ചാഡ് പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു
Mail This Article
ന്യൂജമേന ∙ മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിലെ പ്രസിഡന്റ് ഇദ്രിസ് ഡെബി ഇറ്റ്നോ (68) വടക്കൻ അതിർത്തിയിൽ വിമതരെ നേരിടുന്ന പട്ടാളത്തെ സന്ദർശിക്കുന്നതിനിടെ കൊല്ലപ്പെട്ടു. 30 വർഷമായി പ്രസിഡന്റ് പദത്തിലുള്ള ഡെബി ഈ മാസം 11ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് 6 വർഷം കൂടി അധികാരത്തിൽ തുടരാനിരിക്കെയാണ് കൊല്ലപ്പെടുന്നത്.
പ്രതിപക്ഷകക്ഷികൾ ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഡെബി കോല്ലപ്പെട്ടത്. അപകടകരമായ പോരാട്ട മേഖലയിലേക്കു പ്രസിഡന്റ് പോയതിനു വിശദീകരണമില്ല. ഡെബിയുടെ മകൻ ജനറൽ മഹമ്മദ് കാകയെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തതായി സൈനിക വക്താവ് അറിയിച്ചു.
1990 ൽ അന്നത്തെ പ്രസിഡന്റ് ഹിസ്സനെ ഹേബിറിനെ അട്ടിമറിച്ചാണ് ഡെബി അധികാരത്തിലെത്തിയത്. ഭരണത്തിനിടെ ഒട്ടേറെ വധശ്രമങ്ങളെയും അട്ടിമറിശ്രമങ്ങളെയും അദ്ദേഹം അതിജീവിച്ചിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഡെബി മധ്യ ആഫ്രിക്കയിലെ കരുത്തരായ നേതാക്കളിൽ ഒരാളായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സമ്പത്ത് ദുർവ്യയം ചെയ്യുന്നതിലും എതിരാളികളെ നിഷ്കരുണം അടിച്ചമർത്തുന്നതിലും അദ്ദേഹത്തിനെതിരെ ജനരോഷം ശക്തമായിരുന്നു.