ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നലെ വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങി. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തിൽ 7.8 കോടി ഡോളർ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. 1999ൽ പാക്കിസ്ഥാൻ മുടക്കിയതിനു ശേഷം ഒരു ഏഷ്യൻ രാജ്യം വിദേശകടത്തിന്റെ അടവ് മുടക്കുന്നത് ഇതാദ്യമാണ്.

കടങ്ങൾ പുനഃക്രമീകരിക്കാതെ തിരിച്ചടയ്ക്കാനാവില്ലെന്ന യാഥാർഥ്യം മുന്നിൽനിൽക്കെ തിരിച്ചടവ് മുടങ്ങിയതു സാങ്കേതികം മാത്രമാണെന്നു ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പ്രതികരിച്ചു. അടുത്ത 6 മാസത്തേക്ക് ഒരു കടവും തിരിച്ചടയ്ക്കാനാവില്ലെന്നു വ്യക്തമാക്കിയ സെൻട്രൽ ബാങ്ക് പണപ്പെരുപ്പനിരക്ക് 40% വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പു നൽകി. ജനങ്ങൾക്കു കയ്യിൽ വയ്ക്കാവുന്ന വിദേശനാണ്യത്തിന്റെ അളവ് 15,000 ഡോളറിൽ നിന്ന് 10,000 ഡോളർ ആയി കുറയ്ക്കുകയും ചെയ്തു. 

അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയസ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാമ്പത്തികനിലയും ഭേദമാകുമെന്നു വിലയിരുത്തിയ യുഎസ് ബാങ്ക് ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചന നൽകിയത് നിക്ഷേപകർക്ക് ഉണർ‌വേകിയിട്ടുണ്ട്. ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഇന്ന് അവശ്യമേഖലകളിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ള സർക്കാർ ജീവനക്കാർക്ക് അവധി നൽകി. 

ഗോട്ടബയയെ നിയന്ത്രിക്കാൻ‌‌ ഭരണഘടനാ ഭേദഗതി‌

എക്സിക്യൂട്ടീവ് അധികാരങ്ങൾ കൈവശം വയ്ക്കുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ നിയന്ത്രിക്കാൻ 21–ാം ഭരണഘടനാ ഭേദഗതികൊണ്ടുവരാൻ റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ നീക്കം തുടങ്ങി.‌ ഭേദഗതി അടുത്തയാഴ്ച മന്ത്രിസഭാ യോഗത്തിൽ വയ്ക്കും. 

2010 ൽ മഹിന്ദ രാജപക്സെ പ്രസിഡന്റായിരിക്കേ പാർലമെന്റിന്റെ പല അധികാരങ്ങളും വെട്ടിക്കുറച്ച് പ്രസിഡന്റിന് സർവാധികാരം നൽകാൻ കൊണ്ടുവന്നതാണ് 18–ാം ഭേദഗതി. 2015 ൽ സിരിസേന പ്രസിഡന്റായപ്പോൾ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് പാർലമെന്റിന് വീണ്ടും പരമാധികാരം നൽകിയതാണ് 19–ാം ഭേദഗതി. 2020 ൽ രാജപക്സെ കുടുംബം വീണ്ടും അമരത്തെത്തിയപ്പോൾ പ്രസിഡന്റിന് സർവാധികാരം നൽകാൻ 20–ാം ഭേദഗതി കൊണ്ടുവന്നു. ഇപ്പോൾ 21–ാം ഭേദഗതിയിലൂടെ വീണ്ടും അധികാരം പാർലമെന്റിലേക്ക്. 

Content Highlight: Sri Lanka Economic Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com