ADVERTISEMENT

കീവ് ∙ തുറമുഖ നഗരമായ മരിയുപോളിൽ യുക്രെയ്ൻ സൈനികരും ജനങ്ങളും ഒളിച്ചിരിക്കുന്ന ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യൻ സേന വ്യോമാക്രമണം തുടരുന്നു. രണ്ടായിരത്തോളം റഷ്യൻ സേനാംഗങ്ങൾ ഇതിനായി വ്യോമസേനയുടെ പിന്തുണയോടെ കനത്ത ആക്രമണമാണു നടത്തുന്നത്. 

കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനാണു റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്സി അറസ്തോവിച്ച് ആരോപിച്ചു. ഇതിനിടെ, ഉന്നത അമേരിക്കൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി കീവിൽ എത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോ‍ഡിമിർ സെലെൻസ്കി അറിയിച്ചു. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ആണ് പ്രതിനിധികൾ എന്ന് സെലെൻസ്കി സൂചിപ്പിച്ചതെങ്കിലും അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ചർച്ചയിൽ കൃത്യമായ ഉറപ്പുകളും ചെറുത്തുനിൽപ്പിന് ആയുധങ്ങളും ആണ് പ്രതീക്ഷിക്കുന്നതെന്നും സെലെൻസ്കി പറഞ്ഞു. റഷ്യയെ പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങൾ നൽകാമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെലെൻസ്കിയെ അറിയിച്ചു. മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് തുർക്കി പ്രസിഡന്റ് തയീപ് എർദോഗനും പറഞ്ഞു.

ആദ്യഘട്ടത്തിൽ റഷ്യ കീഴടക്കിയ തെക്കൻ നഗരമായ ഖേർസനിലെ റഷ്യൻ താവളം നശിപ്പിച്ചതായി യുക്രെയ്ൻ പറഞ്ഞു. റഷ്യയുടെ 2 ജനറൽമാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്നിന്റെ അവകാശവാദം ശരിയാണെങ്കിൽ ഇതേവരെ 9 റഷ്യൻ ജനറൽമാർ കൊല്ലപ്പെട്ടതായാണു സൂചന.

ഡിനിപ്രോയിലെ യുക്രെയ്ന്റെ ആയുധസംഭരണശാല മിസൈൽ ഉപയോഗിച്ച് തകർത്തതായി റഷ്യ അറിയിച്ചു. ഇതേവരെ 9 ആയുധസംഭരണ ശാലകൾ തകർത്തു. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലെ ആക്രമണം ശക്തമാക്കുകയാണു റഷ്യയുടെ ലക്ഷ്യമെന്നും മറ്റു മേഖലകളിൽ യുക്രെയ്ൻ സേനയുടെ പ്രതിരോധം ശക്തമായി തുടരുന്നതായും ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

 

English Summary: US officials to visit Kyiv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com