ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ഇന്നലെ നട്ടുച്ചയ്ക്ക് അധികാരേമേറ്റെടുത്ത ജോ ബൈഡൻ മധ്യാഹ്നം മുഴുവൻ വൈറ്റ്‌ ഹൗസ് ഓവൽ ഓഫിസിൽ തിരക്കിട്ട ജോലിയിൽ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ ഉത്തരവുകൾ തിരുത്തി പുതിയവ ഇറക്കുന്നതിലാണ് പുതിയ പ്രസിഡന്റ് ബൈഡൻ വ്യാപൃതനാകുകയെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് മേധാവി നേരത്തേ തന്നെ അറിയിച്ചിരുന്നു. 

കോവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികളാണ് ബൈഡൻ സ്വീകരിച്ചത്. പൊതുസ്ഥാപനങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നതും വാക്സീൻ വിതരണ ഏകോപനച്ചുമതലയുൾപ്പെടെ കോവിഡിനെതിരെ കർമസേന  രൂപീകരിക്കുന്നതുമാണു മുൻഗണനയിലുള്ളത്. 

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ  കുടിയൊഴിക്കൽ തടഞ്ഞും വിദ്യാഭ്യാസ ലോൺ തിരിച്ചടവു കാലാവധി നീട്ടിയും നടപടി സ്വീകരിച്ചു. 

പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു. ലോകാരോഗ്യ സംഘടനയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ അധ്യക്ഷൻ ഡോ. ആന്തണി ഫൗച്ചിയായിരിക്കും. മുസ്‌ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവിലക്ക് നീക്കൽ‌, യുഎസ്– മെക്സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള   മതിൽനിർമാണത്തിന്റെ ഫണ്ട് മരവിപ്പിക്കൽ, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോൺ എക്സ്എൽ പൈപ്പ്‌ലൈൻ പദ്ധതി റദ്ദാക്കൽ എന്നിവയാണ് മറ്റ് ഉത്തരവുകൾ. 

വംശീയാടിസ്ഥാനത്തിൽ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോൺഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെൻസസിൽ പൗരത്വമില്ലാത്തവരെയും ഉൾപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി. 

രേഖകളില്ലാതെ കുടിയേറിയവർക്കുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. 

Content Highlights: Joe Bidens new policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com