ബഹ്റൈനിലെ കത്തോലിക്കാ ദേവാലയം വിശ്വാസികൾക്ക് സമർപ്പിച്ച് രാജകുമാരൻ
Mail This Article
മനാമ ∙ ബഹ്റൈനിലെ കത്തോലിക്കാ ദേവാലയം ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ മകൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ വിശ്വാസികൾക്കായി സമർപ്പിച്ചു. യെമൻ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവ ഉൾപ്പെട്ട അറേബ്യൻ മേഖലയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയാണ് ഉദ്ഘാടനം ചെയ്ത ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ.
മാർപാപ്പയുടെ പ്രതിനിധി സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെ, വത്തിക്കാൻ എംബസി നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ എം.ന്യൂജെന്റ്, ബിഷപ് പോൾ ഹിൻഡർ, ആർച്ച് ബിഷപ് നിഫോൺ സൈകാലി, ക്രൊയേഷ്യൻ മുൻ പ്രസിഡന്റ് കൊളിൻഡ ഗ്രാബർ, ഫാ.സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ.സേവ്യർ ഡിസൂസ, ഗൾഫ് മേഖലാ കപ്പൂച്ചിൻ കസ്റ്റോഡിയൻ ഫാ.പീറ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അവാലിയിൽ ബഹ്റൈൻ രാജാവ് അനുവദിച്ച 9000 ചതുരശ്ര മീറ്റർ സ്ഥലത്താണു 110 കോടിയോളം രൂപ ചെലവിട്ടു ദേവാലയം പണിതത്. വത്തിക്കാനിലെ വിളക്ക് തൂണിനെ അനുസ്മരിപ്പിക്കുന്ന നിർമിതിയിൽ സ്ഫടികഗോളം സ്ഥാപിച്ചായിരുന്നു ഉദ്ഘാടനം.
English Summary: Bahrain Catholic church opens