്ക് 7.6% വോട്ടുണ്ട്. പീറ്റേഴ്സിന് സ്ഥാനം നഷ്ടമാകും.
പാർലമെന്റിലെ 120 സീറ്റുകളിൽ 64 സീറ്റുകൾ ലേബർ പാർട്ടി നേടുമെന്നാണു കണക്കാക്കുന്നത്. പകുതിയിലേറെ സീറ്റുകൾ നേടിയാൽ ഒറ്റയ്ക്കു സർക്കാർ രൂപീകരിക്കാം. അങ്ങനെയെങ്കിൽ വർഷങ്ങൾക്കു ശേഷമാണ് ന്യൂസീലൻഡിൽ ഏക പാർട്ടി ഭരണമുണ്ടാവുക. കഴിഞ്ഞ തവണ സഖ്യ ഭരണമായിരുന്നു. 50% സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഗ്രീൻ പാർട്ടിയുമായി ചേർന്ന് ലേബർ – ഗ്രീൻ ഇടതുപക്ഷ സർക്കാരുണ്ടാകും. 1970കൾക്കു ശേഷം ആദ്യമായിട്ടാവും സമ്പൂർണ ഇടത് സർക്കാർ.
കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത പരിഷ്കാര നടപടികൾ പലതും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും കോവിഡ് നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടികൾ ജസിൻഡയ്ക്ക് ന്യൂസീലൻഡിൽ താരപരിവേഷം നൽകിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ കഴിഞ്ഞ വർഷം വെളുത്ത വംശീയവാദി മുസ്‍ലിം പള്ളിയിൽ 51 പേരെ വെടിവച്ചു കൊന്ന സംഭവത്തിലെ ജസിൻഡയുടെ പ്രതികരണവും നടപടികളും അഭിനന്ദനം പിടിച്ചുപറ്റി. പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം കൊടുത്തതും ജസിൻഡയെ വാർത്തകളിൽ കൊണ്ടുവന്നു.
ഏറ്റവും വലിയ നഗരമായ ഓൿലൻഡിൽ കോവിഡ് രണ്ടാം വ്യാപനമുണ്ടായതിനെത്തുടർന്ന് ഒരു മാസം വൈകിയാണ് തിരഞ്ഞെടുപ്പു നടന്നത്.
പൊതു തിരഞ്ഞെടുപ്പിനൊപ്പം ദയാവധം, ലഹരിമരുന്നായ മാരിജുവാന നിയമവിധേയമാക്കണോ എന്നിവയിൽ ജനഹിതപരിശോധനയും നടന്നിരുന്നു. ഇതിന്റെ ഫലം 30ന് പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് സവിശേഷം
1854 ൽ സ്ഥാപിതമായ ന്യൂസീലൻഡ് പാർലമെന്റ് ലോകത്തെ ഏറ്റവും പഴക്കം ചെന്നവയിൽ ഒന്നാണ്. വനിതകൾക്ക് ദേശീയതലത്തിൽ ആദ്യമായി വോട്ടവകാശം അനുവദിച്ച സ്വയംഭരണ രാജ്യമാണ് ന്യുസീലൻഡ് – 1893 ൽ.
120 അംഗ പാർലമെന്റിലെ 71 സീറ്റിലേക്കാണ് നേരിട്ടു തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 49 സീറ്റ് പാർട്ടികൾക്കു ലഭിച്ച വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വീതിച്ചു കൊടുക്കുകയാണ്.