ADVERTISEMENT

ടോക്കിയോ ∙ തെരുവോര യോഗത്തിൽ പ്രസംഗിക്കുന്നതിടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്കു ജപ്പാൻ ജനതയുടെ അന്ത്യാഞ്ജലി. അബെ വെടിയേറ്റുവീണ നരാ നഗരത്തിലെ വഴിയോരത്തും അദ്ദേഹത്തിന്റെ വസതിയിലും ആയിരങ്ങൾ എത്തി ആദരം അർപ്പിച്ചു. നരായിൽ സുരക്ഷാവീഴ്ചയുണ്ടായെന്നും അതിനു പൊലീസ് ഉത്തരവാദിയാണെന്നും പൊലീസ് മേധാവി തൊമാക്കി ഒനിസുക വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അതേസമയം, പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തേ നിശ്ചയിച്ചതു പോലെ ഇന്നു നടക്കും. അബെക്കു വെടിയേറ്റതിനെത്തുടർന്നു വെള്ളിയാഴ്ച ടോക്കിയോയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നലെ പ്രചാരണരംഗത്തു തിരിച്ചെത്തി. പ്രധാനമന്ത്രി പങ്കെടുത്ത യോഗങ്ങളിൽ വൻ പൊലീസ് കാവലുണ്ടായിരുന്നു. മെറ്റൽ ഡിറ്റക്ടറും വച്ചിരുന്നു. മുൻപ് ഇതു പതിവുള്ളല്ല. മറ്റു നേതാക്കൾക്കും സുരക്ഷ വർധിപ്പിച്ചു. തിരഞ്ഞെടുപ്പിൽ അബെയുടെ പിൻഗാമിയായ കിഷിദയുടെ സഖ്യം വിജയിക്കുമെന്നാണു പ്രവചനം. 

‘ആദ്യം ലക്ഷ്യമിട്ടത് മതനേതാവിനെ’

ജപ്പാനിലെ ഒരു പ്രത്യേക മതസംഘടനയുടെ നേതാവിനെ ആക്രമിക്കാനാണു താൻ ആദ്യം പദ്ധതിയിട്ടതെന്ന് അബെയെ വെടിവച്ചുകൊലപ്പെടുത്തിയതിന് അറസ്റ്റിലായ തെറ്റ്സൂയ യമഗാമി (41) പൊലീസിനോടു പറഞ്ഞു. തന്റെ അമ്മയെ സാമ്പത്തികമായി തകർത്തത് ഈ മതസംഘടനയാണെന്നും അബെയ്ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന പേരിലാണ് അദ്ദേഹത്തോടു പക തോന്നിയതെന്നും ഇയാൾ പറഞ്ഞെന്നാണു റിപ്പോർട്ട്. ആക്രമണം രാഷ്ട്രീയ ആശയങ്ങളുടെ പേരിലല്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ, സംഘടനയുടെയോ മതനേതാവിന്റെയോ പേര് പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ വസതിയിൽ റെയ്ഡ് നടത്തിയ പൊലീസ് സ്ഫോടകവസ്തുക്കളും നാടൻ തോക്കുകളും പിടിച്ചെടുത്തു. 

English Summary: Tribute to former Japan prime minister Shinzo Abe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com