ADVERTISEMENT

ജനീവ ∙ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന 2 കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2 രോഗികളും മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്. ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം. 

1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സീൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു രോഗികൾ. ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ് ഇവരിലേക്ക് പകർന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടായി. 

ലക്ഷണങ്ങൾ

കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങൾ. ആർടിപിസിആർ, എലീസ ടെസ്റ്റുകൾ രോഗ നിർണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളിൽ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്. 

എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാർബർഗും. മാർവ്, റാവ് എന്നീ 2 വകഭേദങ്ങളുണ്ട്. ഫലപ്രദമായ വാക്സീനുകൾ നിലവിൽ ഇല്ല. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ പകരാം. 

Content Highlight: Marburg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com