ADVERTISEMENT

കാബൂൾ ∙ ഭയചകിതരായ ആയിരങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നു പലായനം ചെയ്യുന്നതിനിടെ, താലിബാൻ പ്രതികാര നടപടികൾ തുടങ്ങി. യുഎസ്–നാറ്റോ സഖ്യത്തിനായി ജോലി ചെയ്തിരുന്നവരെയും മാധ്യമപ്രവർത്തകരെയും പിടികൂടാൻ വീടുകൾ കയറി പരിശോധന ആരംഭിച്ചു. ഹിറാത്ത് നഗരത്തിനു സമീപം ബദ്‌ഗിസ് പ്രവിശ്യയിലെ പൊലീസ് മേധാവി ഹാജി മുല്ല അചക്സായിയെ താലിബാൻ വധിച്ചതിന്റെ വിഡിയോയും പുറത്തുവന്നു.

ജർമൻ ചാനൽ ഡിഡബ്ല്യുവിന്റെ അഫ്ഗാൻ റിപ്പോർട്ടറുടെ ബന്ധുവിനെ വെടിവച്ചു കൊന്നു. മറ്റൊരു ബന്ധുവിനു ഗുരുതരമായി പരുക്കേറ്റു. ഒട്ടേറെ മാധ്യമപ്രവർത്തകർക്കു മർദനമേറ്റതായും വിവരമുണ്ട്.

ഗസ്നി പ്രവിശ്യയിൽ ഷിയാ ന്യൂനപക്ഷമായ 9 ഹസാര വംശജരെ ജൂലൈ 4നും 6 നുമിടയ്ക്കു താലിബാൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അറിയിച്ചു. പല മേഖലകളിലും മൊബൈൽ ഫോൺ സേവനങ്ങൾ റദ്ദാക്കിയതിനാൽ താലിബാൻ നടത്തിയ ക്രൂരതകൾ പുറത്തുവന്നിട്ടില്ലെന്നും പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള ആ‍ർടിഎ ചാനലിലെ ജോലിയിൽനിന്നു തന്നെ വിലക്കിയതായി വാർത്താ അവതാരക ശബ്നം ദൗറാൻ അറിയിച്ചു. ഇന്നലെയും കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ കാബൂൾ വിമാനത്താവളത്തിനു പുറത്തു കാത്തുനിന്നു. യാത്രാരേഖകൾ ഇല്ലാത്തവർ വരേണ്ടതില്ലെന്ന താലിബാൻ ശാസനം അവഗണിച്ചാണു  ജനപ്രവാഹം. ഈ മാസം 14 നുശേഷം ആകെ 18,000 പേരെ ഒഴിപ്പിച്ചതായി നാറ്റോ അറിയിച്ചു.

താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യം വിടാനുള്ള തത്രപ്പാടില്‍ കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലെത്തിയ കുടുംബം തങ്ങളുടെ കൈക്കുഞ്ഞിനെ മതിലിനു മുകളിൽ നിൽക്കുന്ന യുഎസ് പട്ടാളക്കാരെ ഏൽപിക്കുന്നു. വിമാനത്താവളത്തിന്റെ കവാടങ്ങൾ അടച്ചതോടെ ഒട്ടേറെ അമ്മമാരാണ് പരിഭ്രാന്തരായി കുട്ടികളെ യുഎസ്–ബ്രിട്ടീഷ് സൈനികർക്കു നേരെ എറിഞ്ഞുകൊടുത്തത്. കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണമെന്നു കരഞ്ഞ് അപേക്ഷിച്ചായിരുന്നു ഇത്. കാബൂൾ വിമാനത്താവളം ഇപ്പോഴും യുഎസ് നിയന്ത്രണത്തിലാണ്.

English Summary: Taliban Kill DW Journalist's Relative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com