ദക്ഷിണാഫ്രിക്ക മുൻ പ്രസിഡന്റ് ജേക്കബ് സുമ ജയിലിലേക്ക്
Mail This Article
ജൊഹാനസ്‌ബർഗ് ∙ ദക്ഷിണാഫ്രിക്ക മുൻ പ്രസിഡന്റ് ജേക്കബ് സുമ (79) പൊലീസിനു മുൻപാകെ ഹാജരായി. 15 മാസത്തെ തടവുശിക്ഷ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുന്നതിനു മുന്നോടിയായി കറക്‌ഷണൽ സെന്ററിൽ പ്രവേശിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം ഇവിടെ പാർപ്പിക്കും.
ബുധനാഴ്ചയ്ക്കകം കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭരണഘടനാ കോടതി നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് സുമ ഹാജരായത്. 3 മാസത്തിനുശേഷം അദ്ദേഹത്തിനു പരോളിൽ പുറത്തുവരാൻ കഴിഞ്ഞേക്കും.
നേരത്തെ സുമയെ അറസ്റ്റ് ചെയ്യാൻ വീടിനു മുന്നിൽ എത്തിയപ്പോഴൊക്കെ സായുധരായ അനുയായികളുമായി ഏറ്റുമുട്ടി പൊലീസിന് പിന്മാറേണ്ടിവന്നു. തന്നെ കൊന്നശേഷമേ പിതാവിനെ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്നാണ് മകൻ എഡ്വേർഡ് പറഞ്ഞിരുന്നത്. എന്നാൽ എഡ്വേർഡിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹത്തിലാണ് സുമയെ ഹാജരാക്കിയത്.അധികാരത്തിലിരുന്ന കാലത്ത് ഖജനാവു കൊള്ളയടിക്കുന്നതിന് സഹായിച്ചുവെന്ന കുറ്റമാണ് ചാർത്തിയിട്ടുള്ളത്.
English Summary: South Africa's former President Jacob Zuma in Jail