വഴക്ക് കഴിഞ്ഞു; ജോർദാൻ രാജാവും രാജകുമാരനും ഒരുമിച്ച് വേദിയിൽ
Mail This Article
അമ്മാൻ ∙ ജോർദാനിലെ അബ്ദുല്ല രാജാവും അകൽച്ചയിലായിരുന്ന ഹംസ ബിൻ ഹുസൈൻ രാജകുമാരനും ഒരുമിച്ചു പൊതുവേദിയിൽ എത്തി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചു യുദ്ധ സ്മാരകത്തിൽ രാജകുടുംബാംഗങ്ങൾ പുഷ്പചക്രം അർപ്പിക്കുന്ന വേളയിലാണ് ഇരുവരും ഒന്നിച്ചത്. കുടുംബാംഗങ്ങളെല്ലാം ചേർന്നുനിൽക്കുന്ന ഫോട്ടോയും പിന്നീടു പുറത്തുവിട്ടു.
1999ൽ അന്തരിച്ച ഹുസൈൻ രാജാവിന്റെ മക്കളാണ് ഇപ്പോഴത്തെ രാജാവ് അബ്ദുല്ലയും ഹംസ രാജകുമാരനും. ഹുസൈൻ രാജാവിനു രണ്ടാം ഭാര്യ മൂനയിലുണ്ടായ മകനാണ് അബ്ദുല്ല രാജാവെങ്കിൽ നാലാം ഭാര്യ നൂറിൽ ഉണ്ടായ മകനാണ് ഹംസ രാജകുമാരൻ. ഹുസൈൻ രാജാവിന്റെ അന്ത്യാഭിലാഷപ്രകാരം അബ്ദുല്ല രാജാവ് ഹംസയെ കിരീടാവകാശിയാക്കിയെങ്കിലും 2004ൽ ഈ സ്ഥാനത്തുനിന്നു നീക്കി. സ്വന്തം മകനായ ഹുസൈൻ രാജകുമാരനെ കിരീടാവകാശിയാക്കുകയും ചെയ്തു.
വിദേശശക്തികളും മറ്റുമായി ചേർന്നു രാജ്യത്തെ അസ്ഥിരപ്പെടുത്താൻ രാജകുമാരൻ ശ്രമിക്കുന്നുവെന്ന ആരോപണം കഴിഞ്ഞയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. തുടർന്നു രാജകുമാരൻ വീട്ടുതടങ്കലിലായെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.