മ്യാൻമറിൽ വീണ്ടും വെടിവയ്പ്; 12 മരണം കൂടി
Mail This Article
യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിട്ടുപോരാനും കഴിയുന്നില്ലെങ്കിൽ താമസസ്ഥലത്തു തന്നെ കഴിയാനും ബ്രിട്ടൻ അഭ്യർഥിച്ചു. മ്യാൻമറുമായുള്ള പ്രതിരോധ ഇടപാടുകളും വികസന ധനസഹായവും നിർത്തിവയ്ക്കുമെന്നു ദക്ഷിണ കൊറിയയും മുന്നറിയിപ്പു നൽകി. പ്രക്ഷോഭകർക്കു നേരെ ഇന്നലെ പൊലീസ് നടത്തിയ വെടിവയ്പിൽ 12 പേർ കൂടി കൊല്ലപ്പെട്ടതിനെ തുടർന്നാണിത്. പട്ടാള ഭരണാധികാരിയുടെ മക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ഇതിനിടെ യുഎസ് വിലക്ക് ഏർപ്പെടുത്തി.
പ്രക്ഷോഭകർക്കു നേരെ അതിക്രമം പാടില്ലെന്ന യുഎൻ അഭ്യർഥന വകവയ്ക്കാതെ പട്ടാളം ഇന്നലെയും പ്രകടനം നടത്തിയവർക്കു നേരെ വെടിവച്ചു. ഇതുവരെ 70 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ അസോസിയേറ്റഡ് പ്രസ് ലേഖകൻ തെയിൻ സോയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടി. 3 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചാർത്തിയിട്ടുള്ളത്.
നാഷനൽ ലീഗ് ഫോർ ഡമോക്രസി നേതാവ് ഓങ് സാൻ സൂ ചിയുടെ മേൽ കൂടുതൽ കുറ്റം ചുമത്തുകയെന്ന ലക്ഷ്യത്തോടെ, അവർ അധികാരത്തിലിരുന്നപ്പോൾ 6 ലക്ഷം ഡോളറും സ്വർണവും കോഴ വാങ്ങിയെന്ന് പട്ടാള ഭരണകൂടം ആരോപിച്ചു.