ചൊവ്വയിൽ ജീവവായു!; 5 ഗ്രാം ഓക്സിജൻ ഉൽപാദിപ്പിച്ച് പെഴ്സിവീയറൻസിന്റെ പരീക്ഷണം
Mail This Article
വാഷിങ്ടൻ ∙ നാസയുടെ പെഴ്സിവീയറൻസ് ദൗത്യം ചൊവ്വയിൽ വിജയകരമായി ഓക്സിജൻ ഉൽപാദിപ്പിച്ചു. ‘മാഴ്സ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ്’ (മോക്സി) എന്ന പരീക്ഷണത്തിലൂടെയാണ് ഇതാദ്യമായി ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉൽപാദിപ്പിച്ചത്. ആദ്യ പരീക്ഷണത്തിൽ തന്നെ 5.4 ഗ്രാം ഓക്സിജൻ ലഭിച്ചു. ഒരു ബഹിരാകാശയാത്രികന് 10 മിനിറ്റ് ശ്വസിക്കാൻ ഇതു മതിയാകും.
ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 % മാത്രമാണ് ഓക്സിജൻ സാന്നിധ്യമെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്. പെഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് താപോർജം ഉൽപാദിപ്പിച്ച ശേഷം അതുപയോഗിച്ച് കാർബൺ ഡയോക്സൈഡിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം.
ദിവസങ്ങൾക്കു മുൻപ് നടന്ന ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണത്തിനു പിന്നാലെ മോക്സിയും ഫലംകണ്ടതോടെ സമീപകാലത്തെ ഏറ്റവും വിജയകരമായ അന്യഗ്രഹ ദൗത്യങ്ങളിലൊന്നായി മാറുകയാണ് പെഴ്സിവീയറൻസ്.
English Summary: NASA Perseverance mission produced oxygen on Mars