അദ്ഭുതം സ്ഥിരീകരിച്ചു; ജോൺ പോൾ ഒന്നാമൻ വാഴ്ത്തപ്പെട്ടവരിലേക്ക്
Mail This Article
വത്തിക്കാൻ സിറ്റി ∙ പുഞ്ചിരിക്കുന്ന പാപ്പ എന്നറിയപ്പെട്ടിരുന്ന ജോൺ പോൾ ഒന്നാമൻ മാർപാപ്പ വിശുദ്ധ പദവിയോടടുക്കുന്നു. തലച്ചോറിൽ ഗുരുതരരോഗം ബാധിച്ച അർജന്റീനക്കാരി പെൺകുട്ടിയുടെ അദ്ഭുത രോഗശാന്തി ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്നതാണെന്ന് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടെ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഒരു അദ്ഭുതം കൂടി അംഗീകരിക്കപ്പെട്ടാൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും.
വടക്കൻ ഇറ്റലിയിലെ കനാലെ ദെഗാർദോയിൽ ജനിച്ച കർദിനാൾ ആൽബിനോ ലൂചിയാനി 1978 ഓഗസ്റ്റ് 26നാണ് മാർപാപ്പയായി സ്ഥാനമേറ്റത്.
33 ദിവസത്തിനുശേഷം സെപ്റ്റംബർ 28ന് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കാലം ചെയ്ത അദ്ദേഹം ഏറ്റവും കുറഞ്ഞ കാലം മാർപാപ്പയായിരുന്ന വ്യക്തിയാണ്. 2017ൽ ഫ്രാൻസിസ് മാർപാപ്പ ജോൺ പോൾ ഒന്നാമനെ ദൈവദാസനായി പ്രഖ്യാപിച്ച് നാമകരണ നടപടികൾക്ക് അനുമതി നൽകിയിരുന്നു.
English Summary: Pope John Paul I – a miracle clears him for beatification