കപ്പൽ കുടുങ്ങിയത് കാരണം കാറ്റ് മാത്രമല്ല; മാനുഷിക, സാങ്കേതിക പിഴവെന്ന് സംശയം
Mail This Article
കയ്റോ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കാനുള്ള ശ്രമം ഇതുവരെ ഫലം കണ്ടില്ല. കൂടുതൽ ടഗ്ഗുകൾ എത്തിയെങ്കിലും ദൗത്യത്തിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായില്ല. 14 ടഗ്ഗുകളാണ് ഇപ്പോൾ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 18 മീറ്റർ ആഴത്തിൽ 27,000 ഘനമീറ്റർ മണ്ണ് ഇതിനകം നീക്കം ചെയ്തു. അടിത്തട്ടിലെ പാറയാണു ദൗത്യം തടസ്സപ്പെടുത്തുന്നതെന്നാണു സൂചന.
വേലിയേറ്റ സമയം കപ്പൽ ചലിപ്പിക്കാൻ രണ്ടു ശ്രമങ്ങൾ നടന്നെങ്കിലും ഫലിച്ചില്ല. കപ്പലിന്റെ മുൻഭാഗത്തുള്ള കണ്ടെയ്നറുകൾ മാറ്റിയശേഷം ശ്രമം തുടരും. എന്നാൽ ചരക്ക് ഇറക്കാനും കയറ്റാനും കൂടുതൽ സമയവും പ്രത്യേക ക്രെയിനുകളും വേണ്ടിവരും. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു കപ്പൽ കുടുങ്ങിയത്.
ഇതിനിടെ, കപ്പൽ കുടുങ്ങിയതിനു പിന്നിൽ കാറ്റു മാത്രമല്ലെന്നും മാനുഷിക പിഴവുകളും സാങ്കേതികപ്രശ്നങ്ങളും ഉണ്ടാകാമെന്നും സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞു. 74 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയതിനെ തുടർന്ന് കപ്പൽ കനാലിനു കുറുകെ കുടുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്.
കാറ്റാണു കാരണമെങ്കിൽ അതേദിവസം 12 കപ്പലുകൾ തെക്കു നിന്നും 30 കപ്പലുകൾ വടക്കുനിന്നും ഇതേ കനാലിലൂടെ കുഴപ്പമില്ലാതെ കടന്നുപോയതെങ്ങനെയെന്ന് ഒസാമ റാബി ചോദിച്ചു.
369 ചരക്കുകപ്പലുകളാണു കനാൽ കടക്കാൻ കാത്തുകിടക്കുന്നത്. കുടുങ്ങിയ കപ്പലുകൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി പറഞ്ഞു.
പ്രതിദിനം 100 കോടിയിലേറെ രൂപവീതം അതോറിറ്റിക്കു നഷ്ടപ്പെടുന്നതായാണു കണക്കാക്കുന്നത്. ആഗോളതലത്തിൽ പ്രതിദിനനഷ്ടം 65,200 കോടി രൂപയെന്നാണ് കണക്ക്.
Content Highlights: Suez canal block