ADVERTISEMENT

ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ദേശീയ ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെയാണ് ഇവർ പാക്കിസ്ഥാനിലെത്തിയതെന്ന് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ആകെ എത്രപേരുണ്ടെന്നു വ്യക്തമല്ല. താലിബാൻ അധികാരമേറ്റതിനു പിന്നാലെ വനിതാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും അഭിയാർഥികൾക്കുള്ള അടിയന്തര വീസ പാക്കിസ്ഥാൻ അനുവദിക്കുകയായിരുന്നുവെന്നാണ് പാക്ക് പത്രമായ ദ് ഡോൺ റിപ്പോർട്ട് ചെയ്തത്.  കായികരംഗത്തു സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്നാണു താലിബാൻ നിലപാട്. 

കാബൂളിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ കഴിഞ്ഞയാഴ്ച താലിബാനിലെ 2 വിഭാഗങ്ങളുടെ നേതാക്കൾ തമ്മിൽ വാഗ്വാദമുണ്ടായെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. തർക്കത്തിനിടെ, മുല്ല ബറാദർ കൊല്ലപ്പെട്ടെന്ന അഭ്യൂഹം പരന്നിരുന്നു. നയതന്ത്രത്തിലൂടെയാണു താലിബാന്റെ വിജയം സാധ്യമായതെന്നു ബറാദർ പക്ഷം വാദിക്കുമ്പോൾ, യുദ്ധം ചെയ്താണ് യുഎസിനെ തുരത്തിയതെന്നാണു ഹഖാനി വിഭാഗം വാദിക്കുന്നത്. മുല്ല ബറാദർ താമസിയാതെ മാധ്യമങ്ങൾക്കു മുൻപാകെ എത്തുമെന്നാണു താലിബാൻ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

യുഎസ് സേനാ പിന്മാറ്റം സംബന്ധിച്ച് യുഎസ്– താലിബാൻ കരാറിൽ ഒപ്പുവച്ചത് മുല്ല ബറാദറാണ്. അതിനിടെ അഫ്ഗാനിലേക്ക് ഇറാൻ വിമാന സർവീസ് പുനരാരംഭിച്ചു.

ഇന്ത്യയിൽ 15,559 അഫ്ഗാൻ അഭയാർഥികൾ

ന്യൂഡൽഹി ∙ ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 11നും ഇടയിൽ 736 അഫ്ഗാൻ അഭയാർഥികൾ ഇന്ത്യയിലെ ഐക്യരാഷ്ട്ര സംഘടന അഭയാർഥി വിഭാഗമായ യുഎൻഎച്ച്സിആറിൽ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. യുഎന്നിൽ അഭയാർഥി പദവി തേടുന്ന ഇന്ത്യയിലെ  43,157 അഭയാർഥികളിൽ 15,559 പേരും അഫ്ഗാൻ പൗരന്മാരാണ്. അഫ്ഗാൻ അഭയാർഥികൾ വർധിച്ചേക്കുമെന്നതിനാൽ സഹായപദ്ധതികൾ വർധിപ്പിക്കുമെന്നും യുഎൻഎച്ച്സിആർ വ്യക്തമാക്കി.

English Summary: Afghanistan women football team members reaches pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com