ബേണി സാൻഡേഴ്സ് അന്നേ പ്രവചിച്ചു, ട്രംപിന്റെ തന്ത്രം: ‘തപാൽ വോട്ടുകളുടെ പ്രളയവും’
Mail This Article
വാഷിങ്ടൻ ∙ മുതിർന്ന ഡമോക്രാറ്റ് നേതാവ് ബേണി സാൻഡേഴ്സ് രണ്ടാഴ്ച മുൻപ് ചാനൽ അഭിമുഖത്തിൽ പറഞ്ഞതു യാഥാർഥ്യമായതിന്റെ അമ്പരപ്പിൽ ലോകം. ഇത്തവണ തപാൽ വോട്ടുകളുടെ പ്രളയമായിരിക്കുമെന്നും തിരഞ്ഞെടുപ്പു കഴിയുന്ന ദിവസം രാത്രിതന്നെ ട്രംപ് വിജയപ്രഖ്യാപനം നടത്തുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. തപാൽവോട്ട് എണ്ണിക്കഴിയുമ്പോൾ ബൈഡൻ ജയിക്കും. തപാൽവോട്ടിൽ തട്ടിപ്പു നടക്കുമെന്നു താൻ പണ്ടേ പറഞ്ഞതല്ലേയെന്നു ചൂണ്ടിക്കാട്ടി ട്രംപ് വീണ്ടും രംഗത്തെത്തും- സാൻഡേഴ്‌സ് അന്നു പറഞ്ഞു.
‘മിഷിഗനിലോ പെൻസിൽവേനിയയിലോ വിസ്‌കോൻസെനിലോ ട്രംപ് മുന്നേറുകയാണെന്നിരിക്കട്ടെ. രാത്രി 10നു ട്രംപ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടും. എന്നിട്ട്, വീണ്ടും തിരഞ്ഞെടുത്തതിന് അമേരിക്കക്കാർക്കു നന്ദി പറയും’– സാൻഡേഴ്‌സ് പറഞ്ഞു.
മൂന്നിനു തിരഞ്ഞെടുപ്പു നടന്നു. അന്നു രാത്രി അൽപം വൈകിയാണെങ്കിലും സാൻഡേഴ്‌സ് പ്രവചിച്ചതു തന്നെ സംഭവിച്ചെന്നു മാത്രമല്ല, സുപ്രീം കോടതിയിൽ പോകുമെന്നു കൂടി ട്രംപ് പ്രഖ്യാപിച്ചു.