അമിത വ്യക്തിബോധം സ്വാതന്ത്ര്യത്തെ അർഥശൂന്യമാക്കുന്നു: മാർപാപ്പ
Mail This Article
ബ്രട്ടിസ്‌ലാവ ∙ അവനവന്റെ അവകാശങ്ങളാണ് ഏറ്റവും വലുതെന്ന ഏകചിന്തയാണിന്നു പ്രബലമായിരിക്കുന്നതെന്നും ഇതു സ്വാതന്ത്ര്യത്തിന്റെ അർഥം തന്നെ കെടുത്തുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന ചെക്കോസ്ലൊവാക്യയിൽ നിന്നു 2 ദശാബ്ദം മുൻപ് സ്വാതന്ത്ര്യം നേടിയ സ്ലൊവാക്യയിൽ പര്യടനത്തിനെത്തിയ അദ്ദേഹം അവിടെ ലഭിച്ച സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്ന പ്രത്യയശാസ്ത്രമായിരുന്നു മുൻപ് ഇവിടെ നിലനിന്നിരുന്നത്. ഇപ്പോൾ അതുപോലെ മറ്റൊരു ഏകചിന്താഗതി ഉടലെടുത്തിരിക്കുന്നു. പൊതുവായ പുരോഗതിക്കു പകരം ലാഭവും വ്യക്തികളുടെ അവകാശവും മാത്രമാണ് പ്രധാനമെന്ന പുതിയ പ്രത്യയശാസ്ത്രമാണ് ഇന്ന് സ്വാതന്ത്ര്യത്തിന്റെ അർഥം നശിപ്പിക്കുന്നത്. നാം ദുർബലരും മറ്റുള്ളവരെ ആവശ്യമുള്ളവരുമാണെന്ന തിരിച്ചറിവിൽ നിന്നാണ് വീണ്ടും തുടങ്ങേണ്ടതെന്നും പാപ്പ പറഞ്ഞു.
സ്ലൊവാക്യ പ്രസിഡന്റ് സുസന്ന ചപുത്തോവ അദ്ദേഹത്തെ എതിരേറ്റു. ജൂത സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ‘ഇവിടെ കൂട്ടക്കൊലയ്ക്കിരയായ ജൂത ജനതയെ ആദരിക്കണം. ജൂതർക്കെതിരെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ലോകത്തിനുതന്നെ നാണക്കേടായി. ജൂതസമൂഹത്തിന്റെ ഒരു അടയാളവും ബാക്കിവയ്ക്കരുതെന്ന ചിന്തയാണ് ആ ക്രൂരകൃത്യങ്ങൾക്കു കാരണം. രണ്ടാം ലോകയുദ്ധകാലത്തെ വംശീയ കുറ്റങ്ങൾക്കും വംശീയ നിയമങ്ങൾക്കും പങ്കാളികളായതിനു പ്രായശ്ചിത്തം ചെയ്യണം.’– ജൂത കൂട്ടക്കൊലയുടെ സ്മാരകത്തിലെത്തിയ പാപ്പ ചൂണ്ടിക്കാട്ടി.
നാളെ അദ്ദേഹം റോമിലേക്കു മടങ്ങും. 2003 നുശേഷം ആദ്യമായാണ് മാർപാപ്പ സ്ലൊവാക്യയിലെത്തുന്നത്. കിഴക്കൻ യൂറോപ്പിൽ കുടിയേറ്റവിരുദ്ധ ചിന്താഗതിയും ദേശീയതാവാദവും കൂടുതൽ പ്രബലപ്പെട്ടുവരുന്നതിനിടെയാണ് അതിനെതിരായി അദ്ദേഹത്തിന്റെ സന്ദേശങ്ങൾ. ക്രൈസ്തവ പാരമ്പര്യം മറ്റുള്ളവരോടു കാരുണ്യം കാട്ടുന്നതിനെ തടയുന്നില്ലെന്നു ഹംഗറിയിൽ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലും അദ്ദേഹം പറഞ്ഞു. കുടിയേറ്റപ്രശ്നത്തെ ഏകപക്ഷീയമായും വിഭാഗീയമായും കാണുന്നതിനെ മാർപാപ്പ മുൻപും കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: Pope Francis