തയ്‌വാനിൽ ട്രെയിൻ അപകടം: 48 മരണം
Mail This Article
തായ്പേയ് ∙ കിഴക്കൻ തയ്‌വാനിലെ മലയോര മേഖലയിൽ പാളത്തിലേക്ക് ഉരുണ്ടിറങ്ങിയ ട്രക്കിൽ ട്രെയിനിടിച്ച് ഡ്രൈവർ ഉൾപ്പെടെ 48 പേർ മരിച്ചു. 60 പേർക്കു പരുക്കേറ്റു. ടൊറോക്കോ മലയിടുക്കിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. തയ്‌പേയിയിൽനിന്ന് തയ്തുങ് നഗരത്തിലേക്കു പോവുകയായിരുന്ന ട്രെയിനിൽ 400 ലേറെ യാത്രക്കാരുണ്ടായിരുന്നു.
തുരങ്കത്തിൽ നിന്നു പുറത്തുകടന്ന ട്രെയിൻ മലയോരത്തു റെയിൽവേ ജോലികൾക്കുപയോഗിക്കുന്ന ട്രക്കിൽ ഇടിച്ച് ഏതാനും ബോഗികൾ പാളം തെറ്റുകയായിരുന്നു. തുരങ്കത്തിനുള്ളിലുണ്ടായിരുന്ന ബോഗികളിലെ യാത്രക്കാർ ജനാലകളിലൂടെ പുറത്തുകടന്നു. 4 പതിറ്റാണ്ടിനിടെ തയ്‌വാനിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്.
തയ്‌വാനിലെ 2.4 കോടി ജനങ്ങളിൽ ഭൂരിഭാഗവും വടക്കു പടിഞ്ഞാറൻ തീരങ്ങളിലെ ദ്വീപുകളിലാണ് താമസിക്കുന്നത്. വൻകിട നഗരങ്ങളും ഹൈടെക്ക് വ്യവസായങ്ങളും ഈ മേഖലയിൽതന്നെ. ടൂറിസ്റ്റ് മേഖലയായ കിഴക്കൻ തയ്‌വാനിൽ മലയോരറോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കാൻ ഏറെപ്പേരും ട്രെയിനെയാണ് ആശ്രയിക്കുന്നത്.
2018 ഒക്ടോബറിൽ വടക്കുകിഴക്കൻ മേഖലയിൽ 18 പേർ കൊല്ലപ്പെട്ടതാണ് രാജ്യത്ത് ഏറ്റവും ഒടുവിലുണ്ടായ വലിയ ട്രെയിൻ അപകടം.