മ്യാൻമറിൽ പ്രക്ഷോഭകർക്കു നേരെ വീണ്ടും വെടി; 9 മരണം
Mail This Article
യാങ്കൂൺ ∙ മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. മധ്യ മ്യാൻമറിലെ ഓങ്ബൻ പട്ടണത്തിൽ റോഡിൽ വച്ചിരുന്ന തടസ്സങ്ങൾ നീക്കാൻ ചെന്ന സുരക്ഷാസേനയെ പ്രക്ഷോഭകർ തടഞ്ഞപ്പോഴായിരുന്നു വെടിവയ്പ്. 7 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
വടക്കു കിഴക്കൻ ലോയ്കോ പട്ടണത്തിൽ പ്രക്ഷോഭകർക്കു നേരെ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. യാങ്കൂണിലും വെടിവയ്പുണ്ടായെങ്കിലും ആരും മരിച്ചതായി റിപ്പോർട്ടില്ല. ഇതോടെ, കഴിഞ്ഞ മാസം ഒന്നിനു നടന്ന പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 233 ആയി.
ആസിയാൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്ന ധാരണ തെറ്റിച്ച് ഇതാദ്യമായി മ്യാൻമറിലെ പട്ടാള അട്ടിമറിയെ അയൽരാജ്യമായ ഇന്തൊനീഷ്യവിമർശിച്ചു.
പ്രക്ഷോഭകർക്കു നേരെയുള്ള കടുത്ത നടപടി അവസാനിപ്പിക്കണമെന്ന് ഇന്തൊനീഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ മ്യാൻമറിലെ പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മ്യാൻമറിലെ ദുരവസ്ഥയിൽ സിംഗപ്പൂർ ദുഃഖിതരാണെന്ന് അവിടുത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതേസമയം, രാജ്യത്തെ വിവരങ്ങൾ പുറത്തുപോകുന്നതു തടയുന്നതിന്റെ ഭാഗമായി പട്ടാള ഭരണകൂടം ജനാധിപത്യ നേതാവ് ഓങ് സാൻ സൂ ചിയുടെ വക്താവ് ക്യി ടോയെ അറസ്റ്റ് ചെയ്തു.
English Summary: Shooting against protesters in myanmar