ഓസ്കറിൽ ദേശാടനം; നൊമാഡ്‌ലാൻഡ് മികച്ച ചിത്രം, ക്ലോയ് ഷാവോ സംവിധായിക
Mail This Article
ലൊസാഞ്ചലസ് ∙ 93–ാം ഓസ്കർ പുരസ്കാരനിശയിൽ വനിതാ, വിദേശ പ്രതിഭകളുടെ വിജയത്തിളക്കം. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ എന്നീ പ്രധാനപുരസ്കാരങ്ങൾ ഉൾപ്പെടെ 17 ഓസ്കറുകളും നേടിയത് വനിതകൾ.
വാഹനം വീടാക്കി ജീവിക്കുന്നവരുടെ കഥ പറയുന്ന നൊമാഡ്‌ലാൻഡ് ആണ് മികച്ച ചിത്രം. ഈ ചിത്രത്തിന്റെ സംവിധായിക ചൈനീസ് വംശജയായ ക്ലോയ് ഷാവോ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ ഏഷ്യക്കാരിയായി. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടിയായ ഫ്രാൻസെസ് മക്ഡോർമൻഡ് ഈ വിഭാഗത്തിൽ മൂന്നാം ഓസ്കർ നേടി.
അന്തരിച്ച നടൻ ചാഡ്‌വിക് ബോസ്മാനു ലഭിക്കുമെന്നു പ്രതീക്ഷിച്ച മികച്ച നടനുള്ള ഓസ്കർ ‘ദ് ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിഖ്യാതനടൻ ആന്റണി ഹോപ്കിൻസ് (83) നേടി. 73 വയസ്സുകാരിയായ ദക്ഷിണ കൊറിയൻ നടി യോ ജോങ് യൂൻ (മിനാരി) മികച്ച സഹനടിയും ഡാനിയൽ കലൂയ (ജൂദാസ് ആൻഡ് ദ് ബ്ലാക്ക് മെസ്സീയ) മികച്ച സഹനടനുമായി. വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടിയ ആൻ റോത് (89) ഓസ്കർ ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന പുരസ്കാരജേതാവായി.
മറ്റു പ്രധാന പുരസ്കാരങ്ങൾ: മികച്ച വിദേശചിത്രം– അനദർ റൗണ്ട് (ഡെന്മാർക്), മികച്ച തിരക്കഥ– എമറാൾഡ് ഫെനൽ (പ്രോമിസിങ് യങ് വുമൻ), മികച്ച അനിമേറ്റഡ് ചിത്രം– സോൾ.