‘ജീവിക്കേണ്ട എന്നു തോന്നി’ ; രാജകുടുംബ ജീവിതം ആത്മഹത്യയുടെ വക്കിലെത്തിച്ചെന്ന് മേഗൻ
Mail This Article
ലൊസാഞ്ചലസ് / ലണ്ടൻ ∙ ഹാരിയുമായുള്ള വിവാഹശേഷം ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം കഠിനമായിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുവെന്നും മേഗൻ മാർക്കിൾ (39). ഓപ്ര വിൻഫ്രിയുമായുള്ള ടിവി അഭിമുഖത്തിലാണു വെളിപ്പെടുത്തൽ.
യുഎസിലെ സിബിഎസ് നെറ്റ്‌വർക് ഞായറാഴ്ച സംപ്രേഷണം ചെയ്ത 2 മണിക്കൂർ അഭിമുഖത്തിൽ ഹാരിയും മേഗന്റെ ഒപ്പമുണ്ടായിരുന്നു. ആർച്ചിയെ ഗർഭിണിയായിരുന്നപ്പോൾ, ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്തതാകുമോ എന്നു രാജകുടുംബത്തിലെ ചിലർ പരാമർശം നടത്തിയതായി ഇരുവരും വെളിപ്പെടുത്തി.
‘ജീവിക്കേണ്ടെന്ന് എനിക്കു തോന്നി. കുഞ്ഞ് എത്ര കറുത്തതാവുമെന്ന അടക്കിപ്പിടിച്ച സംസാരങ്ങൾ ഹാരിയാണ് എന്നോടു പറഞ്ഞത്. അദ്ദേഹത്തോട് അവർ നേരിട്ടു ചോദിച്ചതാണ്. എന്റെ കുഞ്ഞ് രാജകുമാരിയോ രാജകുമാരനോ ആകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.’– കണ്ണുനിറഞ്ഞു മേഗൻ പറഞ്ഞു. എന്നാൽ, രാജകുടുംബത്തിലെ ആരാണു വംശീയപരാമർശം നടത്തിയതെന്നു വെളിപ്പെടുത്താൻ ഇരുവരും വിസമ്മതിച്ചു. അമേരിക്കൻ നടിയായിരുന്ന മേഗന്റെ അമ്മ ആഫ്രിക്കൻ വംശജയാണ്.
ബ്രിട്ടിഷ് കിരീടാവകാശ സ്ഥാനത്ത് ആറാമതുള്ള ഹാരി, കഴിഞ്ഞ വർഷമാണു രാജകുടുംബ ചുമതലകൾ ഉപേക്ഷിച്ചത്. ഇതിനുശേഷം 3 വട്ടം മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുമായി സംസാരിച്ചു. പിതാവു ചാൾസ് രാജകുമാരനുമായി രണ്ടുവട്ടവും. പക്ഷേ, പിന്നീടു പിതാവ് ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും തനിക്കുള്ള സാമ്പത്തിക സ്രോതസ്സുകളെല്ലാം റദ്ദാക്കിയെന്നും ഹാരി പറഞ്ഞു.
2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞ ഹാരിയും മേഗനും കലിഫോർണിയയിലാണ് ഇപ്പോൾ താമസം. അമ്മ ഡയാന രാജകുമാരി തന്ന സമ്പാദ്യം കൊണ്ടാണു കലിഫോർണിയയിൽ താമസമാക്കാൻ കഴിഞ്ഞതെന്നും ഹാരി വെളിപ്പെടുത്തി. ഡ്യൂക്ക് ഓഫ് സസക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തിയാണ് ഇരുവരും ബ്രിട്ടിഷ് രാജകുടുംബ ചുമതലകൾ ഒഴിഞ്ഞത്.അഭിമുഖം യുകെയിൽ തിങ്കളാഴ്ച രാത്രി സംപ്രേഷണം ചെയ്തു.