മധ്യസ്ഥത തുടർന്ന് ഇസ്രയേൽ
Mail This Article
ടെൽ അവീവ് ∙ റഷ്യ– യുക്രെയ്ൻ സംഘർഷപരിഹാരത്തിനുള്ള നയതന്ത്രശ്രമങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.
റഷ്യൻ ഭാഷ അറിയാവുന്ന കാബിനറ്റ് മന്ത്രി സീവ് എൽകിനെയും കൂട്ടിയാണു ശനിയാഴ്ച ബെന്നറ്റ് മോസ്കോ യാത്ര നടത്തിയത്. റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി 3 മണിക്കൂർ ചർച്ച നടത്തിയശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി 3 തവണ ഫോണിൽ സംസാരിച്ചു. നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായും ഫോണിൽ ചർച്ച നടത്തി. പുട്ടിനുമായി ചർച്ച കഴിഞ്ഞ് ജർമനിയിലെത്തി ചാൻസലർ ഒലാഫ് ഷോൾസുമായും കൂടിക്കാഴ്ച നടത്തിയശേഷമാണു ബെന്നറ്റ് ഇസ്രയേലിലേക്കു മടങ്ങിയത്.
പ്രശ്ന പരിഹാരത്തിനായി ശ്രമിക്കേണ്ടതു ധാർമികമായ ചുമതലയാണെന്നും യുക്രെയ്നിൽനിന്നു വരാനിടയുള്ള ജൂതഅഭയാർഥികളെ സ്വീകരിക്കാനായി ഇസ്രയേൽ തയാറെടുക്കുകയാണെന്നും ബെന്നറ്റ് പറഞ്ഞു.
സൈനിക ദൗത്യമല്ല, ഇത് യുദ്ധം തന്നെ: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി ∙ യുക്രെയ്നിലേത് യുദ്ധമല്ല, സൈനിക ദൗത്യമാണെന്ന റഷ്യയുടെ അവകാശവാദം ഫ്രാൻസിസ് മാർപാപ്പ തള്ളിക്കളഞ്ഞു. ‘ യുക്രെയ്നിൽ ചോരയും കണ്ണീരും ചേർന്നു പുഴയായി ഒഴുകുന്നു. മരണവും നാശവും ദുരിതവും വിതയ്ക്കുന്ന യുദ്ധമാണിത്. ഇതിനെ സൈനിക ദൗത്യമായി കാണാനാവില്ല,’ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച സന്ദേശത്തിനിടെ മാർപാപ്പ പറഞ്ഞു.
English Summary: Ukraine-Russia war; Israel continue intermediate