ബജറ്റിനെ സ്വാഗതം ചെയ്ത് ഗൾഫ് വ്യവസായികൾ
Mail This Article
ദുബായ്∙ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തും.
ആരോഗ്യ പരിചരണ ദാതാക്കൾക്കും, സ്ഥാപനങ്ങൾക്കും ഡിജിറ്റൽ റജിസ്ട്രികൾ, പ്രത്യേക ആരോഗ്യ തിരിച്ചറിയൽ സംവിധാനം തുടങ്ങി ആരോഗ്യമേഖലയെ സമഗ്രമായി ഡിജിറ്റൽവൽക്കരിക്കാനുള്ള നിർദേശങ്ങൾ മികച്ചതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.
ഡിജിറ്റൽ കറൻസിയും 5 ജി പദ്ധതിയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. സമ്പദ് രംഗത്തെ ഡിജിറ്റൽവൽക്കരിക്കുന്ന നടപടികൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാണെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി രവിപിള്ള വിലയിരുത്തി. ഡിജിറ്റൽ രൂപ സാമ്പത്തിക മേഖലയിലെ ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണത്തെ ശക്തിപ്പെടുത്തുമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി: അദീബ് അഹമ്മദ് പറഞ്ഞു.
English Summary:NRI businessmen on union budget 2022