ചൊവ്വയിൽ ഇന്ന് നാസയുടെ ‘റൈറ്റ് ബ്രദേഴ്സ് നിമിഷം’
Mail This Article
ന്യൂയോർക്ക്∙ ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചാൽ ചൊവ്വയിലെ ആദ്യവിമാനം ഇന്നു ചിറകുവരിക്കും.
‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണു ചൊവ്വയിൽ ഹെലികോപ്റ്റർ പറക്കുക. പറത്തൽ വിജയമാണോ എന്നറിയാൻ മൂന്നു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും നാസ വ്യക്തമാക്കി.
1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കയാണിപ്പോൾ. ചൊവ്വയിലെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്നറിയാൻ ഇൻജെന്യൂയിറ്റിയെ 3 മീറ്ററോളം ഉയരത്തിൽ 30 സെക്കൻഡ് പറത്താനാണു പദ്ധതി.