4 ദിവസം ജയിലിൽ കിടക്കണം; നോൺവെജ് ഭക്ഷണം, ഇന്റർനെറ്റ്: തള്ളിക്കയറി ‘പുള്ളികൾ’
Mail This Article
സൂറിക് ∙ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ജയിലിന്റെ തെറ്റുകുറ്റങ്ങൾ ഉദ്ഘാടനത്തിന് മുൻപു കണ്ടെത്തുന്നതിന്റെ ഭാഗമായി, സ്വിറ്റ്സർലൻഡ് ‘സന്നദ്ധ’ ജയിൽപുള്ളികളെ തേടുന്നു. 4 ദിവസത്തെ ട്രയൽ വാസത്തിന് 241 തടവുകാരെയാണ് വേണ്ടതെങ്കിലും 700 പേർ അപേക്ഷിച്ചിട്ടുണ്ട്. ഫെബ്രുവരി 13 വരെയുള്ള അപേക്ഷകൾ പരിഗണിക്കും. മാർച്ച് 24 മുതൽ 27 വരെയാണ് ടെസ്റ്റ് ജയിൽവാസം.
4 ദിവസം ജയിലിൽ കിടക്കാൻ തയാറുള്ള 18 വയസ്സിനു മുകളിലുള്ളവർക്കു പ്രതിഫലം ഇല്ലെങ്കിലും നോൺ വെജ് അടക്കമുള്ള ഭക്ഷണം കിട്ടും. മൊബൈൽ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭിക്കും. പുറത്തിറങ്ങുന്നതിന് മുൻപ് തടവിലെ ന്യൂനതകൾ അധികൃതരെ അറിയിക്കണം. ട്രയൽ നേരത്തെ അവസാനിപ്പിക്കണം എന്നു തോന്നിയാലും പ്രശ്‌നമില്ല. പുറത്തു പോകുന്നവർക്കു പകരം വെയ്റ്റ് ലിസ്റ്റിലുള്ളവർ കയറും. സൂറിക്ക് വെസ്റ്റിലെ ഗുഡ്‌സ് ട്രെയിൻ സ്റ്റേഷൻ കെട്ടിടമാണ് ജയിലായി രൂപാന്തരപ്പെടുന്നത്. ഏപ്രിലിൽ പ്രവർത്തനം തുടങ്ങുന്ന ജയിലിൽ 150 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
English Summary: Switzerland prison flooded with volunteers for three nights in jail